യോഗയ്ക്കിടയിലെ അപശബ്ദം ദിവസം കൊന്ന തലവേദനയായപ്പോൾ

Glint Guru
Thu, 19-01-2017 12:03:29 PM ;

yoga

source

 

അതിരാവിലെ എഴുന്നേറ്റ് പ്രഭാത കർമ്മങ്ങളും കുളിയും കഴിഞ്ഞ വീട്ടമ്മ. അവരുടെ കുളി കഴിഞ്ഞിറങ്ങിയപ്പോഴേക്കും ഭർത്താവ് നടക്കാനിറങ്ങി. വീട്ടമ്മ യോഗാഭ്യാസത്തിലേക്കും. നടത്തം കഴിഞ്ഞു വരുന്ന ഭർത്താവിന് കതക് തുറന്നുകൊടുക്കുന്നതിനുവേണ്ടി യോഗയ്ക്കിടെ എഴുന്നേൽക്കാതിരിക്കാനായി അവർ മുൻവശത്തെ വാതിൽ കുറ്റിയിടാതെ ചാരുകമാത്രം ചെയ്തു. നായയെ കൂട്ടിൽ കയറ്റിയിട്ടില്ല. ഭർത്താവ്, നായ പുറത്തിറങ്ങാത്ത വിധം ഗേറ്റ് തുറന്ന് പുറത്തു നിന്ന് താഴിട്ടാട്ടാണ് നടക്കാൻ പോയത്. നായയെ കൂട്ടിൽ കയറ്റാത്തതിനാലാണ് വീട്ടമ്മ മുൻവശത്തെ കതക് അകത്തു നിന്നു കുറ്റിയിടാതെ യോഗ ചെയ്യാൻ തീരുമാനിച്ചതും. നേരം വെളുക്കുന്നതിനു മുൻപ്, വീട്ടമ്മയുടെ യോഗ തീരും മുൻപേ ഭർത്താവ് നടത്തം കഴിഞ്ഞു തിരിച്ചെത്തി. അപ്പോഴേക്കും വീട്ടമ്മയുടെ യോഗ ഏതാണ്ട് ഒരു മണിക്കൂറോളമായി. അവർ രണ്ടും മാത്രമേ വീട്ടിലുള്ളു.

 

പ്രഭാത ഭക്ഷണം കഴിക്കാനിരുന്നപ്പോൾ വീട്ടമ്മ പറഞ്ഞു: 'വല്ലാത്ത തലവേദന. താങ്കൾ നടക്കാൻ പോയിട്ട് വന്ന് ഗേറ്റിന്റെ താഴെടുക്കുന്ന ആ ശബ്ദം കേട്ടപ്പോൾ തുടങ്ങിയതാ. ഒരു മിന്നൽ പോലെ അന്നേരം തോന്നി. പിന്നെ തലവേദനയായി മാറി.'

 

യോഗാഭ്യാസം ശാരീരിക വ്യായാമത്തിനോ തടി കുറയ്ക്കാനോ അല്ലെങ്കിൽ ശരീര വടിവിനോ വേണ്ടിയല്ല എന്നുള്ളതിന്റെ   ഉത്തമ ഉദാഹരണമാണ് ഈ വീട്ടമ്മയനുഭവിക്കുന്ന തലവേദന പറഞ്ഞു തരുന്നത്. വീട്ടിൽ ഒറ്റയ്ക്കാവുമ്പോൾ അവരറിയാതെ തന്നെ അവരുടെ ഉള്ളിൽ ചെറിയൊരു ഭീതി ഉണ്ടാകാം. വിശേഷിച്ചും ഇരുട്ടിയ നേരങ്ങളിൽ. എന്നാൽ ആ പേടി വെളുപ്പാൻ കാലത്ത് നേരം വെളുത്തിട്ടില്ലെങ്കിലും രാത്രിയിലേതു പോലെ തോന്നേണ്ട കാര്യമില്ല എന്നത് അവരുടെ ചിന്തയിൽ ഉദിച്ചു. അതു ശരിയുമാണ്. മാത്രവുമല്ല, നായയെ തുറന്നിട്ടിരിക്കുന്നതിനാലും അത് എപ്പോഴും മുൻവശത്തു തന്നെ ഉണ്ടാകുന്നതിനാലും കതക് കുറ്റിയിട്ടില്ലെങ്കിലും പേടിക്കേണ്ട കാര്യം ഒട്ടും ഇല്ലെന്ന് അവരുടെ ബുദ്ധി അവരെ ഉപദേശിച്ചിട്ടുണ്ടാകും. ബുദ്ധിയുടെയും യുക്തിയുടെയും ഭാഗത്തു നിന്നു ചിന്തിക്കുമ്പോൾ എല്ലാം ഭദ്രം. പേടി തോന്നേണ്ട കാര്യമില്ല. എന്നാൽ നേരം വെളുക്കുന്നതിനു മുൻപ് നിശബ്ദതയിൽ ഗേറ്റിന്റെ താഴെടുക്കുന്ന ശബ്ദം കേട്ടപ്പോൾ അവർ പേടിച്ചു. ആ പേടിയിൽ ഞെട്ടി. ആ ഞെട്ടൽ മിന്നലായും അതിന്റെ പ്രകമ്പനം വേദനയായും അവരിൽ തലവേദന സൃഷ്ടിച്ചു. സുഖത്തിനു വേണ്ടി ചെയ്ത യോഗ അസുഖത്തിൽ കലാശിച്ചു. അതും ഒരു ദിവസം തന്നെ പോകുന്ന വിധമുളള തലവേദനയായി.

 

അവർ ചെയ്തു വന്ന യോഗ ഏതാണ്ട് ഒരു മണിക്കൂറായപ്പോഴേക്കും അവരുടെ മനസ്സും ശരീരവും ബുദ്ധിയും എല്ലാം തന്നെ ഏതാണ്ട് ഒരേ അവസ്ഥയിൽ എത്തി. മനസ്സും ബുദ്ധിയും ഏതാണ്ട് പിൻവാങ്ങിയ അവസ്ഥയിൽ. അപ്പോൾ അവരുടെ മനസ്സ് പ്രവൃത്തികളൊക്കെ നിർത്തി നിശ്ചലമായ അവസ്ഥ. അതുകൊണ്ടു തന്നെ ചിന്തയും അപ്രത്യക്ഷമായി. ശാന്തതയുടെ സുഖം അനുഭവിച്ച് ശാന്തത തന്നെയായി മാറുന്ന ഘട്ടം. നിശ്ചലമായ ജലാശയത്തിന്റെ അനക്കമില്ലാതെ കിടക്കുന്ന മുകൾ തലം പോലെ. ആ അവസ്ഥയിലാണ്, ആ നിശ്ചലതയുടെ മുകളിൽ ഒരു പൊടി കൽക്കഷണം വന്നു വീഴുന്നതു പോലെ ഗേറ്റിന്റെ താഴെടുക്കുന്ന ശബ്ദം അവരിൽ പതിച്ചത്. കുഞ്ഞ് കല്ലിന്റെ വീഴ്ചയാണ് അവരുടെ തലയ്ക്കുള്ളില് മിന്നൽ ഉണ്ടാക്കിയത്. നിശ്ചലമായി കിടക്കുന്ന ജലാശയത്തിൽ ഒരു കുഞ്ഞു കല്ലു വീണാൽ അത് എല്ലാ വശത്തേക്കും ഓളമുണ്ടാക്കും. നമുക്കു നോക്കിയാൽ കാണാവുന്നതു പോലെ.

 

ഓളമുണ്ടായാൽ ആ ഓളത്തെ ഓളം വെട്ടി കരയണയാനോ കുറച്ചു ദൂരം ഓളമായി പോയി ഇല്ലാതാകാനോ വിടുകയാണ് വേണ്ടത്. അതാണ് യോഗയുടെ തത്വമനുസരിച്ച് ചെയ്യേണ്ടത്. വരുന്ന കാര്യങ്ങളെ അതുപോലെ സ്വീകരിച്ച് വിടുക. ഒന്നിനെയും തടയാൻ പാടില്ല. ചിലപ്പോൾ സ്വീകാര്യമല്ലാത്തതും അസുഖകരവും മറ്റു ചിലപ്പോൾ പേടിപ്പെടുത്തുന്നതുമായ ചിന്തകൾ തന്നെ യോഗ ചെയ്യുമ്പോൾ വന്നെന്നിരിക്കും. അപ്പോഴും ശരീരത്തിനുള്ളിലേക്ക് ശ്രദ്ധ തിരിച്ച് ഓരോ യോഗയിലും സന്ധിയിലും മാംസ പേശികളിലുമൊക്കെ അനുഭവപ്പെടുന്ന മാറ്റങ്ങളുടെ നിരീക്ഷണത്തിലേക്ക് വരികയാണ് വേണ്ടത്. വന്ന ചിന്തകൾ ഒരിക്കലും തിരികെ പോകില്ല. അവയെ തടുത്താൽ അതു കൂടുതൽ ശക്തമായി വരും. അപ്പോഴാണ് ഒന്നിനു പുറകേ മറ്റൊന്നായ ചിന്തകൾ വരികയും അവയിൽ സ്വീകാര്യമായതും അസ്വീകാര്യമായതും ഉണ്ടാവുകയുമൊക്കെ ചെയ്യും. അപ്പോഴും സ്വീകാര്യമായതിനെ സ്വീകരിച്ചും അസ്വീകാര്യമായതിനെ തള്ളിക്കൊണ്ടുമിരുന്നാൽ മനസ്സ് യുദ്ധക്കളം പോലെയാകും. ചിന്തകളുടെ യുദ്ധക്കളത്തെയാണ്‌ മാനസിക സമ്മര്‍ദ്ദം അഥവാ സ്‌ട്രെസ്സ് എന്നൊക്കെ പറയുന്നത്.

 

ഓരോ വ്യക്തിയുടെയും കഴിഞ്ഞ ജീവിതവും അതിന്റെയടിസ്ഥാനത്തിൽ രൂപം കൊണ്ട വർത്തമാനകാലവും ഇവ രണ്ടിന്റെയുമടിസ്ഥാനത്തിൽ ഭാവിയെ പറ്റി ചിന്തിക്കുമ്പോഴുണ്ടാകുന്ന പേടിയും കൊണ്ടാണ് ഈ ചിന്തകൾ പെറ്റു പെരുകി യുദ്ധമാകുന്നത്. എല്ലാത്തിന്റെയും അടിസ്ഥാന കാരണം പേടിയാണ്. ഈ പേടി മുഖ്യമായും വ്യക്തിയിൽ ശക്തമാകുന്നത് സമൂഹത്തിൽ നിന്ന് കുടിയേറിയാണ്. തെരുവുനായ്ക്കൾക്കെതിരെ മാധ്യമങ്ങൾ ഏകപക്ഷീയമായ യുദ്ധം പ്രഖ്യാപിച്ചു. അവ കടിച്ചു കീറിയ ശരീരഭാഗങ്ങളുടെ ചിത്രം ഉൾപ്പെടുത്തിക്കൊണ്ട് ഭീകരമായ വാർത്തകൾ സംപ്രേഷണം ചെയ്യുകയും പ്രസിദ്ധീകരിക്കുകയുമൊക്കെ ചെയ്തതിൽ നിന്നാണ് സമൂഹത്തിൽ ഈ നായഭീതി ഇത്ര വ്യാപകമായത്. നായ്ക്കളെ കണ്ട് പേടിച്ചാൽ രാസവിനിമയത്തിലൂടെ നായകൾക്ക് അതറിയാൻ കഴിയും. അതിലൂടെ നായയിലെ പേടി ഉണരും. ആ പേടിയിൽ നായ ആക്രമിക്കും. അതുകൊണ്ടാണ് നായയെ കണ്ട് പേടിച്ച ഓടുന്നവരെയോ ബോധപൂർവ്വം ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നവരെയോ നായ ആക്രമിക്കുന്നത്. ഇങ്ങനെ പല വിധത്തിലാണ് പേടി ഒരു വ്യക്തിയുടെ ഉള്ളിലേക്കു കുടിയേറുന്നത്. വീട്ടിലെ മുതിർന്നവർ കുട്ടികളോട് ശ്രദ്ധിക്കണം എന്നു പറയുന്നതിനു പകരം സൂക്ഷിക്കണേ എന്നാണ് പറയുക. അതിനു ശേഷം എന്തിനെയാണോ സൂക്ഷിക്കേണ്ടത് അതിനെ ഓർമ്മിപ്പിക്കുകയും ചെയ്യും. അപ്പോൾ ആ വസ്തുവിനെ ഓർത്ത് അതു കേൾക്കുന്ന കുട്ടികളിൽ പേടി ഉണ്ടാകുന്നു. ഇങ്ങനെ വീട്ടിനുള്ളിൽ തുടങ്ങി ഒരു വ്യക്തിയിൽ കയറുന്ന പേടിയാണ് ആ വ്യക്തിയെ ജീവിതത്തിലുടനീളം നയിക്കുക.

 

ഇവിടെ വീട്ടമ്മ യുക്തിസഹമായി ചിന്തിച്ചു നോക്കിയപ്പോൾ പേടിക്കേണ്ട കാര്യം ഇല്ല എന്ന അറിവിന്റെ അടിസ്ഥാനത്തിലാണ് കതക് ചാരാൻ മാത്രം നിശ്ചയിച്ചത്. എന്നാൽ ഒറ്റയ്ക്കിരിക്കുമ്പോൾ വിശേഷിച്ചും ഇരുട്ടുള്ളപ്പോൾ കതക് കുറ്റിയിടാതെ അകത്തിരിക്കുന്നത് അപകടമാണെന്നുള്ളത് അവരുടെ ഉപബോധമനസ്സിൽ പതിഞ്ഞിരിക്കുന്ന കാര്യമാണ്. ഒരു സ്വാഭാവികമായ കൃത്യം എന്നതിനുപരി ഒറ്റയ്ക്കുള്ളപ്പോൾ പേടിയുണ്ടാവുന്നതിന്റെ പ്രതിഫലനവുമാണ് കതക് ഉള്ളിൽ നിന്ന് കുറ്റിയിട്ടിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുന്നത്. അതായത് ഒറ്റയ്ക്കുള്ളപ്പോൾ അവർ പേടി അനുഭവിക്കുന്നു. അതവരുടെ ഉപബോധമനസ്സിൽ ആഴത്തിൽ കിടക്കുന്ന ഒന്നാണ്.

ripples

source

ശാന്തമായ അവസ്ഥയിൽ നിശ്ചലമാകുന്ന അതേ ജലം തന്നെയാണ് കല്ലു വീഴുമ്പോഴോ കാറ്റടിക്കുമ്പോഴോ ഇളകുന്നതും ഓളം വെട്ടുന്നതും. അതുപോലെ മനസ്സിലുളളതെല്ലാം അവരുടെ ഉളളിൽ ഉണ്ട്. അവ ശാന്തമായ അവസ്ഥയിൽ. ചിന്തയും അപ്പോഴില്ല. അതിനാൽ ഗേറ്റിന്റെ താഴെടുക്കുന്ന ചെറിയ ശബ്ദം നിശ്ചലമായ ആ 'ജലാശയത്തി'ലേക്ക് നേരേ വന്നു വീഴുകയാണുണ്ടായത്. ചിന്തയ്ക്കുണർന്ന് യുക്തിയുടെ പരിചയുമായി വരാനുള്ള സമയം കിട്ടിയില്ല. ഓളം വെട്ടിയതിനു ശേഷം ചിന്ത ഉണർന്നു വന്ന് യുക്തിയെ മുന്നിൽ വച്ചു. എഴുന്നേറ്റു പോയി നോക്കാതെ തന്നെ മനസ്സിലായി ഭർത്താവ് നടത്തം കഴിഞ്ഞിട്ട് മടങ്ങി വന്നതാണെന്ന്. അതുകൊണ്ട് യുക്തി വീണ്ടും ഉപദേശിച്ചു - ഞെട്ടേണ്ട കാര്യമില്ലായിരുന്നു. ഞെട്ടിയത് വിഡ്ഡിത്തമല്ലേ! നിങ്ങൾ തന്നെയല്ലേ കതകു ചാരിയാൽ മതിയെന്നു തീരുമാനിച്ചത്. നായ പുറത്തുള്ളതിനാലും വെളുപ്പാൻകാലമായതിനാലും. - യുക്തി മുന്നോട്ടു വയ്ക്കുന്ന ന്യായീകരണങ്ങൾ എല്ലാം ശരി. അതിനാൽ ഞെട്ടേണ്ട കാര്യമില്ലായിരുന്നു എന്ന് ആവർത്തിച്ച് ഉറപ്പിക്കാൻ ശ്രമിക്കുന്നു. അതാകട്ടെ ഒരു കുഞ്ഞു കല്ല് വീണ് ഇളകിയ ജലാശയ പ്രതലത്തിലുണ്ടായ ഓളം വികസിക്കാൻ തുടങ്ങിയപ്പോൾ രണ്ടു കൈയ്യും ഉപയോഗിച്ച് വെള്ളത്തിൽ താഴ്ത്തി ആ ഓളത്തെ തടയാൻ ശ്രമിക്കുന്നതു പോലെയും. ഓരോ തവണ തടയാനായി കൈ വെള്ളത്തിലേക്കു താഴ്ത്തുമ്പോഴും അതു വീണ്ടും വലിയ ഓളങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കും. അതിനെ വീണ്ടും തടയാൻ ശ്രമിക്കുമ്പോൾ ആ പ്രക്രിയ വർധിച്ച് ആ ജലാശയം മുഴുവൻ നല്ലവണ്ണം ഓളം വെട്ടി ഇളകുന്നതായി മാറും. അതുപോലെയുള്ള അനുഭവമാണ് വീട്ടമ്മയ്ക്കുണ്ടായത്. തലവേദനയായത്.

 

യോഗ ചെയ്യുമ്പോൾ തടസ്സമുണ്ടാകരുത്. പേടിയുണ്ടെങ്കിലും ഇല്ലെങ്കിലും അതാവശ്യമാണ്. കാരണം യോഗ ചെയ്യുമ്പോൾ നാം ബാഹ്യജീവിതത്തിൽ നിന്ന് പിൻവാങ്ങുകയാണ്. നാം നമ്മുടെ ശരീരത്തിനുള്ളിലേക്കു  പ്രവേശിക്കുകകയാണ്. പിന്നെ അകവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. കുറച്ചു കഴിയുമ്പോൾ ബാഹ്യലോക ചിന്തയിൽ നിന്നു തന്നെ വിടുതലാകുന്നു. ഈ വീട്ടമ്മ സ്ഥിരം യോഗ ചെയ്യുന്നതിനാലും അതിരാവിലെ കുളി കഴിഞ്ഞിട്ട് ചെയ്യുന്നതിനാലും ആ അവസ്ഥയിലേക്ക് പെട്ടെന്ന് എത്തിയിട്ടുണ്ടാകും. പുറമേ നിന്ന് അപ്രതീക്ഷിതമായി ഒരു സന്ദേശം എത്തുമ്പോൾ അത് നേരേ പോയി തറയ്ക്കുന്നത് അതിന് സമാനമായ തലങ്ങളിലായിരിക്കും. ശാന്തതയ്ക്ക് വിഘ്‌നം വരുന്നത് പ്രകമ്പനം സൃഷ്ടിക്കും. ആ വിഘ്‌നം ഒരു വിടവും കൂടിയാണ്.

 

കതക് ചാരിയിട്ടേ ഉള്ളുവെന്ന് വീട്ടമ്മയുടെ മനസ്സിലുണ്ട്. കതക് എന്ന ബിംബം തന്നെ ഈ വീട്ടമ്മയുടെ ഉപബോധമനസ്സിൽ സുരക്ഷിതത്വവുമായി ബന്ധപ്പെട്ടു കിടക്കുന്നതായിരിക്കും. എവിടെയെങ്കിലും പൊളിയാറായ കതകുള്ള വീട് വാഹനത്തിലിരുന്ന് യാത്ര ചെയ്യുമ്പോൾ കണ്ടാൽ പോലും ഈ വീട്ടമ്മ അറിയാതെ അവരുടെ ഉളളിൽ പേടിയും ആകാംക്ഷയും ഉണ്ടായെന്നിരിക്കും. അപ്പോൾ അവരുടെയുള്ളിൽ അവർക്കു തന്നെ തിരിച്ചറിയാൻ പറ്റാത്ത അസ്വസ്ഥതയായിട്ടായിരിക്കും അവരതറിയുക. അന്നേരം ബുദ്ധി ഉണർന്നിരിക്കുന്നതിനാൽ യുക്തിയുടെ പരിചകൾ കൊണ്ട് പ്രതിരോധിക്കുന്നതിനാലാണ് അത് വ്യക്തമായി തിരിച്ചറിയാൻ കഴിയാതെ പോകുന്നത്. അപ്പോൾ കതകും സുരക്ഷിതത്വവുമായി ബന്ധപ്പെട്ടുകിടക്കുന്ന വികാരം അവരുടെയുളളിൽ പേടിയുടെ മർമ്മമാണ്. പോരാത്തതിന് ഇപ്പോൾ ഇരുപത്തിനാല് ഗുണനം എഴ് എന്നോണം കേട്ടുകൊണ്ടിരിക്കുന്ന അസുഖകരമായ അനേകം വാർത്തകൾ ഈ പേടിയെ അനുനിമിഷം തീവ്രമാക്കിക്കൊണ്ടുമിരിക്കുന്നുണ്ടാകും. ആ ബിംബവുമായി ചേർത്തു വെച്ചുകൊണ്ട് അവർ കതക് ചാരിയപ്പോൾ അവരുടെ ഉപബോധ മനസ്സിന്റെ അടിത്തട്ടിൽ നിന്നും നിർദ്ദേശം കിട്ടിക്കാണും കതക് അങ്ങനെ ചാരുന്നത് നല്ലതല്ലെന്ന്. പക്ഷേ ബുദ്ധി കൊടുത്ത യുക്തി പ്രകാരം അതിൽ കുഴപ്പമില്ലെന്നു തോന്നി. സൗകര്യത്തിനു വേണ്ടിയുള്ള കണക്കുകൂട്ടലും. എന്നിരുന്നാലും അവരുടെ ശരീരത്ത് കുറ്റിയിടാതിരുന്നതിന്റെ പേരിൽ അസ്വസ്ഥത നേരിയ തോതിൽ അനുഭവപ്പെട്ടിട്ടുണ്ടാവും. ബുദ്ധിയുടെയും യുക്തിയുടെയും വെളിച്ചത്തിൽ അത് ശ്രദ്ധിക്കാതെ പോയി. ശ്രദ്ധിച്ചാൽ അതു കിട്ടുകയും ചെയ്യും. അത്തരം സന്ദേശം സ്വീകരിക്കാൻ ശീലിച്ചാൽ ബുദ്ധിയും യുക്തിയും ഒരുക്കുന്ന കെണികളിൽ നിന്നു എല്ലാവർക്കും രക്ഷപ്പെടാനാകും. പക്ഷേ അതിലേക്കു നോക്കാൻ പോലും പലപ്പോഴും നാം തയ്യാറാവില്ല. കണക്കു കൂട്ടുന്ന മനസ്സിനു മുന്നിൽ അത് കണ്ടാലും കണ്ടില്ലെന്നു നടിക്കും. അതുകൊണ്ടാണ് ചില അനിഷ്ട സംഭവങ്ങൾ നടന്നു കഴിയുമ്പോൽ ചിലർ പറയാറുണ്ട്: 'എനിക്ക് തോന്നിയതാണ് അത് ചെയ്യേണ്ടിയിരുന്നില്ലെന്ന്. പക്ഷേ...' ഇത് ആ സന്ദേശം കിട്ടി ശ്രദ്ധിക്കാതിരുന്ന കാര്യമാണ് പറയുന്നത്.

 

പേടിയില്ലെങ്കിലും യോഗ ചെയ്യുമ്പോൾ അതിനുള്ള സമയം പ്രത്യേകമായി കണ്ടെത്തി ശല്യമുണ്ടാകില്ലെന്ന്‍  ഉറപ്പുള്ള സ്ഥലത്തു വേണം ചെയ്യാൻ. കാരണം ആരെങ്കിലും ശബ്ദമുണ്ടാക്കുകയോ കതക് വലിച്ചടയ്ക്കുകയോ ഒക്കെ ചെയ്താലും ശാന്തമായ അവസ്ഥയ്ക്ക് ഭംഗം വരും. അതിനാൽ പ്രകമ്പനങ്ങളുണ്ടാകും.  അത് സുഖത്തെ ഇല്ലാതാക്കും. മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ ശബ്ദം കേട്ട് ഞെട്ടുന്നതുപോലെ. എന്നുവെച്ചാൽ അസുഖമായി മാറും. ചിലർ ചില ജോലി പാതിയാക്കിയിട്ട് യോഗ ചെയ്യാൻ ശ്രമിക്കും. ഉദാഹരണത്തിന് അരി അടുപ്പത്തിട്ടിട്ട്. ശരിയാണ് അരി തിളയ്ക്കാൻ അര മണിക്കൂർ സമയം വേണമായിരിക്കും. എന്നിരുന്നാലും യോഗ ചെയ്യുമ്പോൾ ഉള്ളിൽ അരി തിളച്ചുകൊണ്ടിരിക്കും. അപ്പോഴും യോഗയുടെ വിരുദ്ധഫലമായിരിക്കും ഉണ്ടാവുക.

 

തന്റെ ഭാര്യ യോഗ ചെയ്യുകയാണെന്ന് അറിവുണ്ടെങ്കിൽ ഇവിടെ ഭർത്താവിന് ശബ്ദമുണ്ടാക്കാതെ പതിയെ ഗേറ്റ് തുറക്കുകയാണെങ്കിൽ ഭംഗം വരാതെ വീട്ടമ്മയ്ക്ക് യോഗ തുടരാൻ പറ്റുമായിരുന്നു. മെല്ലെ ഗേറ്റ് തുറക്കുന്ന ശബ്ദത്തിൽ നിന്നു തന്നെ അലോസരപ്പെടുത്താതിരിക്കാനുള്ള കരുതലാണെന്ന് മനസ്സ് വായിച്ചെടുക്കും. ഇവിടെ പെട്ടെന്നുള്ള ഗേറ്റിന്‍റെ താഴെടുക്കൽ ശബ്ദമാണ് പ്രശ്‌നമായത്. ഉളളിൽ കയറിയതിനു ശേഷം മെല്ലെ കതകു തുറന്ന് അകത്തു കയറിയാലും വീട്ടമ്മയുടെ യോഗ തടസ്സമില്ലാതെ തുടരും. കാരണം, ആ രീതിയിലുള്ള ഒരു പദ്ധതിയാണ് അവർ കുറ്റിയിടാതെ കതക് ചാരിയപ്പോൾ തന്റെയുള്ളിൽ നിക്ഷേപിച്ചത്.

Tags: