ആടിന്റെ കരച്ചിലും ഉറക്കനഷ്ടവും

Glint Staff
Sat, 05-04-2014 12:31:00 PM ;

 

ഒരു സന്ധ്യയ്ക്ക് അയൽപക്കത്തുനിന്ന് ആടിന്റെ കരച്ചിൽ. അതും ഇടതടവില്ലാതെ. കുഞ്ഞാടല്ല. അൽപ്പം മുതിർന്നതാണെന്ന് സ്വരം വിളിച്ചറിയിച്ചു. ഇതേ അയൽപ്പക്കത്തെ പഴയൊരോർമ്മ അപ്പോൾ പൊന്തിവന്നു. ഒരു പോത്തിനെ ആചാരത്തിന്റെ ഭാഗമായി അറുത്ത സംഭവം. വളരെ സമാധാനപ്രിയരും സൗമ്യരും സ്നേഹസമ്പന്നരുമാണ് ഈ അയൽപക്കത്തെ വീട്ടുകാർ. എല്ലാവരുമായും വളരെ സ്നേഹത്തോടെ ഇടപെടുന്നവർ. മതാചാരങ്ങൾ അനുഷ്ഠിക്കുമ്പോഴും ഒരുവിധ വർഗ്ഗീയ പരിഗണനകളുമില്ലാതെയാണ് അവർ എല്ലാവരോടും ഇടപെടാറുളളത്. പ്രദേശത്തെ അവരുടെ സ്വീകാര്യതയുടെ പ്രധാന കാരണവും അതാണ്. പോത്തിനെ അറുത്ത് പരിസരത്തുള്ള തങ്ങളുടെ ബന്ധുക്കൾക്ക് ദാനം നൽകി. രാത്രിയിൽ പോത്തിനെ വെട്ടിയതും പങ്ക് വയ്ക്കാൻ വേണ്ടി പകുക്കുന്നതുമൊക്കെ നേരിയ നിഴലാട്ടം പോലെ കണ്ടതാണ് ആടിന്റെ കരച്ചിലിലൂടെ പൊന്തിവന്നത്. ആടിന്റെ നിർത്താതെയുള്ള കരച്ചിൽ മനുഷ്യരുടെ ദയനീയമായ കരച്ചിലിനെ ഓർമ്മിപ്പിച്ചു. കൊല്ലാൻ കൊണ്ടുപോകുമ്പോഴുളള അതേ നിലവിളി. ഏതാനും നിമിഷങ്ങൾ കഴിയുമ്പോൾ ഈ ആട് അറുക്കപ്പെടുമെന്നുള്ള ചിന്തയിൽ അതിന്റെ മനുഷ്യരുടേതുപോലുള്ള നിലവിളി അസഹനീയമായി. എങ്ങനെ ഇത്രയും സൗമ്യനായ ആ അയൽവാസിക്ക് ഈ ആടിനെ വീട്ടിൽ കൊണ്ടുവന്ന് കെട്ടി അറുക്കാൻ കഴിയുന്നു. മതാചാരങ്ങളേക്കുറിച്ച് ചിന്ത വന്നു.

 

ആടിന്റെ കരച്ചിൽ നിർത്താതെ തുടർന്നപ്പോൾ മൃഗങ്ങൾക്ക് വരാൻ പോകുന്ന അപകടത്തെ മുൻകൂട്ടി അറിയാനുള്ള കഴിവിനെക്കുറിച്ച് ചിന്തയായി. ഒരിക്കൽ തെങ്ങിന്റെ മൂട്ടിൽ കെട്ടിയിരിക്കുകയായിരുന്ന മറ്റൊരു ആട് പെട്ടന്ന് സമീപത്തുള്ള ഒരു കോൺക്രീറ്റ് സ്ട്രക്ചറിന്റെ അടിയിലേക്ക് സ്വയം തിരുകി കയറിനിൽക്കുന്നതു കണ്ടു. തൊട്ടുപിന്നാലെ ആ ആട് നിന്ന സ്ഥലത്ത് ഓല അടർന്നുവീണു. ആട് അങ്ങിനെ കയറി നിന്നില്ലായിരുന്നെങ്കിൽ തീർച്ചയായും ആ ഓല ആടിന്റെ മുകളിൽ വീഴുമായിരുന്നു. ഓല വീഴാൻ പോകുന്നതിന്റെ സന്ദേശം മുൻകൂട്ടി ലഭിച്ചതിനെത്തുടർന്ന് സ്വയരക്ഷയക്ക് കയറി നിന്നതുപോലെയായിരുന്നു അത്. അപ്പോഴാണ് ഇത്തരത്തിൽ ഓലവീണ് പരിക്കേറ്റ പശുവിനെക്കുറിച്ചോ ആടിനേക്കുറിച്ചോ അതുവരെ കേട്ടിട്ടില്ലാത്ത കാര്യം ഓർമ്മ വന്നത്. മനുഷ്യശരീരത്തെ കോശങ്ങൾ പരസ്പരം ഏർപ്പെടുന്നതുപോലെ പ്രകൃതിയിലെ എല്ലാ സൃഷ്ടികൾ തമ്മിലും പരസ്പരസംവേദനമുണ്ട്. ഞാന്നുകിടക്കുന്ന തുമ്പിലേക്ക് എത്തിപ്പിടിക്കുന്ന പാവലിന്റെ വള്ളിയെ കാണുമ്പോൾ ആ സംവേദനത്തിന്റെ ശക്തിയും സവിശേഷതയും കാണാൻ കഴിയും. മനുഷ്യൻ എപ്പോഴും ഒരുപാടു ചിന്തയിൽ മുഴുകി നടക്കുന്നതിനാൽ അവനു മാത്രം (അവൾക്കും) ഈ സംവേദനം പിടികിട്ടാതെ പോകുന്നു. ആടിന്റെ കരച്ചിൽ ഇത്തരം ചിന്തകളിലേക്ക് കൊണ്ടുപോയെങ്കിലും കരച്ചിലിന്റെ ദയനീയത അലട്ടിക്കൊണ്ടിരുന്നു.

 

ഒരു അപകടത്തിൽ പെട്ടുകിടക്കുന്ന ജീവിയാണെങ്കിൽ രക്ഷപ്പെടുത്താനുള്ള അവസരമുണ്ട്. കരച്ചിൽ വല്ലാതെ ശക്തമായപ്പോൾ ആടിന്റെ തൊണ്ട കുഴഞ്ഞുതുടങ്ങി. അതനുസരിച്ച് കരച്ചിൽ ഇടർച്ചയോടെയായി. ഈ രോദനം ഉറങ്ങാൻ കിടന്നപ്പോൾ ഉറക്കത്തെ അലോസരപ്പെടുത്തി. അയൽവാസിയെ വിളിച്ച് പറയുകയാണെങ്കിൽ അയാൾക്കുണ്ടാകുന്ന വിഷമം ആടിനെ അറുക്കുന്നതാലോചിക്കുന്നതിനേക്കാൾ ദുഷ്കരം. ഉറക്കം തടസ്സപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങി. സ്വരം മോശമാകുന്നു എന്നു കണ്ടപ്പോൾ ആട് കരച്ചിലിന്റെ ശക്തി കൂട്ടി. അതനുസരിച്ച് ദൈന്യതയുടെ രോദനഭാവവും ഇരട്ടിച്ചു. ഉറങ്ങാൻ പറ്റില്ലെന്നായപ്പോൾ എഴുന്നേറ്റിരിക്കാൻ തീരുമാനിച്ചു. കുറേക്കഴിഞ്ഞപ്പോൾ പണ്ടെങ്ങോ അയൽവാസി പറഞ്ഞ ഒരു സംഗതി ഓർമ്മയിലെത്തി. അയാളുടെ ഒരു ബന്ധു ഒരാടിനെ കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തതായി പറഞ്ഞത്. അതോർത്തതോടെ ഏതോ തടവറയിൽ നിന്ന് പുറത്ത് ചാടിയ അനുഭൂതി. ആടിന്റെ കരച്ചിൽ തുടർന്നു. രോദനം സ്ഥലം മാറിയതിനെ തുടർന്നാണെന്ന് ഉറപ്പിച്ചു. അതു സ്വാഭാവികം. അതിൽ വലിയ കാര്യവുമില്ല. പിന്നെ ഉറങ്ങാൻ കിടന്നു. അൽപ്പനേരം കഴിഞ്ഞ് സുഖമായി ഉറങ്ങി. രാത്രിയിലെ കരച്ചിൽ ബുദ്ധിമുട്ടായിക്കാണും എന്നു മനസ്സിലാക്കി അയൽവാസി അൽപ്പം ക്ഷമാപണത്തോടെ പിറ്റേന്നു രാവിലെ കാണാൻ വന്നു. അറുക്കാനുള്ളതല്ല, വളർത്താനുള്ളതു തന്നെ. സമാധാനം.

 

ഇവിടെ ഉറക്കം കെടുത്തിയത് പാവം ആടാണോ. അല്ല. ആടിനെ അറുക്കുമല്ലോ എന്ന ചിന്തയാണ്. ആ ചിന്ത മാറിയപ്പോൾ ഉറങ്ങുകയും ചെയ്തു. എല്ലാ ഉറക്കം കെടുത്തലിനും അസ്വസ്ഥതകൾക്കും കാരണം ആ വ്യക്തിയുടെ ചിന്തകളാണ്. മരണത്തിനു മുൻപുള്ള, മനുഷ്യന്റെ കണക്കുള്ള, രോദനമാണ് ഇവിടെ ഉറക്കം കെടുത്തിയത്. ആ ചിന്തയുള്ള വ്യക്തിയിൽ ആടിന്റെ രോദനം മരണത്തെ ഓർമ്മിപ്പിക്കുന്നു. മരണത്തോടുള്ള ഭീതിയും അതെടുത്തെത്തുന്നുവെന്നുള്ള അറിവാണ് ഇത്രയധികം അസ്വസ്ഥമാക്കിയത്. മരണത്തെ കാണാനുള്ള ഭീതിയാണ് ആ ചിന്ത കടന്നൽ പോലെയാകുന്നത്. എന്നാൽ പലപ്പോഴും നമുക്ക് നമ്മുടെ ഉറക്കം കെടുത്തുന്നതിനും സ്വസ്ഥത നഷ്ടമാകുന്നതിനും മറ്റുളളവരെ പഴിചാരി അവരുടെ മേൽ ചാരാനുളള വ്യഗ്രതയുണ്ടാകും. അത് സ്വന്തം ചിന്തയെ കാണാൻ കഴിയാതെ വരുമ്പോഴുണ്ടാകുന്ന അവസ്ഥയാണ്. അത് വ്യക്തിബന്ധങ്ങളുടെ നാശത്തിലേക്കും അക്രമങ്ങളിലേക്കും നീങ്ങുന്നതും കാണാം. ഉള്ളിലുളള ചിന്തകളാണ് ശത്രുരൂപത്തിലുള്ളതെന്ന് തിരിച്ചറിയാൻ കഴിയാതെ പുറത്തെ ശത്രുവിനെ പരാജയപ്പെടുത്തി ആശ്വാസം കാണാൻ ശ്രമിക്കുകയാണ് പലരും പലപ്പോഴും. ഓർമ്മകളാണ് പലപ്പോഴും ഇത്തരം ചിന്താഭീകരരെ സൃഷ്ടിക്കുന്നത്. ഇവിടെ തന്നെ അയൽവാസിയുടെ വീട്ടിൽ മുൻപൊരിക്കൽ ബലിയറുക്കൽ നടന്നതാണ് ഈ ആടിന്റെ കരച്ചലിനെ മരണരോദനമാക്കിയത്.