ഏകദേശം ഒരാഴ്ച കഴിഞ്ഞു. വനിതാസുഹൃത്ത് എന്നെ വിളിച്ചു.
ഈത്തലയ്ക്കല്‍: ഹലോ, എന്നാ വരുന്നത്.തിരുവന്തോരത്ത് എല്ലാവര്‍ക്കുമൊക്കെ സൊകങ്ങള് തന്നെ?
മറുതലയ്ക്കല്‍: വോ... തന്നെ തന്നെ. എന്തര് കൊച്ചീലെ വിശേഷങ്ങള്‍. അതേ താങ്കളുടെ പുസ്തകം ഇന്നലെ കിട്ടി.
ഈത്ത: സന്തോഷം
മറുത: ഞാന്‍ പകുതിയോളം വായിച്ചു. എനിക്ക് മനസ്സിലാകുന്നില്ല.
ഈത്ത: എന്ത്?
മറുത: ഒരു വ്യക്തിക്ക് എങ്ങനെ ഇങ്ങനെ മാറാന്‍ കഴിയും.
ഈത്ത: ഏയ്. അതു തോന്നലാ.ഞാന്‍ മാറിയിട്ടൊന്നുമില്ല. പിന്നെ നമ്മള് കാണുന്ന കാഴ്ചകള്‍. അത് മാറിക്കൊണ്ടിരിക്കുകയല്ലേ.കഴിഞ്ഞ തവണ സംസാരിച്ചതുപോലെയാണോ നമ്മളിപ്പോള്‍ സംസാരിക്കുന്നത്. അതുപോലെ സംസാരിക്കാനാണൈങ്കില്‍ നമ്മളിപ്പോള്‍ സംസാരിക്കേണ്ട ആവശ്യമെന്താ
മറുത: എനിക്ക് താങ്കളിപ്പോള്‍ ഒരു സ്‌ട്രേഞ്ചറെപ്പോലെ തോന്നുന്നു.എന്നാലും ഇങ്ങനെ ഒരാള്‍ക്ക്
ഈത്ത: ഏയ് എനിക്കൊരു മാറ്റവുമില്ല സാര്‍. ജീവിതസന്ദര്‍ഭങ്ങള്‍ അനുനിമിഷം മാറിക്കൊണ്ടിരിക്കുകയല്ലേ. പണ്ട് സഖാവ് ഖോരമടിച്ചുവിട്ടതൊക്കെ മറന്നു പോയോ? മാറ്റം മാത്രമേ മാറാത്തതുള്ളു എന്നൊക്കെയുള്ളത്.
മറുത: ങാ, അതിപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നതിനു പോലും മാറ്റമില്ല. അതേ ഉള്ളു ആ മാറ്റത്തിന്റെ കാര്യം. എനിക്ക് താങ്കളുടെ പുസ്തകത്തിലെ സമര്‍പ്പണമില്ലേ, അതു കണ്ടപ്പോ ഞാന്‍ കരഞ്ഞു പോയി.
ഈത്ത: ഹ, എന്തു പറ്റി. ..............................ഹൊ, സോറി. എനിക്ക് കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റിയില്ല. താങ്കളെഴുതിയിരിക്കുന്നില്ല താങ്കളുടെ അമ്മയും പപ്പായും താങ്കളുടെ ആഘോഷമായിരുന്നുവെന്നും ഇപ്പോഴും ആഘോഷമാണെന്നും. എനിക്കെന്റെ അമ്മയെ ഓര്‍ക്കുമ്പോഴൊക്കെ കണ്ണു നിറയും. അച്ഛന്റെ മരണശേഷം അമ്മയെ ഞാന്‍ എനിക്ക് കഴിയുന്ന വിധമൊക്കെ നോക്കുകയുമൊക്കെ ചെയ്തു.എന്താണെന്നറിയില്ല, അമ്മ മരിച്ചിട്ടിപ്പോ എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നിരുന്നാലും അമ്മയെ പറ്റി ഓര്‍ക്കുമ്പോള്‍ .......................സോറി
ഈത്ത: താന്‍ കരഞ്ഞോടോ. കരച്ചില്‍ വന്നിട്ടല്ലേ . കുഴപ്പമില്ല. താന്‍ എനിക്ക് അപരിചിതയൊന്നുമല്ലല്ലോ.
മറുത: ഹ, അപ്പോ പഴയ ആ സ്വഭാവം പോയിട്ടില്ല അല്ലേ?
ഈത്ത: ഏതു സ്വഭാവം?
മറുത: ഈ അടീക്കൂടെ അറിയാപ്പാര വച്ചുകൊണ്ടുള്ള വാചകമടി. ഞാന്‍ തമാശ പറഞ്ഞതല്ല. ഈ അടുത്ത കാലത്തായി അമ്മയെക്കുറിച്ചോര്‍ത്ത് കണ്ണു നിറയാത്ത ദിവസങ്ങളില്ല.
ഈത്ത: അതു താങ്കളില്‍ അവശേഷിക്കുന്ന നന്മയുടെയും ആര്‍ദ്രമായ ഒരു ഹൃദയത്തിന്റെയും ലക്ഷണമല്ലേ. അമ്മ താങ്കളെ ഇപ്പോഴും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. താങ്കള്‍ക്കത് അംഗീകരിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുള്ളതുകൊണ്ടാ. ആ വിഷമത്തെ അമ്മയുടെ സ്നേഹമായി തിരിച്ചറിഞ്ഞാല്‍ മതി. അതിരിക്കട്ടെ എന്നാ നമ്മുടെ ബോബിയച്ചനെ കാണാന്‍ വരുന്നത്.
മറുത: ഇന്നാള് സംസാരിച്ചപ്പോ ഉണ്ടായ ആ തോന്നല്‍ അതേ പടി ഇപ്പോഴുണ്ടോ എന്നു സംശയം. താങ്കള്‍ക്കറിയാമല്ലോ, ഞങ്ങള്‍ വളര്‍ന്നതൊന്നും ഒരു റിലീജിയസായിട്ടുളള അന്തരീക്ഷത്തിലായിരുന്നില്ലെന്ന്. സത്യം പറഞ്ഞാ, സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുന്നതും, കുട്ടികളൊക്കെ നാമം ചെല്ലുന്നതുമൊക്കെ കാണുമ്പോള്‍ നല്ല ഭംഗിയും സുഖവുമൊക്കെ തോന്നാറുണ്ട്. എങ്കിലും എന്തോ ഇവിടെ നിലവിളക്കൊക്കെ ഇരിപ്പുണ്ട്. എന്നാലും വിളക്ക് കൊളുത്താന്‍ തോന്നാറില്ല. ദൈവത്തിനിപ്പോഴേ ആള്‍ക്കാരുടെ നിവേദനം കാരണം പൊറുതിമുട്ടിയിരിക്കുവാ. അതിന്റെ കൂടെ നിങ്ങളുടെ ആവശ്യവും കൂടി കൂട്ടിയിട്ട് ഭാരം കൂട്ടണോ? ഒരിക്കല്‍ അച്ഛന്‍ ചോദിക്കുന്നതു കേട്ടതാ. പക്ഷേ , എന്റെ കുട്ടിക്കാലത്ത് അമ്മ വിളക്ക് കത്തിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ അച്ഛന്‍ വീട്ടില്‍ വന്നപ്പോള്‍ വിളക്കിരുന്ന് കരിന്തിരി കത്തുന്നു. അതു കണ്ട് അച്ഛന്‍ വല്ലാതെ ക്ഷുഭിതനായി. എന്നിട്ട് അമ്മയോട് പറഞ്ഞു, വിളക്കു കത്തിക്കുന്നുവെങ്കില്‍ അതു ശ്രദ്ധയോടെ ചെയ്യണം. കരിന്തിരി കത്തി അന്തരീക്ഷമലിനീകരണമുണ്ടാകുന്ന നിലയ്ക്കാകരുത്. അതിന് ശേഷം പിന്നെ വീട്ടില്‍ വിളക്കു കത്തിക്കുന്നത് അച്ഛനും അമ്മയും മരിച്ചപ്പോഴാണ്. എന്താന്നറിയില്ല, കഴിഞ്ഞ കുറച്ച് ദിവസമായി അമ്മയുടെ കാര്യം ആലോചിക്കുമ്പോ സഹിക്കാനാകാത്ത വിഷമം. എന്തുകൊണ്ടാ അതെന്നറിയില്ല. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോ, ഇനി ഈ ജന്മത്ത് അമ്മയെ കാണാന്‍ പറ്റില്ലല്ലോ എന്ന ചിന്തയൊക്കെ വരും. അപ്പോ ഞാന്‍ ചാടി എഴുന്നേറ്റിരിക്കും. കുറച്ചു നേരത്തേക്ക് പിന്നെ കിടക്കാന്‍ പേടിയാ.
ഈത്ത: അതൊക്കെ ചില വിളികളാടോ.
മറുത: എന്നുവെച്ചാല്‍
ഈത്ത: ജീവിതത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാനുള്ള ജീവിതത്തിന്റെ തന്നെ വിളിയാ.
മറുത: മനസ്സിലായില്ല
ഈത്ത: ഇതേ സംഗതി എന്റെ മോന്‍ എന്നോട് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. അവനെ പതിനൊന്നു വയസ്സുവരെ വളര്‍ത്തിയത് എന്റെ അമ്മയായിരുന്നു. ഞാനും മീനയുമൊക്കെ വെറും കാഴ്ച്ചക്കാരായിരുന്നുവെന്നു പറഞ്ഞാ മതി. കഴിഞ്ഞാഴ്ച അവന്‍ വയനാട്ടിലേക്കു പോയി. കാറെടുത്താണ് പോയത്. പുലമാന്തോള്‍ കഴിഞ്ഞ് അവന്‍ കാറ് സൈഡിലൊതുക്കി. എന്നിട്ട് വല്ലാതെ പൊട്ടിക്കരഞ്ഞുവത്രെ. കാരണം അവന്‍ അച്ഛാമ്മയെ കുറിച്ചോര്‍ത്തുപോയതിനാല്‍. അയാളിപ്പോള്‍ ഇരുപത്തിമൂന്നിലേക്ക് പ്രവേശിച്ചു. ഞാന്‍ മൂപ്പരോട് പറഞ്ഞു, താന്‍ ഔപചാരിക പഠനത്തിന്റെ ഒരു ഘട്ടം പൂര്‍ത്തിയാക്കി ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ജീവിതത്തെ ജീവിതമായി അറിയണമെന്നുണ്ടൈങ്കില്‍ ഈ ഒരൊറ്റ കടമ്പ കടന്നാല്‍ മതി. അച്ഛാമ്മയുടെ രൂപത്തിലൂടെ ജീവിതം തന്നെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ്. അത് സ്വീകരിക്കണോ വേണ്ടയോ എന്നുള്ളത് തന്റെ തീരുമാനമാണ്. ജീവിതം ജീവിക്കാനുള്ളതാണ്.ആ ജീവിക്കലിനെയാണ് ആസ്വാദനം എന്നു പറയുന്നത്.
തുടരും....