യേശുദാസിനെന്തു ഭംഗി. എന്തിന്റെ ഭംഗിയെന്നു ചോദിച്ചേക്കാം. കാരണം യേശുദാസ് മലയാളിയുടെ ഓരോ നിമിഷത്തേയും അര നൂറ്റാണ്ടായി ഭംഗിയാക്കിക്കൊണ്ടിരിക്കുന്നു. അതിനാൽ യേശുദാസിനെന്തു ഭംഗി എന്ന ചോദ്യം അപ്രസക്തം. എന്നാൽ ഇപ്പോൾ അദ്ദഹം തലമുടിയിലും താടിയിലും പെയിന്റടി അവസാനിപ്പിച്ച് വെള്ള പുറത്തെടുത്തിരിക്കുന്നു. എന്നും വെള്ളയോട് യേശുദാസിന് പ്രണയമാണ്. വെള്ള ചെരുപ്പ്, വെള്ള മുണ്ട്, വെള്ള ജുബ്ബ, വെള്ള വാച്ച് അങ്ങനെ പോകുന്നു വെള്ള പ്രേമം. ഇപ്പോഴിതാ വെള്ളത്താടിയും മുടിയും. മുഴുവൻ വെള്ള.
പെയിന്റടിച്ച താടിയായിരുന്നപ്പോൾ യഥാർഥത്തിൽ യേശുദാസിന് ഇത്രയും മുഖകാന്തി ഉണ്ടായിരുന്നില്ല. ഇപ്പോൾ ആ വെള്ളത്താടി വന്നപ്പോൾ ആ വെള്ളയിൽ പ്രതിഫലിക്കുന്നത് യൗവ്വനം. വെള്ളത്താടി അഴകായി മാറിയിരിക്കുന്നു. ആ വെള്ളത്താടിയും പാൽപ്പുഞ്ചിരിയുമായി യേശൂദാസ് വേദിയിൽ പാട്ടു പാടുമ്പോൾ കേൾവിക്കാരുടെ ഉള്ളിൽ പൂനിലാവ്. ഏതു പാട്ട് പാടിയാലും സ്വർഗ്ഗപുത്രീ എന്ന പാട്ട് ഓർത്തു പോകും. അതിലെ പാൽക്കടൽ തിരകളിലലക്കിയെടുത്ത നിൻ ... എന്ന വരികൾ ഓർമ്മയിലെത്തുന്നു. സംഗീതമെന്ന പാൽക്കടലിൽ അലക്കിയെടുത്ത യേശുദാസിന്റെ സ്വരം ഇപ്പോഴും മധുരത്തോടെ തന്നെ. അതാണ് ഈയിടെ പുറത്തുവന്ന ആക്ഷൻ ഹീറോ ബിജുവിലെ പാട്ടും സൂചിപ്പിക്കുന്നത്.
എന്തെല്ലാം ബഹളങ്ങളായിരുന്നു. യേശുദാസ് യുവഗായകർക്കായി മാറിക്കൊടുക്കുന്നില്ല. അവരുടെ അവസരങ്ങൾ നിഷേധിക്കുന്നു എന്നൊക്കെ. എത്രയെത്ര പുതിയ പാട്ടുകാർ റിയാലിറ്റി ഷോയിലൂടെ ലക്ഷപ്രഭുക്കളായി. എത്രയോ പേർക്ക് അവസരം ലഭിച്ചു. എന്നിട്ടും അവർക്ക് യേശുദാസിനെ മാറ്റാൻ പറ്റുന്നില്ല. അത് മാറില്ല. കാരണം അത് നാദബ്രഹ്മത്തിന്റെ പാൽക്കടലിൽ അലക്കിയെടുത്ത സ്വരം.
മലയാളിയുടെ ദുഷിച്ച പരദൂഷണരതിപ്രിയമനസ്സാണ് ഇത്തരത്തിലുള്ള കുന്നായ്മകൾ തത്വശാസ്ത്രങ്ങളായി അവതരിപ്പിക്കുന്നത്. കഴിവില്ലാത്ത മനസ്സുകളുടെ കഴിവാണ് പരദൂഷണരതിപ്രിയം. അതൊരു രതിവൈകൃതം തന്നെയാണ്. ഇപ്പോൾ ശ്രേയാ ഘോഷാലിനെ പറ്റിയും ഇതുപോലെ ചിലർ പറയുന്നുണ്ട്. അവർ മലയാളി പാട്ടുകാരുടെ അവസരം തട്ടിയെടുക്കുന്നെന്ന്. ശ്രേയയുടെ തൊണ്ടയിലൂടെ പാട്ടുകൾ കടന്നു വരുമ്പോൾ കേൾക്കുന്നവർക്ക് അത് നവ്യ അനുഭവം. ആ പാട്ടു കേൾക്കുമ്പോൾ മേഘങ്ങൾക്കൊപ്പം കേൾവിക്കാരും തൂവലായി പറക്കുന്നു. എസ്. ജാനകിയും വാണി ജയറാമും മാധുരിയുമൊന്നും മലയാളികളായിരുന്നില്ല. സംഗീതത്തിന് അഥവാ കലയ്ക്ക് ജാതിയും മതവും ദേശയും ഭാഷയും രാജ്യാതിർത്തിയുമൊന്നുമില്ല എന്ന് ഇവർ ഒരിക്കൽ കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു. പരദൂഷണരതിപ്രിയത്വമാകട്ടെ ഒരു മുറിക്കും ഒരു മേശയ്ക്കു ചുറ്റും പരിധിയും പരിമിതികളും സൃഷ്ടിക്കുന്നു എന്ന് മലയാളി തിരിച്ചറിയേണ്ടിയിരിക്കുന്നു. എങ്കിലേ ഭംഗി അറിയാനാകു. അത് മനുഷ്യനു മാത്രം ആസ്വദിക്കാൻ കഴിയുന്നു ഒന്നാണ്. ഭംഗിയാസ്വദിക്കാൻ കഴിയാത്ത മനുഷ്യന്റെ സ്ഥാനം മൃഗങ്ങൾക്കും എത്രയോ താഴെയാണ്. കാരണം അത് അപകടമാണ്. ദുരന്തമാണ്.
(ചിത്രത്തിന് കടപ്പാട്: മാതൃഭൂമി)