ഓര്‍മ്മ വച്ച നാള്‍ മുതല്‍ അമ്മയില്‍ നിന്നു കേള്‍ക്കുന്ന വാചകമാണ് അവനവന്‍ കുഴിച്ച കുഴിയില്‍ അവനവന്‍ തന്നെ വീഴുമെന്ന്. കുഞ്ഞുന്നാളില്‍ വീട്ടില്‍ പണിക്കു വരുന്നവര്‍ ഏതെങ്കിലും കുഴിയെടുക്കമ്പോഴൊക്കെ എനിക്ക് കൗതുകം നിറഞ്ഞ ടെന്‍ഷനായിരുന്നു. എന്നുവെച്ചാല്‍ ഔത്സുക്യം തന്നെ. കുഴിയെടുക്കുന്നയാള്‍ കുഴിയില്‍ വീഴുന്നത് കാണാന്‍. പക്ഷേ ഒരിക്കല്‍ പോലും ആരും വീണത് ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ മറ്റു പലരും വീഴുന്നത് കണ്ടിട്ടുമുണ്ട്. ഞാനും വീണിട്ടുണ്ട്. എണ്‍പതാമത്തെ വയസ്സില്‍ അമ്മ മരിക്കുന്നതു വരെ ഞാന്‍ അമ്മയുടെ നിര്‍ദ്ദേശങ്ങളെ തള്ളിക്കളഞ്ഞ് പറഞ്ഞാല്‍ കേള്‍ക്കായ്മ കാണിക്കുന്നതിന് ഈ വാചകം ഞാന്‍ ഉദ്ധരിക്കുമായിരുന്നു. ' അമ്മ പറയുന്നതില്‍ വിശ്വാസ്യതയില്ലെന്ന്' പറഞ്ഞുകൊണ്ട്. അതു കേള്‍ക്കുമ്പോള്‍ അമ്മയുടെ മുഖത്ത് വിടരുന്ന ചിരിയുണ്ട്. ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ അതൊരു ഒന്നൊന്നര ചിരിയായിരുന്നു. പക്ഷേ അമ്മ പറഞ്ഞത് നൂറ് ശതമാനം ശരി തന്നെ. അമ്മയുടെ ആ കുസൃതിച്ചിരി ഇപ്പോള്‍ കാണാന്‍ പറ്റുന്നുണ്ട്. അമ്മാതിരി ഒരു കുഴിയില്‍ ഈ കഴിഞ്ഞ ദിവസം ഞാന്‍ വീണു.
'ബോബിയച്ചനെന്ന് കേട്ടാല്‍ കലിയിളകുന്ന വനിതാ ആക്ടിവിസ്റ്റ് 'എന്ന എന്റെ കുറിപ്പിന്റെ ആദ്യഭാഗം വായിച്ചിട്ട് എന്റെ സുഹൃത്തായ അമ്മുടീച്ചര്‍ ഒരു പ്രതികരണമിട്ടു. കുറേ സ്മൈലികളിട്ടിട്ട്, ' ഗംഭീരു.............ഇനി ബോസ്സിനേം കൂടെ ഇഷ്ടപ്പെടാന്‍ ഒരു കഥ പോരട്ടെ........' ആ സന്ദേശത്തിന്റെ ഊര്‍ജ്ജപ്രസരണത്തില്‍ ഞാനത് എന്റെ വനിതാ സുഹൃത്തിന് ഫോര്‍വേഡ് ചെയ്തു. അയച്ച ഉടന്‍ ഡിലീറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ അതില്‍ ബ്ലൂടിക് വീണു. ഈ കുറിപ്പിന്റെ മൂന്നു ഭാഗം lifeglint.com ല്‍ പ്രസിദ്ധീകരിച്ചു. ഇതുവരെ സുഹൃത്ത് അതു കണ്ടിരുന്നില്ല. ഞാന്‍ ബോധപൂര്‍വ്വം പറയാതിരുന്നതുമാണ്. പ്രതീക്ഷിച്ചതു പോലെ കുറച്ചു നേരം കഴിഞ്ഞപ്പോള്‍ വിളി വന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് കലൂരില്‍ ഫൂട്പാത്തിലൂടെ പോകുമ്പോഴനുഭവപ്പെട്ട സ്ഫോടനമാണ് പെട്ടെന്ന് ഓര്‍മ്മയിലെത്തിയത്. വന്‍ സ്ഫോടനം കേട്ട് ഞെട്ടിത്തരിച്ച് ഞാന്‍ നാലു പാടും നോക്കി. എങ്ങും ഒരു വ്യത്യാസവും കാണുന്നില്ല. പെട്ടെന്നാണ് മനസ്സിലായത് റോഡിലേക്ക് ചാഞ്ഞു നിന്ന ഒരു മരത്തിന്റെ നല്ല വീതിയുള്ള ശിഖരത്തിന്റെ മുറിച്ചു മാറ്റിയ ഭാഗത്ത് എന്റെ നെറ്റിയുടെ മുകള്‍ ഭാഗം വന്നിടിക്കുകയായിരുന്നു എന്നുള്ളത്. പെട്ടെന്ന് അവ്വിധം മരം മുറിച്ചു നിര്‍ത്തിയവരോടു ദേഷ്യം വന്നു. അന്ന് രാത്രി വീട്ടിലെത്തിയപ്പോള്‍ അമ്മയാണ് എണ്ണയിട്ടു തന്നത്. അമ്മ വിഷമിച്ച മുഖവുമായാണ് മുഴച്ച ഭാഗത്ത് എണ്ണയിട്ടത്. അപ്പോള്‍ 'ഞാന്‍ വെട്ടാത്ത മരത്തില്‍ എന്റെ തലയിടിച്ചു' എന്നു പറഞ്ഞപ്പോള്‍ വന്ന ചിരിയടക്കാന്‍ പണിപ്പെട്ട്' പിന്നെ, നോക്കി നടക്കാത്തതിന്' എന്നു പറഞ്ഞുകൊണ്ട് ഒരു മൂളലിലൊതുക്കി.. എന്തായാലും ഫോണിലൂടെ കേട്ട വനിതാസുഹൃത്തിന്റെ സ്ഫോടനത്തിന്റെ പരിഭാഷ കുറിക്കുന്നില്ല. കാരണം സൈബര്‍ നിയമമനുസരിച്ച് ഞാന്‍ കുടുങ്ങും!
ഈത്തലയ്ക്കല്‍: അപ്പോ കുരയും തുടങ്ങി അല്ലേ? എന്തേ പല്ലിന്റെ ശൗര്യം കുറഞ്ഞോ?
മറുതലയ്ക്കല്‍: ദേ, ഒരു ശൗര്യവും പോയിട്ടില്ല. ഇപ്പോ കണ്ടിരുന്നേ ഞാന്‍ കടിച്ചു പറിച്ച് മാന്തിക്കീറിയേനെ. ഓര്‍മ്മയുണ്ടല്ലോ?
ഇത്ത: എങ്ങനെ മറക്കാനാ എന്റെ സുഹൃത്തേ. മുജ്ജന്മം ശരിയാണെന്ന് തോന്നിയ സന്ദര്‍ഭമായിരുന്നു അത്.
മറുത: എന്തു മുജ്ജന്മം.
ഈത്ത: നിങ്ങളുടെ മധുവിധുനാളുകള്‍ കഴിഞ്ഞ സമയത്തെ കാര്യം. വെളുപ്പാന്‍കാലം വരെ നീണ്ട ഗുസ്തി കഴിഞ്ഞ് പിറ്റേന്ന് രാവിലെ ബ്രേക്ക് ഫാസ്റ്റിനിരുന്നപ്പോള്‍ ആനന്ദി(യഥാര്‍ത്ഥ പേരല്ല) ന്റെ കൈത്തണ്ടയില്‍ താങ്കള്‍ കടിച്ച ആ കടിയുണ്ടല്ലോ, അതു കണ്ട എനിക്ക് വാസ്തവം പറഞ്ഞാ മൂത്രം പൊടിഞ്ഞോ എന്നു സംശയം തോന്നിപ്പോയി. രണ്ടു പല്ലിന്റെ പാടില്‍ നിന്ന് അന്നു ചോര പൊടിഞ്ഞിരുന്നു. അതോര്‍ക്കുമ്പോ തോന്നുന്നത് കഴിഞ്ഞ ജന്മത്തില്‍ താങ്കള്‍ വല്ല നരഭോജിയായ വന്യജീവിയായിരുന്നോ എന്ന സംശയം.
മറുത: അതു സംശയമല്ല. എനിക്ക് ബോധ്യമായ കാര്യം തന്നെ. കഴിഞ്ഞ ജന്മത്തിലല്ല, ഈ ജന്മത്തില്‍ തന്നെ . എന്റെ പല്ല് തരിക്കുന്നു. താങ്കളെ എന്റെ മുമ്പില്‍ കിട്ടിയിരുന്നെങ്കില്‍ .......
ഈത്ത: അതിരിക്കട്ടെ, പാവം ആനന്ദിന് ഇപ്പോള്‍ കടി നേരിടേണ്ടി വരുന്നുണ്ടോ?
മറുത: ആ പാവത്തിന്റെ കാര്യം കഷ്ടമാ. ഞാനിപ്പോ ബോധപൂര്‍വ്വം കുറച്ചിരിക്കുകയാ. പുത്രിമാര് രണ്ടും പാവത്തിനെ മത്സരിച്ചാ കടിക്കുന്നെ. ഇന്നാള് ആ പാവം സോഫയില്‍ കിടന്ന് ടി വി കണ്ടുകൊണ്ടിരുന്നപ്പോള്‍ ഇളയവള് പോയി ശരിക്കൊരു കടി കൊടുത്തു. ആനന്ദേട്ടന്റെ അലര്‍ച്ച കേട്ട് ഞാന്‍ ചെന്നപ്പോ പാവം കൈയ്യും നീറി ഇരിക്കുന്നു. ഇളയവള് വെക്കേഷനു വന്ന സമയമായിരുന്നു. അച്ഛന്റെ കയ്യില്‍ എപ്പോഴെങ്കിലും ഒരു കടിപ്പാടില്ലെങ്കില്‍ അച്ഛനോടാര്‍ക്കും ഒരു സ്നേഹമില്ലാത്ത പോലെ തോന്നുമെന്ന് കൂട്ടത്തില്‍ ഒരു കാച്ചും. എന്തു ചെയ്യാനാ . പാവത്തിന് സഹിക്കുകയല്ലാതെ നിവൃത്തിയില്ലല്ലോ? പുള്ളിക്കാരന്‍ ഫുള്‍സ്ലീവ് ശീലമാക്കിയതിന്റെ ഒരു കാരണം ഈ കടിപ്പാടുകള്‍ മറയ്ക്കാനാ. അവളുമാരു രണ്ടിന്റെയും വിനോദമാ അത്. അതുകാരണം ഞാനിപ്പോ കുറച്ചു. നമ്മള് വിഷയത്തില്‍ നിന്ന് മാറേണ്ട. ഉള്ള വേണ്ടാതീനമെല്ലാം എഴുതിപ്പിടിപ്പിച്ചിട്ട്. ദേ ആരോടെങ്കിലും കഥാപാത്രം ഞാനാണെന്നെങ്ങാനും പറഞ്ഞാലുണ്ടല്ലോ?
ഈത്ത: ആനന്ദിന്റെ ഫുള്‍സ്ലീവിന്റെ കാര്യം പറഞ്ഞപ്പോഴാ ഓര്‍മ്മ വരുന്നെ, താങ്കള്‍ സ്ലീവ്ലെസ്സിട്ടു തുടങ്ങിയോ?
മറുത: ദേ എന്റെ വായീന്നൊന്നും കേള്‍ക്കരുത്. അവളുമാര്‍ക്ക് രണ്ടിനും സ്ലീവുള്ളതെന്ന് കേട്ടാലേ അലര്‍ജിയാ. അമ്മയിതെങ്ങനെ ഇട്ടു നടക്കുന്നതെന്നാ ചോദിക്കുന്നെ.അതിരിക്കട്ടെ ആരായീ അമ്മുക്കുട്ടിടീച്ചര്‍
ഈത്ത: അതോ, അമ്മുക്കുട്ടിയല്ല, അമ്മു മാത്രമേ ഉള്ളു. പാലക്കാടുകാരിയാണ്. സ്വദേശം അതാണോന്നറിയില്ല. എന്തായാലും പാലാക്കാടാണ് മുഖ്യപ്രവര്‍ത്തനമണ്ഡലം. ഞങ്ങള്‍ തമ്മില്‍ നേരില്‍ കണ്ടിട്ടില്ല. എന്റെ സുഹൃത്ത് ബീനാ ഗോവിന്ദ് വഴിയുള്ള സുഹൃത്താണ്. സംബോധ് ഫൗണ്ടേഷന്റെ കേരളത്തിലെ കോ ഓര്‍ഡിനേറ്റായിരുന്നു മുന്‍പ്. അവരുടെഒരു പ്രസിദ്ധീകരണത്തിലേക്ക് ലേഖനം ആവശ്യപ്പെട്ടുകൊണ്ട് വിളിച്ചതിനെ തുടര്‍ന്ന് പരിചയമായതാണ്. ഇപ്പോഴും ഫൗണ്ടേഷന്റെ മുഖ്യ ചുമതലക്കാരിയായിരിക്കണം. എന്തേ എന്തു പറ്റി?
മറുത: ഏയ് ഒന്നുമില്ല. നമുക്കിട്ടൊരു താങ്ങു കണ്ടു.
ഈത്ത: എന്ത് താങ്ങ്, എവിടെ.
മറുത: നമ്മളെ ഗം ഭീരൂ...........എന്നൊരു പ്രയോഗം കണ്ടില്ലേ. പിന്നെന്തോന്ന് എഴുത്ത്.
ഈത്ത: എന്റീശോയെ....... അത് അമ്മുടീച്ചര്‍ പറഞ്ഞത് ശരിയല്ലേ?
മറുത: എന്തു ശരി?
ഈത്ത: ഗംഭീരരെന്ന് നടിക്കുന്നവരെല്ലാം ഒന്നാന്തരം ഭീരുക്കളല്ലേ.
മറുത: ദേ , ഒരു കാര്യം പറഞ്ഞേക്കാം. ഞാനെങ്ങാനുമാണ് കഥാപാത്രമെന്നങ്ങാനും ആരെങ്കിലുമറിഞ്ഞാല്‍.ബാക്കി അപ്പോ കാണാം.
അങ്ങനെ ഞാന്‍ കുഴിച്ച കുഴിയില്‍ ഞാന്‍ തന്നെ വീണു. ഒരു നിമിഷം വൈകാരികാംശം മുന്നില്‍ വന്ന് രസവും ആവേശവും ഒന്നിച്ചു വന്നതിലാണ് ആ മെസ്സേജ് ഞാന്‍ സുഹൃത്തിന് ഫോര്‍വേഡ് ചെയ്തത്. ചെയ്തുകഴിഞ്ഞ ഉടന്‍ തന്നെ അക്കിടി മനസ്സിലായി, മൂപ്പത്യാര് ഇതുവരെ ഈ എഴുത്ത് കണ്ടിട്ടില്ല എന്നുള്ളത്. രണ്ടായാലും മൂപ്പത്യാര്‍ക്ക് വിഷമമുണ്ടാകുന്ന വിധം എഴുതില്ല എന്ന കാര്യത്തില്‍ ഉറപ്പുണ്ട്. എന്നിരുന്നാലും ഞാനൊരു അവസ്ഥയിലകപ്പെട്ടു. ഇങ്ങനെയൊരു കുറിപ്പ് എഴുതണമെന്ന് ഒരിക്കലും വിചാരിച്ചതേ അല്ല. യാദൃശ്ചികമായി എന്റെ പുസ്തകപ്രകാശനം നടന്ന രാത്രിയില്‍ വന്ന ഈ സുഹൃത്തിന്റെ വിളിയില്‍ നിന്നു തുടങ്ങിയതാണ്. ഒരു കുറിപ്പില്‍ തീരുമെന്നു കരുതി. ഇതിപ്പോള്‍ അഞ്ചാം ഭാഗം. ഇനി എഴുത്ത് തുടരണോ? കഴിഞ്ഞ സംഭാഷണത്തില്‍ നിന്ന് എഴുതാനാണെങ്കില്‍ തന്നെ ധാരാളം. എഴുതുമ്പോള്‍ എന്റെയുള്ളില്‍ തെളിഞ്ഞതാണല്ലോ എഴുതേണ്ടത്. അതില്‍ ചില കാര്യം തെളിച്ചെഴുതുമ്പോള്‍ സുഹൃത്തിന് വിഷമമാകും എന്നുള്ളത് ഉറപ്പ്. ഭൂതകാലത്തിന്റെ അഗാധമായ ഏതോ തടവറയില്‍ കിടന്ന് അലറുന്നത് നേരിയ ഞെരക്കമായി എനിക്ക് കേള്‍ക്കാനും കഴിയുന്നുണ്ട്. എന്തായാലും ബോബിയച്ചനെ പരിചയപ്പെടുത്തിക്കൊടുക്കാം. അച്ചനെ പ്രത്യേകിച്ച് പരിചയപ്പെടുത്തിക്കൊടുക്കേണ്ടതിന്റെ ആവശ്യമോന്നുമില്ല. എങ്കിലും സുഹൃത്തിന്റെ ഒരു അനായാസതയ്ക്കാവാം. എന്തായാലും തുടര്‍ന്നെഴുതണോ വേണ്ടയോ എന്ന് ഈ കുറിപ്പ് വായിച്ചിട്ട് എന്റെ സുഹൃത്ത് തന്നെ തീരുമാനിക്കട്ടെ. കാരണം എനിക്ക് എഴുതുമ്പോള്‍ സുഖം അനുഭവപ്പെടണം. കാരണം ഞാന്‍ എന്റെ സുഖത്തിനുവേണ്ടി മാത്രമാണ് എഴുതുന്നത്. ആ സുഖം അനുഭവിക്കണമെങ്കില്‍ എഴുത്ത് പൂര്‍ണ്ണ സ്വാതന്ത്ര്യത്തിലായിരിക്കണം. സ്വാതന്ത്ര്യം തന്നെയാണ് സുഖം. അഥവാ സുഖം തന്നെയാണ് സ്വാതന്ത്യം. സുഹൃത്തിന്റെ വൈകാരികത എന്നില്‍ അനുരണനങ്ങള്‍ ഉണ്ടാക്കുന്നവെങ്കില്‍ അത് എന്റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കും. എന്തായാലും എന്റെ പ്രിയപ്പെട്ട സുഹൃത്ത് തന്നെ തീരുമാനിക്കട്ടെ. അതിനാല്‍ തുടരാം, തുടരാതിരിക്കാം.