കരഞ്ഞാൽ കറുക്കുന്ന അൽത്താഫ് നാടിനും, വീടിനും വേദനയാകുന്നു. വേദനയകറ്റാൻ ചികിത്സക്കായി ലക്ഷങ്ങൾ വേണം. ഇതിനായി കരുണയുള്ളവരുടെ സഹായം തേടുകയാണ് കുടുംബം. കൊല്ലം ജില്ലയില്‍ തഴവ കുറ്റിപ്പുറം വടക്കടുത്ത് കിഴക്കതിൽ 13 മാസം പ്രായമുള്ള അൽത്താഫാണ് കരയുമ്പോൾ കാർവർണ്ണ നിറമാകുന്നത്. അൽത്താഫിന്റെ ഹൃദയ ഭിത്തികളിൽ ദ്വാരമുള്ളതാണ് അസുഖം. ഇതു മാറണമെങ്കിൽ മേജർ ശസ്ത്രക്രിയ നടത്തണം. തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയിൽ 78000 രൂപ ഉടൻ അടയ്ക്കണമെന്ന് അറിയിപ്പ് ലഭിച്ചിരിക്കുകയാണ്.
തഴവ കുറ്റിപ്പുറം വടക്കടുത്ത് കിഴക്കതിൽ സുധീർ, സുബീന ദമ്പതിമാരുടെ മകനാണ് അൽത്താഫ്. മൂന്നു സെന്റ് വസ്തുവിലുള്ള ചെറിയ കൂരയിലാണ് താമസം. സുധീറിന്റെ ഉമ്മ ഉസൈബ വൃക്ക സംബന്ധമായ അസുഖം മൂലം ചികിത്സയിലാണ്. ആഴ്ചയിൽ രണ്ട് പ്രാവശ്യം ഡയാലിസസ് ചെയ്യണം. ഇതിനിടയിലാണ് അൽത്താഫിന്റേയും ചികിത്സക്ക് പണം കണ്ടെത്തേണ്ടത്. കൂലിപ്പണിയിൽ നിന്നു കിട്ടുന്ന വരുമാനമാണ് ഏക ആശ്രയം.
അൽത്താഫിന് രാത്രിയിൽ ശ്വാസം മുട്ടുണ്ടാകുമ്പോൾ മിക്കദിവസങ്ങളിലും ആശുപത്രിയിൽ പ്രവേശിപ്പിക്കണം. അതിനുപോലും പണമില്ലാതെ വിഷമിക്കുകയാണ് ഈ കുടുംബം. അൽത്താഫിന്റെ ജീവൻ നിലനിർത്താൻ തഴവ പഞ്ചായത്ത് മെംബർ ഹലീലുദ്ദീൻ പൂയപ്പള്ളിയുടെ നേത്യത്വത്തിൽ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. ധനലക്ഷ്മി ബാങ്കിന്റെ തഴവ ശാഖയില്‍ 003200400002018 നമ്പർ അക്കൗണ്ടില്‍ സഹായങ്ങള്‍ അയക്കാം. സുധീറിനെ 9947012311 എന്ന ഫോൺ നമ്പറില്‍ ബന്ധപ്പെടാം.