കൊടുക്കുക, വാങ്ങുക. മനുഷ്യസമുദായത്തിൽ പരസ്പരം എല്ലാവരും എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തി. ഇതിൽനിന്ന് ആർക്കും ഒഴിഞ്ഞുനിൽക്കുക സാധ്യമല്ല. വേണമെന്നു വിചാരിച്ചാൽ പോലും. എന്നിരുന്നാലും ചിലർക്ക് കൊടുക്കുന്നതിനേക്കാൾ താൽപ്പര്യം വാങ്ങുന്നതിനാണ്. എന്തുകൊണ്ടങ്ങനെ? ഉത്തരം വളരെ ലളിതം. കുറവാണ് പക്കലുള്ളത് എന്ന തോന്നലിൽ നിന്നാണ് കൂടുതൽ കിട്ടാനുള്ള താൽപ്പര്യം. കൂടുതൽ കിട്ടിയാൽ തന്റെ നില ഭാവിയിൽ സുരക്ഷിതമാണെന്നു കൽപ്പിച്ച് വർത്തമാനത്തിൽ സുഖം അനുഭവിക്കാൻ ശ്രമിക്കുന്നതു കൊണ്ട്. ഇതാണ് കാരണമെന്ന് അങ്ങനെയുള്ളവർ പോലും അറിയുന്നില്ല. ഒന്നുകൂടി തെളിച്ചുപറഞ്ഞാൽ അസുരക്ഷിതത്വ ബോധം അടിയിൽ നിന്ന് നയിക്കുന്നതിനാൽ. അതിനെ അതിജീവിക്കുമ്പോൾ ഉണ്ടാവുന്ന മാറ്റം അപാരമാണ്. ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെ സമഗ്രതയിൽ മാറ്റം വരുന്നു. അപ്പോൾ കൊടുക്കുന്നതും വാങ്ങുന്നതും ആ വ്യക്തി ചെയ്യുക ഒരുപോലെയാകും.
ചില വ്യക്തികളുണ്ട്, ബുദ്ധികൊണ്ട് കൊടുക്കുന്നവര്‍. അവർക്ക് തങ്ങളുടെ പ്രവൃത്തിയെക്കുറിച്ച് വളരെ മതിപ്പായിരിക്കും. അവർ ചിലപ്പോൾ തങ്ങൾ കൊടുക്കുന്ന പ്രക്രിയയെ സ്മരിച്ചുകൊണ്ട് കൊടുക്കുന്നതിനെക്കുറിച്ച് ഉപന്യാസതുല്യമായ രീതിയിൽ വാചാലരായെന്നിരിക്കും. അതും അവർ ആത്മാർഥമായി ചെയ്യുന്നതാണ്. അവർ ഭേദം തന്നെ. എങ്കിലും അവരും നയിക്കപ്പെടുന്നത് അസുരക്ഷിതത്വ ബോധത്താൽ തന്നെ. ആദ്യം സൂചിപ്പിച്ചവരുടെ തോതിലല്ലെന്നു മാത്രം. ഇവർ കൊടുക്കുന്നത് ബുദ്ധികൊണ്ടാണ്. അതായത് കൊടുക്കുന്നത് മനുഷ്യന് ആവശ്യമായ വികാരമാണെന്നും കിട്ടുന്നതിൽ ഒരു പങ്ക് കൊടുക്കേണ്ടതാണെന്നുമുള്ള ധാരണയുടെ അടിസ്ഥാനത്തിൽ. അവർ കൊടുക്കുക തങ്ങളുടെ ആവശ്യം ആദ്യം പരിഗണിക്കും. അതിനു ശേഷം, ഉള്ളതിന്റെ കുറച്ചു ഭാഗം കൊടുക്കും. അങ്ങനെ കൊടുക്കുന്നതിൽ അവർക്ക് വലിയ അഭിമാനവും സന്തോഷവും ആയിരിക്കും. കാരണം തങ്ങൾ വളരെ നല്ല പ്രവൃത്തിയാണ് ചെയ്യുന്നതെന്ന അറിവ്. അതിന്റെ പേരിലാണ് അഭിമാനം തോന്നുന്നത്. താൻ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാണെന്ന തോന്നലാണ് ആ അഭിമാനത്തെ സൃഷ്ടിക്കുന്നത്. ഇത് അപകടമാണ്. കാരണം മറ്റുള്ളവരിൽ നിന്നും ഒരാൾ വേറിട്ടവനാണ് എന്ന് എത്രമാത്രം തോന്നുന്നുവോ അയാൾ അത്രമാത്രം ആന്തരിക സംഘട്ടനത്തിലേക്ക് നയിക്കപ്പെടും. ചുരുക്കത്തിൽ ആദ്യം സൂചിപ്പിച്ചവരേക്കാൾ ആന്തരിക സംഘട്ടനത്തിലേർപ്പെടുക രണ്ടാമതു പറഞ്ഞ ബുദ്ധികൊണ്ട് കൊടുക്കുന്നവരായിരിക്കും.
കൊടുക്കുന്നത് ബുദ്ധി കൊണ്ടാവരുത്. അത് മൊത്തത്തിലാകണം. വീട്ടുമുറ്റത്തെ മുരിങ്ങ. നിറയെ മുരിങ്ങക്കായ. വിളഞ്ഞത് പറിച്ചെടുത്തപ്പോൾ ധാരാളം. ആവശ്യമെങ്കിൽ അതിൽ ഒരു ഭാഗം കമ്പോളത്തിൽ കൊടുത്ത് കാശാക്കുന്നത് കുഴപ്പമില്ല. എന്നാലും അത് വിളവെടുത്തു കൂട്ടുമ്പോൾ മനസ്സിൽ ഒരു നിറവനുഭവപ്പെടുന്നുവെങ്കിൽ ചിലരുടെ മുഖം മനസ്സിൽ തെളിയും. അവർക്കുകൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ ഉള്ളിലൊരു സുഖം അനുഭവപ്പെടും. അതാണ് കൊടുക്കുന്നതിന്റെ സുഖം. ആലോചിച്ചുനോക്കിയാൽ അറിയാം. നാം എപ്പോഴും കൂടുതൽ സുഖം അനുഭവിക്കുക കൊടുക്കുമ്പോഴാണ്. എത്ര പിശുക്കന്റെ വീട്ടിലെ ചടങ്ങായാലും അതിഥികൾ വന്നാൽ അവർ സൽക്കാരത്തിൽ പങ്കെടുത്ത് സദ്യയോ അല്ലെങ്കിൽ ഒരുക്കിയിരിക്കുന്ന വിഭവമോ കഴിച്ചുപോകാൻ അയാൾ അതിഥികളെ നിർബന്ധിക്കും. അത് മനുഷ്യനിൽ അന്തർലീനമായിക്കിടക്കുന്ന കൊടുക്കാനുള്ള സ്വഭാവത്തിന്റെ പ്രകടനമാണ്. കാരണം ആ പിശുക്കനും കൊടുക്കുന്നതിൽ നിന്ന് സുഖം തേടുന്നു. സാധാരണ ജീവിതത്തിൽ അയാൾ പിശുക്കുന്നതും സുഖത്തിനായാണ്. കാരണം ഭാവിയിലേക്കുള്ള സുരക്ഷിതത്വം ഉറപ്പു വരുത്താൻ. എന്നിട്ടും അയാൾക്ക് സുഖം കിട്ടുന്നുണ്ടാവില്ല. അതേ സമയം അയാൾ പോലും കൊടുക്കുമ്പോൾ സുഖം തേടുന്നു. അതുകൊണ്ടാണ് അങ്ങിനെയുള്ള പിശുക്കർ വൻ ധനികരായിക്കഴിഞ്ഞാൽ ആംഗലേയത്തിൽ ചാരിറ്റി എന്നു പറഞ്ഞ് കൊടുക്കൽ യജ്ഞത്തിലേർപ്പെടുന്നത്. അവിടെ തങ്ങൾ കൊടുക്കുന്നത് നാലു പേർ അറിയണമെന്നു കൂടി ആഗ്രഹം വരുന്നു. പലപ്പോഴും തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ധനാഗമ മാർഗത്തിന് കൂടുതൽ പ്രചാരം കിട്ടി കൂടുതൽ ധനം നേടുന്നത് ലക്ഷ്യമിട്ടു കൊണ്ടായിരിക്കും അത്തരം കൊടുക്കലുകൾ പോലും നടത്തുന്നത്. അവിടെയെല്ലാം ആ വ്യക്തി ഇല്ലായ്മാ ബോധത്തിന്റെ അഥവാ ആന്തരികമായ ദാരിദ്ര്യത്തിൽ നിന്ന് മുക്തമാകുന്നില്ല. അങ്ങനെയുള്ളവർ ഭക്ഷണവ്യാപാരമാണ് നടത്തുന്നതെങ്കിൽ അതിൽ മായം ചേർക്കാനും മടികാണിക്കില്ല. ഇതെല്ലാം അത്തരക്കാരെ അപാരമായ ആന്തരിക സംഘട്ടനത്തിലേർപ്പെടുത്തും. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അവർക്ക് സുഖത്തിലേക്കു നീങ്ങുന്നതിനുള്ള തീരുമാനം എടുക്കാൻ കഴിയാതെവരും. അതവരെ ഒരു പ്രശ്‌നത്തിൽ നിന്ന് മറ്റൊന്നിലേക്ക് നയിച്ചുകൊണ്ടിരിക്കും. അങ്ങിനെ വരുമ്പോൾ ചിലർ അമിത ഭക്തിയിലേർപ്പെട്ട് ആരാധനാലയങ്ങൾ കയറിയിറങ്ങി വൻ നേർച്ചകൾ നടത്തി ദിനങ്ങൾ തള്ളിനീക്കും. മറ്റ് ചിലർ ആൾദൈവങ്ങളുടെ കാൽച്ചുവട്ടിൽ ചെന്നുപെട്ടെന്നിരിക്കും.
ഇവിടെയാണ് കോശങ്ങൾ കൊണ്ട് കൊടുക്കേണ്ട അവസ്ഥയിലേക്ക് മാറുന്നതിന്റെ പ്രസക്തി. ആർക്കും ആ അവസ്ഥയിലേക്ക് മാറാവുന്നതേയുള്ളൂ, ഒന്നു മനസ്സുവച്ചാൽ. ഒരു നല്ല കറി വയ്ക്കുകയാണെങ്കിൽ അയൽപക്കവുമായി നല്ല ബന്ധത്തിലാണെങ്കിൽ അവർക്കും അതിൽ കുറച്ചുഭാഗം പങ്കുവയ്ക്കുക. ഏറ്റവും എളുപ്പമുള്ള പരിപാടിയാണത്. അതേപോലെ വീട്ടിൽ ഒരു കുല വെട്ടുകയാണെങ്കിൽ അത് സമൃദ്ധമായ കുലയാണെങ്കിൽ വെട്ടി താഴെയിറക്കുന്നതോടൊപ്പം പങ്കുവയ്ക്കാനുള്ള ഒരു സന്തോഷം ശരീരം മുഴുവൻ വ്യാപിക്കുന്നത് അറിയാൻ കഴിയും. മറിച്ച്, അവിടെ തങ്ങളുടെ ആവശ്യത്തെക്കുറിച്ച് ചിന്തിച്ച്, അത് മനസ്സുകൊണ്ട് അളന്നതിനു ശേഷം കുറച്ച് ആരെങ്കിലുമായി പങ്കുവയ്ക്കുക എന്നതിലേക്കു വരുമ്പോൾ അവിടെ കൊടുക്കലിലെ സുഖം നഷ്ടമാകും. നമ്മളിലേക്ക് എന്തെങ്കിലും സമൃദ്ധമായി വരുമ്പോൾ അത് ആരെങ്കിലുമായി പങ്കുവയ്ക്കുക എന്ന തോന്നൽ അറിയാതെ വരണം. കൊടുത്തുശീലിച്ചു തുടങ്ങിയാൽ അത് താനേ വരും. അങ്ങിനെയൊരു സ്വഭാവം ആർജിക്കുന്ന പക്ഷം എന്തും ധാരാളം വന്നുചേരുമെന്നുള്ളതും പ്രകൃതി നിയമമാണ്. ഉദാഹരണം സ്‌നേഹം എന്ന വികാരമാണ്. അത് കൊടുക്കുന്നതിനനുസരിച്ച് കൊടുക്കുന്നവർക്ക് കിട്ടുമെന്നു പറയുന്നതിന്റെ പിന്നിൽ ഒരു ശാസ്ത്രമുണ്ട്. എല്ലാവരും സ്‌നേഹത്തിനുവേണ്ടി കേഴുന്നതിനാലാണ് സ്‌നേഹത്തില്‍ മിക്കവരും ദുഖം നേരിടുന്നത്. എന്താണോ ആൾക്കാർ മറ്റുള്ളവർക്ക് കൊടുക്കുന്നത് അതിലവർ ധനികരായിരിക്കും. അതിനുവേണ്ടി അവർക്ക് യാചന നടത്തേണ്ടിവരില്ല. അതുകൊണ്ടുതന്നെ അതവരുടെയടുത്തേക്ക് ധാരാളം വന്നുചേരും. കാരണം അവരിൽ അത് ആകർഷണശക്തിയായി പ്രവർത്തിക്കുന്നതിനാൽ. അവർക്കത് ആവശ്യമുണ്ടാവില്ല താനും. എന്നിരുന്നാലും അതവർ തിരസ്‌കരിക്കില്ല. കാരണം അവരെ സംബന്ധിച്ചിടത്തോളം കൊടുക്കുന്നതും വാങ്ങുന്നതും ഒരേ പ്രക്രിയയാണ്. അത് ഗതിയാണ്. ആ ഗതിയുടെ ഭംഗി സൃഷ്ടിക്കുന്ന ഘട്ടങ്ങളാണ് ഈ രണ്ട് സന്ദർഭങ്ങളും. നദിയുടെ വളവുതിരിവുകൾ പോലെ. ഇവ്വിധം കോശങ്ങൾ കൊണ്ട് കൊടുത്തുതുടങ്ങുമ്പോൾ അറിയാതെ ഉണ്ടാവുന്ന അനേകായിരം രാസപരിണാമങ്ങളുണ്ട്. അത് വ്യക്തിത്വത്തിലും ശരീരത്തിലും ഒരേപോലെ സ്വാധീനിക്കും. അത് സുഖകരവും ആരോഗ്യകരവുമായിരിക്കും. തന്നിലേക്കു വന്നുചേരുന്നതെല്ലാം മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ളതാണെന്നുള്ള കോശസ്മൃതി ആ വ്യക്തികളിലുണ്ടാകും. അങ്ങനെ വരുമ്പോൾ മറ്റുളളവരും താനും എന്നുള്ള അകലം അവിടെ കുറയും. എത്രമാത്രം അത് കുറയുന്നുവോ അത്രമാത്രം ആ വ്യക്തി ആന്തരികസംഘട്ടനങ്ങളിൽ നിന്ന് വിമുക്തമാകും. ഈ ഗുണം ബുദ്ധികൊണ്ട് കൊടുത്താൽ കിട്ടില്ല. ചിലപ്പോൾ മനം നിറഞ്ഞ് കൊടുക്കുന്നതിനേക്കാൾ ബുദ്ധികൊണ്ട് കൊടുത്തെന്നുമിരിക്കും. കാരണം തന്നിൽ ആദ്യം സ്ഫുരിച്ച തോന്നൽ ചിലപ്പോൾ അവരേക്കൊണ്ട് അങ്ങനെ ചിന്തിപ്പിക്കും. അപ്പോൾ കൊടുക്കേണ്ടതിന്റെ മാഹാത്മ്യത്തെക്കുറിച്ച് കൂടുതൽ ബോധ്യം വരും. അപ്പോൾ സ്വയം ആ ബോധത്തിലേക്കുയരുന്നതിന് കൂടുതൽ കൊടുത്തെന്നുമിരിക്കും.
ബുദ്ധികൊണ്ട് കൊടുക്കുന്നവർക്ക് കൊശങ്ങൾകൊണ്ട് കൊടുക്കുന്നതിലേക്കുയരാൻ വളരെ എളുപ്പമാണ്. കൊടുക്കുന്ന ശീലമുള്ളതിനാൽ ചിലപ്പോഴെങ്കിലും അങ്ങിനെയുള്ളവർ കോശപ്രേരണയെന്നോണം കൊടുത്തിട്ടുണ്ടാകും. ആ സന്ദർഭങ്ങൾ ആലോചിച്ചാൽ ബുദ്ധികൊണ്ട് കൊടുക്കുന്നതും കോശങ്ങൾകൊണ്ട് കൊടുക്കുന്നതും തമ്മിലുള്ള വ്യത്യാസം അറിയാൻ കഴിയും. ബുദ്ധികൊണ്ട് കൊടുക്കുന്നവരുടെ ഏറ്റവും വലിയ ഗുണം അവർ ബുദ്ധിയെ ആശ്രയിക്കുന്നു എന്നുള്ളതാണ്. അതിനാൽ അവർക്ക് ഈ വ്യത്യാസം കണ്ടെത്താൻ പ്രയാസമുണ്ടാവില്ല. അതവർക്ക് ബോധ്യമാകുന്ന പക്ഷം സ്വീകരിക്കാനും ബുദ്ധിമുട്ടുണ്ടാവില്ല. സ്വീകരിച്ചുകഴിഞ്ഞാൽ അവർക്കത് പരിശീലിക്കാവുന്നതേയുള്ളു. ചിലപ്പോൾ വീണ്ടും ബുദ്ധികൊണ്ട് കൊടുക്കാനുള്ള ത്വര അറിയാതെ വന്നെന്നിരിക്കും. അപ്പോൾ സ്വയം കുറ്റപ്പെടുത്തേണ്ടതില്ല. ആ തോന്നലിന് നന്ദി പറയാം. കാരണം കണ്ണാടിയിലെന്ന വണ്ണം അവർക്ക് അവരെത്തന്നെ കാണാനുള്ള അവസരമാണ്. ആ അറിവോടുകൂടി ബുദ്ധികൊണ്ടുള്ള കൊടുക്കലിൽ നിന്ന് അവർക്കുള്ള പിന്മാറ്റം സംഭവിക്കും. അധികം താമസിയാതെ തന്നെ അവർക്ക് കൊശങ്ങൾ കൊണ്ടുള്ള കൊടുക്കൽ പ്രക്രിയയിലേക്ക് പ്രവേശിക്കാൻ കഴിയും. ഇത് അവരുടെ ജീവിതത്തെ ആസ്വാദ്യമാക്കും. ആ ആസ്വദ്യത അവർക്ക് പെട്ടന്ന് അറിയാൻ കഴിയുന്നതു കൊണ്ടാണ് ബുദ്ധി കൊണ്ട് കൊടുത്തു ശീലിച്ചവർക്ക് വളരെ പെട്ടന്ന് കൊശങ്ങൾ കൊണ്ടുള്ള കൊടുക്കലിലേക്ക് കടക്കാൻ കഴിയുമെന്ന് പറയുന്നത്. അതേ സമയം ആദ്യം സൂചിപ്പിച്ചവർക്ക് ഈ അവസ്ഥയിലേക്ക് പ്രവേശിക്കണമെങ്കിൽ നന്നേ പ്രയാസം തന്നെയാണ്. അസാധ്യമല്ലെന്നു മാത്രം.