ഇടച്ചിറയിലെ ഇടവഴിബോർഡ്

Glint Guru
Sun, 25-05-2014 12:42:00 PM ;

 

ന്യൂകൊച്ചിയുടെ ഹൃദയഭാഗമായ ഇൻഫോപാർക്കിന്റെ സമീപത്തുള്ള നാലും കൂടിയ മുക്കാണ് ഇടച്ചിറ. അത്യാധുനിക ഫ്ലാറ്റ് സമുച്ചയങ്ങളുടേയും ഗ്ലോബൽ സ്കൂളുകളുടേയും കൂടി കേന്ദ്രമാണ് കുന്നുകളും താഴ്വരകളും നിറഞ്ഞ, കടമ്പ്രയാറിനാൽ തഴുകപ്പെട്ടു കിടക്കുന്ന ഈ പ്രദേശം. ഇടച്ചിറ ജംഗ്ഷനിൽ നിന്നുള്ള വഴികളെല്ലാം തന്നെ പുത്തൻ വീടുകളാലും നിറഞ്ഞുവരുന്നു. ഒരു ഗ്ലോബൽ സ്കൂളിന്റെ മുന്നിലെ ഇടവഴിയുടെ തുടക്കത്തിലുള്ള ഒരു ബോർഡ് അതുവഴി പോകുന്നവരുമായി സംസാരിക്കുന്നു. ബോർഡിലെ എഴുത്ത് ഇതാണ്: ഇത് പൊതുവഴിയല്ല, ഇവിടെ മൂത്രമൊഴിക്കരുത്. ആ ബോർഡ് വച്ചിരിക്കുന്ന വഴി ഒരു വീട്ടിലേക്കുള്ളതാണ്. ഇടച്ചിറ ജംഗ്ഷനിൽ മലയാളികളെ കാണുക പ്രയാസം. മുഴുവൻ തന്നെയെന്നു പറയാവുന്നവിധം മറുനാടൻ തൊഴിലാളികളാണ്. ബോർഡ് അവരെയെങ്ങും ഉദ്ദേശിച്ചല്ല. മലയാളിയോടാണ് ബോർഡിലൂടെ മുന്നറിയിപ്പ് നൽകുന്നത്. ബോർഡ് വച്ച മലയാളിയും ബോർഡ് വായിക്കുന്ന മലയാളിയും റോഡിൽ മൂത്രമൊഴിക്കുന്ന മലയാളിയും എല്ലാം മലയാളിയാണെന്നു കാണിക്കുന്ന സത്യസന്ധമായ ബോർഡാണ് അത്. പൊതുവഴിയാണെങ്കിൽ അവിടെ മൂത്രമൊഴിക്കാം എന്ന, ബോർഡ് വച്ച മലയാളിയുടെ ബോധത്തിൽ നിന്നാണ് ആ മലയാളി മറ്റ് മലയാളിയെ ഓർമ്മിപ്പിക്കുന്നത് ഇത് പൊതുവഴിയല്ലെന്ന്. ആ വഴിയിൽ അതുവഴി പോകുന്ന മലയാളി മൂത്രമൊഴിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനാലും അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാലുമാകും ആ വീട്ടുകാരൻ മലയാളി  അവ്വിധം ബോര്‍ഡ് വച്ചത്.

 

ഈ ബോർഡ് യഥാർഥത്തിൽ മലയാളിയുടെ കൃത്യമായ ചിത്രം കാട്ടിത്തരുന്നു. എന്തുകൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും അലങ്കോലപ്പെടുകയും അന്യാധീനപ്പെടുകയും അഴുകിനാറുകയും ചെയ്യുന്നു എന്നതിനുള്ള ഉത്തരം ഈ ബോർഡ് പേറുന്നുണ്ട്. പ്രകൃതി കനിഞ്ഞിട്ടുള്ളതിനാൽ ഒരുപാട് സുഖസൗകര്യങ്ങൾ അനുഭവിക്കുന്ന മലയാളിക്ക് സാമൂഹികബോധവും കൂട്ടായ്മാബോധവും കുറയുന്നു എന്നത് സ്വാഭാവികമാണ്. പലപ്പോഴും പോരായ്മകളും ബുദ്ധിമുട്ടുകളും മനുഷ്യരെ ഒന്നിപ്പിക്കാറുണ്ട്. കാരണം അത് അപരനും താനും തമ്മിൽ വലിയ വ്യത്യാസമില്ല എന്ന തരത്തില്‍ ഒരു സമാനതാബോധം വ്യക്തികളുടെ ഉപബോധ മനസ്സിൽ ഉണ്ടാക്കുന്നതിനാലാണ്. ഒറ്റയ്ക്ക് താമസവും വീട്ടിനുള്ളിൽ തന്നെ കുടുംബാംഗങ്ങളിൽ നിന്നുപോലും അകന്ന് ഒറ്റയ്ക്ക് മുറിക്കുളളിൽ അടച്ചിരിക്കൽ ശീലിക്കുകയും ചെയ്ത മലയാളിക്ക് സാമൂഹികബോധം, ബുദ്ധിപരമായ ഔന്നത്യത്തിന്റെ സഹായത്തോടെ വികസിപ്പിച്ച് സ്വന്തം സ്വഭാവസവിശേഷതയിൽ സന്നിവേശിപ്പില്ലെങ്കിൽ, ഉണ്ടാവുക പ്രയാസം. ആ സാംസ്കാരിക ചാലിലൂടെയുള്ള നടത്തത്തിലാണ് മലയാളിയിൽ കണ്ടാൽ തിരിച്ചറിയാൻ പറ്റാത്തതും ഗുപ്തവുമായ സ്വാർഥത ഉടലെടുക്കുക. ആ സ്വാർഥതയിൽ, സ്വന്തമെന്ന വല്ലാത്തൊരു ബോധത്തിൽ, മലയാളി കുടുങ്ങിപ്പോകുന്നു. സ്വന്തമല്ലാത്തത് എങ്ങനെയോ ആയിക്കൊള്ളട്ടെ എന്നൊരു തോന്നലും ഈ അമിത സ്വന്തബോധത്തിൽ മലയാളിൽ കയറിക്കൂടിയിരിക്കുന്നു. കൂട്ടത്തിൽ, ദൈവത്തിന്റെ സ്വന്തം നാട് എന്നുള്ള പ്രയോഗം കൂടി ഇടയ്ക്കിടെ കേൾക്കുകയും കാണുകയും പറയുകയും ചെയ്യുന്നതോടുകൂടി സ്വന്തം എന്നുള്ളത് മലയാളിയുടെ സ്വന്തമായി മാറുന്നു.

 

കൊച്ചി നഗരത്തിൽ തന്നെ പലയിടങ്ങളിലും ഇവിടെ മൂത്രമൊഴിക്കരുത്, ഇവിടെ ചവറിടരുത് എന്നിങ്ങനെ ബോർഡ് വച്ചിട്ടുണ്ട്. അത്തരം ബോർഡുകൾ കാണുമ്പോൾ ആൾക്കാർക്കൊരു പ്രത്യേക തിരിച്ചറിവാണ്, അത് മൂത്രമൊഴിക്കാനും ചവറിടാനുമുള്ള സ്ഥലവുമാണെന്ന്. അങ്ങനെയുള്ള സ്ഥലങ്ങളെല്ലാം തന്നെ ദുർഗന്ധപൂരിതവും മലീമസവുമാണ്. അത്തരത്തിലാകാൻ സർവഥാ സകലവിധ സൗകര്യങ്ങളും ഒത്തിണങ്ങിയതുമായിരിക്കും ഈ സ്ഥലങ്ങൾ. അതുകൊണ്ടാണ് പ്രാഥമികമായി അങ്ങനെയാകുന്നത്. അത് സഹിക്കവയ്യാതെ വരുമ്പോഴാണ് ബോർഡ് വയ്ക്കുന്നത്. അതുകൊണ്ട് പ്രയോജനവുമില്ല. സ്വാഭാവികമായി ആൾക്കാർ വീണ്ടും പഴയ പ്രക്രിയ തുടരുന്നതിനാൽ ക്രമേണ അത്തരത്തിൽ ബോർഡ് വച്ചിട്ടുള്ളിടം അത്തരത്തിലുള്ള പ്രക്രിയകൾക്കുള്ള ഇടമാണെന്ന ബോധം അറിയാതെ ആൾക്കാരിൽ പ്രവേശിക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള ബോധം അറിയാതെ ഉളളിൽ പ്രവേശിച്ചതിന്റെ പ്രത്യക്ഷ പ്രതിഫലനമാണ് ഇതു പൊതുവഴിയല്ല, ഇവിടെ മൂത്രമൊഴിക്കരുത് എന്നൊരു ബോർഡ് പ്രദർശിപ്പിക്കാനുള്ള കാരണം. മലയാളിയുടെ ഉള്ളിൽ കയറിക്കൂടിയ ജീർണ്ണസമാനമായ ഒരു സ്വഭാവസവിശേഷതയുടെ പ്രകടിതഭാവമാണ് നാം ഇന്ന് കേരളത്തിൽ എവിടെ താമസിച്ചാലും അവിടെയെല്ലാം മൂക്കിൽ തളഞ്ഞുകയറിക്കൊണ്ടിരിക്കുന്ന മാലിന്യം അഴുകിയതിന്റെ രൂക്ഷഗന്ധം. നഗരങ്ങളിലും ഗ്രാമങ്ങളിലും ഇത് ഒരുപോലെ ആയിക്കഴിഞ്ഞിരിക്കുന്നു. ഈ സ്വഭാവസവിശേഷത നമ്മുടെ പ്രതിനിധികളിലും ഉണ്ടാവുന്നു. ഉള്ളിൽ നിന്ന് മാലിന്യം പോകാതെ പുറത്തെ മാലിന്യവും അത് സൃഷ്ടിക്കുന്ന ദുർഗന്ധവും പോകില്ല.

 

മനുഷ്യൻ എന്ന നിലയിൽ സ്വയം ബഹുമാനിക്കാൻ കിട്ടുന്ന അവസരമാണ് നാം മറ്റുള്ളവരോട് പെരുമാറുന്ന നിമിഷങ്ങളും അവസരങ്ങളും. മാൻഹോളിൽ മനുഷ്യൻ ഈ ഡിജിറ്റൽ യുഗത്തിൽ ഇറങ്ങുന്നതും ഇറങ്ങാൻ അനുവദിക്കുന്നതും ഹീനവും മനുഷ്യത്വരഹിതവുമാണെന്ന് സ്വയം അറിയണമെങ്കിൽ മനുഷ്യൻ എന്ന നിലയിൽ സ്വന്തമായി ബഹുമാന്യതയും സ്നേഹവും ഉണ്ടാകണം. അതില്ലാത്തതിന്റെ പേരിലാണ് തമിഴര്‍ ഉൾപ്പടെയുള്ള അന്യസംസ്ഥാന തൊഴിലാളികളെ നാം ഇപ്പോഴും മാൻഹോളിൽ ഇറക്കി നമ്മുടെ ദേഹം നാറാതെ കാര്യങ്ങൾ സാധിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം രണ്ട് തമിഴ് സ്വദേശികളാണ് കൊച്ചിയിൽ നമ്മുടെ മാൻഹോളുകളിൽ ഇറങ്ങി അതു വൃത്തിയാക്കുന്നതിനിടയിൽ മരിച്ചത്. അവരുടെ കുടുംബാംഗങ്ങൾ എവിടെയെന്നോ എങ്ങനെ ജീവിക്കുന്നു എന്നോ ഒന്നും ഇവിടുത്തെ മാധ്യമങ്ങൾക്ക് പ്രശ്നവുമല്ല. കാരണം പൈങ്കിളിസ്കോപ്പ് അവയക്ക് തീരെ ഇല്ലാത്തതിനാൽ കമ്പോളമൂല്യം കുറവാണ്.

 

മൂന്നു നേരം കുളിക്കുകയും എപ്പോഴും വെടിപ്പുള്ള വസ്ത്രം ധരിക്കുകയും ചെയ്യുന്ന മലയാളിയുടെ വൃത്തിബോധവും കാണിക്കുന്നതാണ് ഇടച്ചിറയിലെ ഇടവഴിബോർഡ്. തൊട്ടടുത്ത പൊതുവഴിയിൽ നിന്നുള്ള മൂത്രത്തിന്റെ ഗന്ധം സഹിച്ചുകൊള്ളാം എന്നൊരു സമ്മതം കൂടി ആ ബോർഡിലുണ്ട്. സ്വന്തം വഴിയിൽ നിന്നും പൊതുവഴിയിൽ നിന്നും വരുന്ന ഗന്ധത്തിന് ഒരേ ഗന്ധമാണെന്നുള്ള അറിവിലേക്കുയാരാൻ ചില തടസ്സങ്ങൾ മലയാളിയിൽ അവശേഷിക്കുന്നു. സ്വന്തം വീട്ടുമുറ്റത്തു നിൽക്കുന്ന ചെടി കണ്ടാലേ ആസ്വദിക്കാൻ കഴിയൂ എന്നുള്ള മാനസികാവസ്ഥയിൽനിന്നാണ് ആ സ്വഭാവം ജനിക്കുന്നത്. ഇത് മലയാളിയുടെ സൗന്ദര്യബോധത്തേയും എടുത്തുകാണിക്കുന്നു. സൗന്ദര്യ ആരാധനയേക്കാൾ മറ്റുള്ളവരിൽ അസൂയ ജനിപ്പിക്കുക എന്നതിലാണ് മലയാളിയുടെ സൗന്ദര്യബോധം ബന്ധപ്പെട്ടുകിടക്കുന്നത്. അതിനാലാണ് മറ്റുള്ളവന്റെ മുറ്റത്ത് നല്ലൊരു ചെടി കാണുമ്പോൾ അതെന്റേയും മുറ്റത്തുവേണം എന്ന തോന്നലുണ്ടാവുന്നത്. അതായത് സ്വന്തവുമായി ബന്ധപ്പെട്ടുകിടക്കുന്ന സൗന്ദര്യബോധം. ഒരു സുന്ദരിയായ യുവതിയെ കാണുമ്പോൾ ആ യുവതിയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയാതെ അവിടെയും സ്വന്തവുമായി ചേർത്തുവച്ചുകൊണ്ടുള്ള സൗന്ദര്യബോധത്തിൽ നിന്നുയരുന്ന വൈകൃതമല്ലേ ഈ തൊടീലും മാന്തലും അള്ളലും കടന്നുപിടിയും അതിന്റെ അളവുകൂടി അങ്ങേയറ്റം പീഡനം വരെ എത്തുന്നതെന്ന് ചിന്തിച്ചാൽ കുറ്റം പറയാനാകില്ല. ഈ സ്വന്തവുമായി ബന്ധപ്പെട്ടുകിടക്കുന്ന സ്വഭാവസവിശേഷത ഓരോ മലയാളിയിലും പൊതുവായി താരതമ്യേന ഏറിയും കുറഞ്ഞും കാണുന്നു. അതിന്റെ മറയില്ലാത്ത ഉദാഹരണമാണ് ഇടച്ചിറയിലെ ഇടവഴി ബോർഡ്.

Tags: