സ്‌കൂട്ടർ യാത്രക്കാരിയുടെ ജീൻസ് പുറകില്‍ ഊർന്നുപോയപ്പോള്

Glint Guru
Sat, 04-03-2017 10:50:54 AM ;

2017 മാർച്ച് മൂന്ന് രാവിലെ 10.15. എറണാകുളത്ത് കാക്കനാട്ടേക്കുള്ള സിവിൽ ലൈൻ റോഡിൽ പാടിവട്ടം ഭാഗത്ത് എറണാകുളം ദിശയിലേക്കുള്ള ഗതാഗതം തിങ്ങിത്തിരുങ്ങി നീങ്ങുന്നു. അൽപ്പം നോട്ടം മുന്നിലേക്കു പായിച്ചാൽ അവിടെ വലിയ തിരക്കില്ല. തിരക്കിനു കാരണം ഒരു സഹയാത്രികയുടെ സ്കൂട്ടർ യാത്രയാണ്. ഇരുപതുകളുടെ അവസാനത്തിലോ മുപ്പതുകളുടെ തുടക്കത്തിലോ ഉളള യുവതി. നല്ല ഇറുകിയ ജീൻസും ഇറക്കം കുറഞ്ഞ ടീഷർട്ടും അതിന്റെ മുകളിൽ ടീഷർട്ടിനോളം ഇറക്കമില്ലാത്ത പുൾ ഓവറുമാണ് വേഷം. ഹെൽമറ്റുമുണ്ട്. അവർ ഒറ്റയ്‌ക്കേ സ്‌കൂട്ടറിലുള്ളു. ചെറിയ ബൽറ്റോടുകൂടിയ ജീൻസ് പിൻഭാഗത്ത് താഴേക്കിറങ്ങിപ്പോയി. അവരുടെ പൃഷ്ടഭാഗം ഏതാണ്ട് മുക്കാൽ ഭാഗത്തോളം പുറത്ത് പ്രകടം.

 

യാത്രക്കാർ തങ്ങളുടെ വാഹനത്തിന്റെ വേഗത കുറച്ചത് ഈ ദൃശ്യം കാണാനുള്ള കൗതുകം കൊണ്ടല്ലെന്ന് ഇരുചക്രവാഹനക്കാരിലൂടെ വ്യക്തമായി. ഇരുചക്രക്കാർ പരസ്പരം നോക്കി. ഇതിനിടയിൽ ഒരാൾ ഈ യുവതിയുടെ വാഹനത്തെ മറികടന്ന് മുന്നിലെത്തി തന്റെ ഹെൽമറ്റിന്റെ വിൻഡ് ഷീൽഡ് ഉയർത്തി ആ യുവതിയോട് ആംഗ്യഭാഷയിലൂടെയും അല്ലാതെയും അവസ്ഥ ബോധ്യപ്പെടുത്തി. അവർ പാടിവെട്ടത്തു നിന്നും വെണ്ണലയ്ക്ക് പോകുന്ന ഇടറോഡിന്റെ വശത്തേക്ക് സ്‌കൂട്ടർ ഒതുക്കി നിർത്തി. എന്നിട്ട് പരിഭ്രാന്തയായി താഴേക്ക് ഊർന്നുപൊയ്‌ക്കൊണ്ടിരുന്ന ജീൻസ് വാഹനത്തിൽ നിന്നിറങ്ങുന്നതിനിടയിൽ വലിച്ചുകയറ്റാൻ നോക്കി. അതിനിടയിൽ വാഹനം വീഴാൻ പോയി. അപ്പോൾ വഴിയാത്രക്കാരനായിരുന്ന ഒരാൾ അവരുടെ വാഹനം പിടിച്ചുകൊടുത്തു സഹായിച്ചു.

 

വാഹനഗതാഗതം പിന്നീട് സാധാരണ നിലയിലായി. ആരുടേയും മുഖത്ത്  ആ യുവതിയെ കുറ്റപ്പെടുത്തുന്ന മുഖഭാവം ഉണ്ടായിരുന്നില്ല. ആരും മൊബൈൽ ചിത്രവുമെടുത്തില്ല. ആലുംചുവട് ജംഗ്ഷനും കഴിഞ്ഞ് പാലാരിവട്ടം കാത്തലിക് ബിഷപ്സ് കൗൺസിലിന്റെ ഗേറ്റിനു സമീപമെത്തിയപ്പോൾ ഇടതുവശത്ത് ചെറിയൊരു ആൾക്കൂട്ടം. യുവതിയോട് തന്റെ ജീൻസ് ഊർന്നു പോയ കാര്യം സൂചിപ്പിച്ച ബൈക്ക് യാത്രക്കാരൻ നടുവിൽ. അയാളെ അഭിനന്ദിക്കുകയാണ് മറ്റുള്ളവർ. അവരും അദ്ദേഹത്തോടൊപ്പം ബൈക്കുകളിലുണ്ടായിരുന്നവരാണ്. ആ ബൈക്കുയാത്രക്കാരൻ കാക്കനാട് സൺറൈസ് ആശുപത്രിയിലെ ഡ്രൈവർ ആന്റണിയാണ്. അയാൾ ആ യുവതിയോട് പറഞ്ഞ രീതിയെയാണ് എല്ലാവരും അഭിനന്ദിച്ചത്. അഭിനന്ദനം പൊതിഞ്ഞപ്പോൾ ആന്റണിയുടെ വെളുത്ത മുഖം ചുവന്നു. 'നമ്മുടെ പെങ്ങളാണെന്നു തോന്നി വിഷമം തോന്നി ഞാൻ പറഞ്ഞതാ'.  ആ അഭിനന്ദന കൂട്ടായ്മ നടന്നുകൊണ്ടിരുന്നപ്പോഴാണ് ആ യുവതി വീണ്ടും യാത്രയാരംഭിച്ച് അവിടെയെത്തിയത്. അവരറിയുന്നില്ല, അവരാണ് ആ ചെറിയ ആൾക്കൂട്ടത്തിന്റെ കാരണമെന്ന്.

 

ആന്റണിയുടെ ആ സംവേദന രീതി ഒരു നിമിഷം മനുഷ്യർ ഒരു സമൂഹമാണെന്നും എല്ലാവരും പരസ്പരം വേണ്ടപ്പെട്ടവരാണെന്നും ഓർമ്മിപ്പിക്കുന്നതായിരുന്നു. കാരണം അത്രയ്ക്ക് സ്‌നേഹവും കരുതലുമായിരുന്നു ആന്റണിയുടെ ആ സംവേദന രീതി പ്രകടമാക്കിയത്. ആ യുവതിയുടെ പ്രകടമായ പിൻഭാഗ നഗ്നതയിൽ നിന്ന് ഒരു നിമിഷം കൊണ്ട് ആന്റണിയുടെ ഇടപെടൽ മറ്റുള്ളവരുടെയെല്ലാം സമീപനത്തെ മാറ്റി. അവരെ അധിക്ഷേപിക്കുന്നതിനോ അറ്റം മുട്ടാത്ത ജീൻസും ടീഷർട്ടും ധരിച്ചിട്ടാണ് ഇത്തരത്തിൽ അവസ്ഥയുണ്ടായതെന്ന് കുറ്റപ്പെടുത്തുന്ന ഒരു നോട്ടവും പോലും ആരുടെ ഭാഗത്തു നിന്നും അവർക്കു നേരേയുണ്ടായില്ല. അവിടെയുണ്ടായിരുന്നവരുടെ ഭാഗത്തു നിന്നും അവർക്ക് സഹായവും കരുതലുമാണ് ലഭിച്ചത്.

 

ആന്റണി ഇടപെടും വരെ കാഴ്ച കാണുന്നതിനേക്കാളുപരി ഇവരെ എങ്ങനെ സഹായിക്കുമെന്ന ചിന്തയിലാണ്ടത് നിമിത്തമാണ് ഗതാഗതം കുരുങ്ങിപ്പോയത്. സഹായിക്കാൻ ചെന്നാൽ അതു അപകടമാകുമോ എന്ന തോന്നലുണ്ടായിരുന്നതുകൊണ്ടാണ് തങ്ങൾക്ക് പറയാൻ മടിയായതെന്ന് ആന്റണിയോട് ചുറ്റും കൂടി നിന്നവർ പറയുന്നുണ്ടായിരുന്നു. ശരിയാണ്, ആ സമയത്ത് എല്ലാവരുടെയും മുഖത്ത് പ്രകടമായതും സമ്മിശ്രവികാരമായിരുന്നു. മാദ്ധ്യമങ്ങളിലൂടെയുള്ള സ്ത്രീകളുടെ വേഷവിധാനത്തെ കുറിച്ചുളള ചർച്ച ഏവരുടെയും മനസ്സിലൂടെ കടന്നുപോയതു പോലെയുമുണ്ടായിരുന്നു. അതിന്റെ തെളിവാണ് ആന്റണിയുടെ ചുറ്റും കൂടിയവരിൽ ഒരാളുടെ പ്രസ്താവന. അതിനി ഫാഷനായിരിക്കുമോ എന്നു ധരിച്ചാണ് തനിക്ക് പറയണമെന്നു തോന്നിയതെങ്കിലും പറയാൻ പറ്റാതിരുന്നതെന്നായിരുന്നു അയാൾ പറഞ്ഞത്. എന്ത് തന്നെയായാലും, മാദ്ധ്യമ ചർച്ചകളും സമൂഹ്യമാദ്ധ്യമങ്ങളിലെ പൊങ്കാലകളും ഒക്കെയുണ്ടെങ്കിലും മനുഷ്യനിൽ അടിസ്ഥാനമായി നന്മയും സ്‌നേഹവും കരുതലും ഒന്നാണെന്ന തോന്നലുമൊന്നും നശിച്ചുപോയിട്ടില്ലെന്നു തെളിയിക്കുന്നതായിരുന്നു ആന്റണിയുടെ പെരുമാറ്റവും തുടർന്ന് അവിടെയുണ്ടായിരുന്ന എല്ലാവരുടെയും സമീപനവും. പ്രത്യക്ഷമായ ചില ചെറുചലനങ്ങൾ പോലും ഞൊടിയിടയിൽ എത്രമാത്രം പരിവർത്തനസാധ്യതയുള്ളതാണെന്നു തെളിയിക്കുന്നതായിരുന്നു ആ നിമിഷങ്ങൾ. അല്ലെങ്കിൽ അങ്ങേയറ്റം അരോചകവും ആ യുവതിയെ സംബന്ധിച്ചിടത്തോളം വേദനാജനകവുമായി മാറുമായിരുന്നു ആ നിമിഷങ്ങൾ.

Tags: