എന്റെ ഒരു വനിതാ സുഹൃത്ത്.ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഉന്നത പദവി വഹിക്കുന്നു. എന്റെ പുതിയ പുസ്തകമായ 'എലിസെന്നി'ന്റെ പ്രകാശനച്ചടങ്ങ് നവംബര്‍ 15 നാണെന്നും അതിന്റെ വിവരങ്ങളുമറിയിച്ചു. ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഉണ്ടാകുമെന്നും പങ്കെടുക്കുമല്ലോ എന്നും ഞാന്‍ ചോദിച്ചു. എന്റെ എഴുത്തിനെ വളരെ സൂക്ഷ്മമായി പിന്തുടരുന്ന സുഹൃത്താണിത്. വളരെ കൃത്യമായ വിശകലനം പലപ്പോഴും ഈ സുഹൃത്തില്‍ നിന്നു ലഭിക്കുകയും ചെയ്യും. ഓണ്‍ലൈന്‍ സ്ട്രീമിംഗ് കാണില്ലേ എന്നു ചോദിച്ചപ്പോള്‍ മറുതലയ്ക്കല്‍ പതിവിനു വിപരീതമായി ഒരു ഉന്മേഷമില്ലായ്മ. എന്തു പറ്റി അന്നെന്തെങ്കിലും അസൗകര്യമുണ്ടോ എന്ന് ഞാന്‍ തിരക്കി. ഏയ്, അങ്ങനെയൊന്നുമില്ല. കൊറാണക്കാലമല്ലേ എന്ന ഒരു പ്രസ്താവനയിലൂടെ വീട്ടിലുണ്ടാകും എന്നും വ്യക്തമായി. ഞാന്‍ അല്‍പ്പം തിരക്കിലായതിനാല്‍, ഒരു ഭീഷണി സ്വരത്തില്‍ പ്രകാശനച്ചടങ്ങ് കാണണമെന്ന് ആജ്ഞാപിച്ചു. എന്റെ ഭീഷണിക്കും ആജ്ഞയ്ക്കും ഉചിതമായ രീതിയില്‍ പ്രതികരണവുമുണ്ടായി. കൗമാരക്കാരികളെ വെല്ലുന്ന പ്രതികരണമായതിനാല്‍ അതു കുറിക്കുന്നില്ല.
പ്രകാശനച്ചടങ്ങ് കഴിഞ്ഞ് രാത്രി പത്തു മണി . സുഹൃത്തിന്റെ വിളി. ഒരു പ്രത്യേക ആവേശത്തില്‍. ആവേശത്തള്ളലില്‍ വാക്കുകള്‍ മുറിയുന്ന പോലെ തോന്നി. സംഗതി ഇതാണ്. പുസ്തകത്തിന്റെ ആദ്യ പ്രതി രണ്‍ജി പണിക്കര്‍ക്ക് കൊടുക്കുന്നത് ഫാ.ബോബി ജോസ് കട്ടികാട്. അതാണ് ഈ വനിതാ സുഹൃത്തിന്റെ ഉന്മേഷത്തെ കെടുത്തിയത്. അവര്‍ പറഞ്ഞു.' സത്യം പറഞ്ഞാല്‍ എനിക്ക് തീരെ മനസ്സില്ലായിരുന്നു പരിപാടി കാണാന്‍. പക്ഷേ താങ്കളുടേതാണല്ലോ എന്നോര്‍ത്തപ്പോള്‍ കണ്ടതാ. കുറേ നാളുകളായി ഈ ഫാദറിനെ സാമൂഹ്യമാധ്യമത്തില്‍ കാണാറുണ്ട്. പക്ഷേ ഞാന്‍ അദ്ദേഹത്തിന്റെ രൂപം കാണുമ്പോഴേ സ്‌കിപ്പു ചെയ്യും. കാരണം അദ്ദേഹത്തിന്റെ സ്വരം എനിക്ക് സഹിക്കാന്‍ പറ്റില്ലായിരുന്നു. അതിനൊരു കാരണമുണ്ട്. എന്റെ ബോസ്സിന്റെ ശബ്ദമാ ആ ബോബിയച്ചന്. അതു കാരണമാ ഞാനിതുവരെ ആ അച്ഛന്റെ ഒരു സംഭാഷണവും കേള്‍ക്കാതിരുന്നത്. ശ്ശൊ, പ്രകാശനച്ചടങ്ങ് കഴിഞ്ഞ് ഞാന്‍ അച്ചന്റെ രണ്ടു മൂന്നു പ്രഭാഷണങ്ങള്‍ നെറ്റില്‍ കേട്ടു. ഒരു വല്ലാത്ത അനുഭവമായിരുന്നു. '
' അതിരിക്കട്ടെ താങ്കള്‍ക്കിപ്പോ അച്ചന്റെ സ്വരം താങ്കളുടെ ബോസ്സിന്റെ സ്വരം പോലെയാണെന്ന് അനുഭവപ്പെടുന്നുണ്ടോ? '. എന്റെ ആ ചോദ്യത്തിന് മറുപടി പറയാന്‍ സുഹൃത്ത് നിന്നില്ല. മറിച്ച് അച്ചന്റെ പ്രഭാഷണത്തിന്റെ സുഖത്തെ കുറിച്ച് നിര്‍ത്താതെ പറയുകയായിരുന്നു. മാത്രവുമല്ല, ഇത്രയും നല്ലയൊരു വ്യക്തിയെ താനിങ്ങനെ വെറുപ്പോടെ തള്ളിക്കളഞ്ഞതിന്റെ കുറ്റബോധവും ആ സുഹൃത്തില്‍ അല തല്ലി. കുറേ നേരം കഴിഞ്ഞ് ഐ.എ.എസ്സുകാരനായ ബോസ്സിനെ കുറിച്ചും സുഹൃത്ത് പറഞ്ഞു. മൂപ്പരത്യാവശ്യം അഴിമതിക്കാരനാണ്. കാശും നന്നായി ഉണ്ടാക്കുന്നുണ്ടത്രെ. അതെല്ലാം സഹിക്കാം. തനിക്കു മാത്രമേ കാര്യങ്ങള്‍ അറിയൂ എന്ന അയാളുടെ ധാരണയാണ് സുഹൃത്തിന്റെ മുഖ്യ ആരോപണം. കഴിഞ്ഞ മുന്നു വര്‍ഷങ്ങളായത്രെ ഈ സുഹൃത്ത് മര്യാദയ്ക്ക് ഉറങ്ങിയിട്ട്. ചിലപ്പോള്‍ വീട്ടിലെത്തിയാല്‍ മറ്റുള്ളവരുടെയടുത്തും ഈ ബോസ്സ് നിമിത്തം മോശമായി പെരുമാറുന്നു. വളരെ സാധാരണയോ അതില്‍ താഴെയോ മാത്രം ബ്ലഡ് പ്രഷര്‍ ഉണ്ടായിരുന്ന താനിപ്പോള്‍ അമിത രക്തസമ്മര്‍ദ്ദാസുഖത്തിന്റെ വക്കിലേക്ക് എത്തിയിരിക്കുന്നു. ചുരുക്കത്തില്‍ തന്റെ ജീവിതം അയാള്‍ നിമിത്തം കുട്ടിച്ചോറായെന്നും ആ സുഹൃത്ത് പറഞ്ഞു.
' ബോബിയച്ചനെപ്പോലാണോ താങ്കളുടെ ബോസ്സിനെ കാണാന്‍'
' ഏയ്, മൂപ്പര് മമ്മൂട്ടിക്ക് പഠിച്ചുകൊണ്ടിരിക്കുന്ന കക്ഷിയാ'
' എന്നിട്ടാണോ ബോബിയച്ചനെപ്പോലെ സംസാരിക്കുന്നത് ?'
'അതയാള് വിചാരിച്ചാ നടക്കുമെന്നു തോന്നുന്നില്ല. അതു മാത്രവുമല്ല, ഇന്ന് ബോബിയച്ചന്റെ സംഭാഷണം കേട്ടപ്പോഴാ മനസ്സിലായത് രണ്ടും തമ്മിലെ വ്യത്യാസം. ബോബിയച്ചന്‍ പറയുന്നതില്‍ ഒരംശം പോലും ആത്മാര്‍ത്ഥതയില്ലായ്മയില്ല. അയാളുടെ സംഭാഷണത്തില്‍ തെല്ലും ഇല്ലാത്തതും അതാ'
'അതിരിക്കട്ടെ , മമ്മൂട്ടിയെ കാണുമ്പോള്‍ ദേഷ്യം വരാറുണ്ടോ'
' ദേ എനിക്കെന്റെ വായില് വല്ലാത്തതു വരുന്നുണ്ട്. മമ്മൂട്ടിയെ ഇഷ്ടമാണ്. പക്ഷേ ഞാന്‍ മോഹന്‍ലാല്‍ ഫാനാണെന്നറിയില്ലേ'
' ഹാവൂ, മമ്മൂട്ടി രക്ഷപെട്ടു'
' ദേ ഞാന്‍ പറഞ്ഞതൊന്നും തമാശയല്ല. എനിക്കറിയില്ല, എന്തു ചെയ്യണമെന്ന്. ജോലി രാജിവെച്ചിറങ്ങി പോരാനുള്ള ധൈര്യവും കിട്ടുന്നില്ല. ഞാന്‍ കടന്നു പോകുന്ന അവസ്ഥ താങ്കള്‍ക്കറിയില്ല. അതേ, താങ്കള്‍ക്ക് ബോബിയച്ചനെ പരിചയമുണ്ടല്ലോ. ഒരുദിവസമൊന്ന് അച്ചനെ നേരിട്ടു കാണണമെന്നാഗ്രഹം'
' അതിനെന്താ, എപ്പോ വേണമെന്നു പറഞ്ഞാ മതി'
തുടരും......