കാക്ക പറഞ്ഞുതരുന്ന വ്യാകരണം

Glint Guru
Wed, 13-11-2013 04:00:00 PM ;

 

ഉണർന്നിരിക്കുന്ന ഓരോ നിമിഷവും പ്രകൃതി നമ്മോടു സംസാരിക്കുന്നു. എല്ലാവരും ആ സംഭാഷണം അറിയുന്നുണ്ട്. എന്നാൽ ചെറിയോരംശം മാത്രം. അതും താനുമായി ബന്ധപ്പെട്ടു മാത്രം. ഉദാഹരണത്തിന് മഴക്കാറുണ്ടെങ്കിൽ അറിയാം മഴ പെയ്യാൻ സാധ്യതയുണ്ടെന്ന്. അതിനാൽ കുട കരുതുന്നു.  അൽപ്പം ദുർഗന്ധം വന്നാൽ എന്തോ ചീഞ്ഞുനാറുന്നതായി അറിയാം. അതുപോലെ നാം പുറത്തേക്കിറങ്ങുന്ന ഓരോ നിമിഷവും പ്രകൃതി, (ചുറ്റുപാടും പ്രകൃതി തന്നെ) നമ്മോടു സംസാരിക്കുന്നതനുസരിച്ചാണ് നാം പ്രവർത്തിക്കുക. റോഡില്‍ ഗട്ടറുണ്ടെങ്കിൽ സൂക്ഷിച്ചു നടക്കുക. എന്തിന് ഒരു കല്ല് മുഴച്ചിരിപ്പുണ്ടെങ്കിലും നാമത് കണക്കിലെടുത്ത് നടന്ന് ഉണ്ടായേക്കാവുന്ന അപകടത്തെ ഒഴിവാക്കുന്നു.

 

ഈ ലോകത്തുണ്ടായിട്ടുള്ളതും ഇപ്പോൾ ഉള്ളതും ഇനി ഉണ്ടാകാൻ പോകുന്നതുമായ എല്ലാ കണ്ടുപിടുത്തങ്ങളും സൗകര്യങ്ങളും പ്രകൃതിയും മനുഷ്യനുമായുള്ള  ആശയവിനിമയത്തിന്റെ ഫലമാണ്. ഏതോ കിളികൾ പറന്നുപോയപ്പോൾ പറഞ്ഞതാണ് നിങ്ങൾക്കും ഇതാകാമെന്ന്. അതിന്റെ പരിണതഫലമാണ് വിമാനം.  പ്രകൃതിയുടെ ഭാഷ വളരെ സൂക്ഷ്മമാണ്. മനസ്സിലാവാത്തിടത്തോളം സങ്കീർണ്ണം. മനസ്സിലായാൽ ലളിതം. മാത്രമല്ല അതാണ് ശാസ്ത്രവും ശാസ്ത്രീയവും. ഒരു അംബരചുംബിയായ ഫ്‌ളാറ്റ് ഉയരുന്നു. അതിന്റെ മുന്നിൽ അതിന്റെ നിർമ്മാണത്തിനുപയോഗിച്ച സിമന്റിന്റെ ചാക്കുകൾ കുന്നായി മലയായി രൂപപ്പെടാൻ തയ്യാറായിക്കൊണ്ടിരിക്കുന്നു. അതിന് തൊട്ടുമുന്നിലുള്ള ചെറിയ റോഡിൽ ഒരു വലിയ എലി ചത്തു മലച്ചു കിടക്കുന്നു.  ഏതോ വീട്ടിൽ വച്ച വിഷക്കേക്ക് കഴിച്ച് വന്ന് ചത്തു കിടക്കുന്നതാണ്. ആ ചത്ത എലിയെ രാവിലെ തന്നെ ഒരു കാക്ക വന്ന് സാവധാനം കൊത്തിവലിച്ച് ഭക്ഷിക്കുന്നു. ആ ഫ്‌ളാറ്റിന്റെ മുന്നിൽ നിന്ന് പ്രകൃതി കാക്കയിലൂടെ നമ്മോട് സംസാരിക്കുന്നു.

 

പ്രകൃതി പറയുന്നു ഞാൻ സർഗാത്മകതയിൽ വിശ്വസിക്കുന്നു. ആരോടും പരിഭവമില്ല. എന്നെ എത്ര മുറിവേൽപ്പിച്ചാൽ പോലും. എന്റെ സൃഷ്ടിയായ എലിയെ എന്റെ മറ്റൊരു സൃഷ്ടിയായ മനുഷ്യൻ വിഷം വച്ച് കൊല്ലുന്നു. എന്നിട്ട് അവൻ തന്നെ നടക്കുന്ന വഴിയിൽ ചത്ത എലി. അതവിടെക്കിടക്കുന്നത് അവന് തന്നെ അപകടവും  ആപത്തും. എനിക്ക് എന്റെ എല്ലാ സൃഷ്ടികളോടും സ്‌നേഹം തന്നെ. ആ എലിയെ എന്റെ മറ്റൊരു സൃഷ്ടിയായ കാക്കയ്ക്ക് ഉഗ്രൻ സദ്യയാക്കുന്നു. അങ്ങിനെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങി എവിടെയും ഒരു തടസ്സമില്ലാതെ ചാക്രികമായി ഞാൻ എല്ലാം ഉരുട്ടിക്കൊണ്ടിരിക്കുന്നു. ആ ഉരുളലാണ് ഭംഗി. അതാണ് സർഗാത്മകത. മനുഷ്യാ, നിനക്കു മാത്രമാണ് ഞാൻ കഴിവ് തന്നിട്ടുള്ളത്. അതിനാൽ എന്തിൽ ഏർപ്പെടുമ്പോഴും നീ അത് ഓർക്കുക. നീ എന്തു സാങ്കേതികവിദ്യ വേണമെങ്കിലും വികസിപ്പിച്ചോളൂ. എനിക്ക് സന്തോഷമേ ഉള്ളു. കാരണം നീ എന്റെ തന്നെ സർഗാത്മകതയാണ് പ്രകാശിപ്പിക്കുന്നത്. അതു കാണുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാൻ തന്നെയാണ്. പക്ഷേ നീ  എന്റെ ഭാഷ മനസ്സിലാക്കുന്നില്ല. നിഘണ്ടു നോക്കി അർഥം മനസ്സിലാക്കിയതുകൊണ്ട് ഭാഷ കൈവശമാകില്ല. ഭാഷ കൈവശമാകണമെങ്കിൽ വ്യാകരണം ഭദ്രമാകണം. നിനക്ക് എന്റെ ഭാഷയുടെ വ്യാകരണം മനസ്സിലാവുന്നില്ല. മനസ്സിലാക്കിയവരൊക്കെ ഉണ്ടായിരുന്നു. അവർ പറഞ്ഞു തന്നതിനെ നീ പുച്ഛിച്ചുതള്ളി. പരിഷ്‌കാരത്തിന്റെയും ശാസ്ത്രീയതയുടേയുമൊക്കെപ്പേരിൽ.

 

 

ഫ്‌ളാറ്റിന് മുന്നിൽ ചത്ത എലിയെ തിന്നുന്ന കാക്ക നിന്നോടു സംസാരിക്കുന്നതു ശ്രദ്ധിക്കൂ. അതിനു മുൻപ് നീ പണി നടന്നുകൊണ്ടിരിക്കുന്ന ഫ്‌ളാറ്റിനു മുന്നിലേക്കുമൊന്നു നോക്കൂ. ഞാൻ ഒരു നിമിഷം പോലും വെറുതെയിരിക്കില്ല. നീ ചെയ്യുന്നത് എന്തായാലും ഞാൻ പ്രവർത്തിക്കും. നീ എലിയെ കൊന്നു. ആ നിമിഷം ഞാൻ കാക്കയ്ക്ക് ഭക്ഷണമൊരുക്കി. ഞാൻ സൃഷ്ടിക്കുന്നതൊന്നും ആർക്കും ബുദ്ധിമുട്ടുണ്ടാക്കില്ല. അത് അടുത്തതിന് അവസരവും സന്തോഷവും സംതൃപ്തിയുമുണ്ടാക്കും. എന്റെ ഭാഷയുടെ വ്യാകരണത്തിന്റെ രഹസ്യമതാണ്. കാക്കയെ നോക്കൂ. സിമന്റ് ചാക്കുകുന്നും നോക്കൂ. ആ സിമന്റ് ചാക്കിൽ നിന്ന് കഴിഞ്ഞ എത്രയോ ഋതുക്കളിലായി പെയ്ത മഴയിൽ ആ സിമന്റ്‌പൊടി മുഴുവൻ നിനക്ക് കുടിവെളളവും അന്നവും തരുന്ന മണ്ണിനെ നശിപ്പിക്കുന്നു. അതുപോലെ നിനക്കു തന്നെ അപകടമാകുന്ന എന്റെ സൃഷ്ടികളായ നിന്റെ കാഴ്ചപ്പാടിലുള്ള ക്ഷുദ്രജീവികൾ പാർക്കുന്നു. ഇനി ഒടുവിൽ ഏതെങ്കിലുമൊരു രാത്രി നീ ആരും കാണാതെ നാഭിപോലെയുള്ള ഏതെങ്കിലും ഒഴിഞ്ഞ പ്ലാസ്റ്റിക് ഗുഹ്യമായി എന്റെ ശരീരത്തിൽ നിക്ഷേപിക്കും. അതോടെ എന്റെ ആന്തരികാവയവത്തിന് കേടു വരും. എന്റെ കിഡ്‌നി തകരാറിലാവും. എന്റെ തകരാറിലായ കിഡ്‌നി തരുന്ന വെള്ളം കുടിച്ചാൽ നിന്റെ കിഡ്‌നിയും അതുപോലാകും. എന്റെ ശരീരം ജീർണ്ണിച്ചാൽ നിന്റെ ശരീരവും ജീർണ്ണിക്കും.

 

എലി ചത്താൽ ഉടൻ കാക്ക വന്നു തിന്നുന്നതുപോലെയാവണം നീ സാങ്കേതികത്വം വികസിപ്പിക്കേണ്ടത്. അതാണ് ആ കാക്കയിലൂടെ ഞാൻ നിന്നോടു പറയുന്നത്. അതു കണ്ടിട്ട് നീ മൂക്കും പൊത്തി ഒരു തുപ്പും തുപ്പി മാത്രം പോയാൽ നിനക്കത് മനസ്സിലാകില്ല. ഏതു സാങ്കേതികവിദ്യ വേണമെങ്കിലും വികസിപ്പിക്കൂ. അതു നിന്റെ മാത്രം ജന്മാവകാശമാണ്. പക്ഷേ ഒന്നു കണ്ടെത്തുമ്പോൾ അതിന്റെ ഉപയോഗം കഴിഞ്ഞാൽ അത് മറ്റൊന്നിനായി ഉപയോഗിക്കപ്പെടണം. അതിനു പറ്റാത്ത ഒന്നും തന്നെ നീ വികസിപ്പിക്കരുത്. എത്രയോ വർഷമായി നീ സിമന്റുപയോഗിക്കുന്നു. അതിന് മാറ്റം വേണമെങ്കിൽ നിനക്കു ചിന്തിക്കാം. അല്ലെങ്കിൽ സിമന്റ് തന്നെ ഉപയോഗിച്ചോളൂ. അതു നിറയ്ക്കുന്ന വസ്തു ചാക്കായിക്കൊള്ളട്ടെ. പക്ഷേ ആ ചാക്കിന്റെ ഘടകങ്ങൾ നിന്റെ ഫ്‌ളാറ്റ് നിർമ്മാണത്തിലെ അടുത്ത ഘട്ടത്തിൽ ഉപയോഗിക്കാൻ കഴിയുന്നതായിരിക്കണം. അല്ലെങ്കിൽ അതിനേക്കാൾ ഉപയോഗപ്രദമായ രീതിയിൽ ഉപയോഗിക്കപ്പെടാൻ സാധ്യമാകുന്നതാകണം. അതനുസരിച്ചുള്ള ഘടകങ്ങൾ കൊണ്ട് നിനക്ക് വേണമെങ്കിൽ ചാക്ക് നിർമ്മിക്കാം. അല്ലെങ്കിൽ  ഇപ്പോഴുള്ള ചാക്കിനെ അങ്ങിനെ ഉപയോഗപ്പെടുത്താം. അതു നിന്റെ വിവേചനം. പക്ഷേ കാക്കയിലൂടെ നിന്നെ ഞാൻ ഓർമ്മിപ്പിക്കുന്നു നീ വികസിപ്പിക്കുന്ന സാങ്കേതികത്വം നിന്റെ ഒരുപയോഗം കഴിഞ്ഞാൽ അത് സ്വാഭാവികമായി നിന്റെ തന്നെ അടുത്ത ഉപയോഗത്തിലേക്കു നീങ്ങുതായിരിക്കണം. നോക്കൂ, കാക്ക ആസ്വദിച്ച് ആ ചത്ത എലിയെ തിന്നുന്നത്. അതാണ് എന്റെ ഭാഷയുടെ അടിസ്ഥാന വ്യാകരണം. അത്തരത്തിൽ ചാക്രിക സ്വഭാവമുള്ള ഒഴുക്കുള്ള സാങ്കേതികത്വം മാത്രമേ നീ വികസിപ്പിക്കാവൂ.  ഇതുവരെയുള്ളതു പോകട്ടെ. എനിക്ക് ക്ഷമ മാത്രമേ ഉള്ളൂ. വേഗം ആ ഒഴുക്കു നീ കണ്ടുപിടിക്കാൻ ശ്രമിക്കൂ. അതാണ് കാക്കയിലൂടെ ഞാൻ നിന്നോട് സ്‌നേഹപൂർവ്വം പറയുന്നത്. അല്ലെങ്കിൽ നിനക്ക് വിഷമിക്കേണ്ടിവരും. അപ്പോഴും എനിക്ക് വിഷമമുണ്ടാകില്ല. നിന്റെ വിഷമമൊഴിവായി നീ സന്തോഷത്തോടെ ജീവിക്കുന്നതാണ് സന്തോഷമുള്ള കാര്യം. നിന്റെ കാര്യത്തിൽ മാത്രമേ അതിനുള്ള സ്വാതന്ത്ര്യം ഞാൻ തന്നിട്ടുള്ളു. അത് നിന്റെ ഉത്തരവാദിത്വം കൂടിയാണ്. ബാക്കിയുളളവരുടെയെല്ലാം കാര്യം ഞാൻ ആ വിധം ചെയ്തിട്ടുണ്ട്. നോക്കൂ, ചത്ത എലിയെ കാക്ക തിന്നുന്നത്. നോക്കൂ ചാക്കുകുന്ന്. താമസിയാതെ അത് മലയാകും. എനിക്ക് നിന്റെ  ഭാഷാപരിജ്ഞാനമില്ലാത്തതിൽ ലജ്ജ തോന്നുന്നില്ല. പക്ഷേ എന്നെങ്കിലും നിന്റെ പിൻതലമുറ നിന്നെയോർത്തു ലജ്ജിക്കും. അതും കാക്കയിലൂടെ ഞാൻ നിന്നെയോർമ്മിപ്പിക്കുന്നു. നിനക്ക് നല്ലൊരുദിവസം നേരുന്നു.

Tags: