ഇലക്ടറൽ ബാലറ്റ് മുഖേന കമ്മ്യൂണിസ്റ്റ് പാർട്ടിയെ കേരളത്തിലൂടെ അധികാരത്തിലേറ്റിയ ചരിത്രഗതിയിൽ നിർണ്ണായക പങ്കു വഹിച്ച വ്യക്തിയാണ് ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട്. അതിനുശേഷം അദ്ദേഹത്തിന്റെ മരണം വരെ അദ്ദേഹം തന്നെയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് എന്തു ചർച്ച ചെയ്യണമെന്ന് നിശ്ചയിച്ചിരുന്നത്. അദ്ദേഹം ഇട്ടുകൊടുക്കുന്നതിൽ കൊത്തുകയേ എതിർ മുന്നണിക്കും ഗത്യന്തരമുണ്ടായിരുന്നുള്ളു. അദ്ദേഹത്തിന്റെ മരണം വരെ അദ്ദേഹം ഓർമ്മിപ്പിക്കുന്ന ഒരു കാര്യമുണ്ടായിരുന്നു, തെരഞ്ഞെടുപ്പുകാലം ജനായത്തത്തിന്റെ ഉത്സവ കാലമാണെന്ന്. സമൂഹത്തെ ഒന്നടങ്കം പൊതു ചർച്ചയിൽ പങ്കാളികളാക്കുന്നതിനും അതുവഴി ജനങ്ങളിലേക്ക് ആശയങ്ങളെ എത്തിക്കാനും ഏറ്റവും ഉതകിയ സമയമായാണ് തെരഞ്ഞെടുപ്പുകാലത്തെ മുഖ്യമായും അദ്ദേഹത്തിലൂടെ സി.പി.ഐ.എം കണ്ടിരുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോടും നിലപാടുകളോടും വിയോജിപ്പുള്ളവർ പോലും അദ്ദേഹത്തിനെ ബഹുമാനിച്ചിരുന്നതിന്റെ കാരണവും ഇതൊക്കെയാണ്.
കഴിഞ്ഞ രണ്ടു കൊല്ലത്തിലധികമായി സരിതാ എസ്. നായരാണ് മാധ്യമങ്ങളിലും രാഷ്ട്രീയ രംഗത്തും നിറഞ്ഞും തുളുമ്പിയും നിൽക്കുന്നത്. അവരുടെ നഗ്നശരീരം പോലും സാമൂഹ്യ മാധ്യമങ്ങളിലൂടെ മലയാളിക്ക് കാണേണ്ടി വന്നു. സരിത ഈ വർഷങ്ങൾ കൊണ്ട് ഒരു മിത്തായി മാറുന്ന പ്രതീതിയാണ് ഉളവാക്കിയത്. ഇനി സരിതയുമായി ബന്ധപ്പെട്ട് എന്താണ് കേൾക്കാനും കാണാനുമുളളത്. ഒന്നുമില്ല. എന്നിട്ടും തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഇടതുപക്ഷം പ്രത്യേകിച്ചും സി.പി.ഐ.എം സരിതയെ മുഖ്യവിഷയമാക്കി ഇനിയും മലയാളിയുടെ ജനിതകസ്രോതസ്സിനു പോലും ഭീഷണിയാകുന്ന വിധം മാറ്റാന്‍ പോവുകയാണെന്നു തോന്നുന്നു. സരിതയ്ക്കൊപ്പം മന്ത്രി കെ ബാബുവിനേയും ബെന്നി ബഹനാന്‍ എം.എല്‍.എയേയും ചേര്‍ത്തുകൊണ്ടുള്ള ഫ്ലെക്സ് ബോര്‍ഡുകളും പോസ്റ്ററുകളും തൃപ്പൂണിത്തുറ, തൃക്കാക്കര മണ്ഡലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
സരിതയെ സ്ത്രീകള്‍ കാത്തുനിന്നു ആട്ടോഗ്രാഫ് വങ്ങിക്കുന്ന വിധമായി മാറി കേരളത്തിലെ കഴിഞ്ഞ രണ്ടു മൂന്നുവർഷത്തിനുള്ളിലെ സാംസ്കാരിക-സാമൂഹിക വ്യവസ്ഥ. അതിനർഥം എന്തിന്റെ പേരിലാണോ സരിതയെ കേരളത്തിലെ ജനം അറിയുന്നത് ആ പ്രവൃത്തികൾക്കും കൂടി സരിതയ്‌ക്കൊപ്പം അംഗീകാരം കിട്ടുന്നു എന്നതാണ്. സരിതയ്ക്കും ആ ആത്മവിശ്വാസം ഉണ്ടായിട്ടുണ്ട്. അവർ വാർത്താ അവതാരകരോടും മറ്റും തത്സമയം സംസാരിക്കുന്നത് കണ്ടാൽ അതറിയാൻ പറ്റും.
ഈ തെരഞ്ഞെടുപ്പുവേളയിൽ ഇ.എം.എസ് പറഞ്ഞിരുന്നതുപോലെ സരിതയെ ഉത്സവമാക്കാൻ സി.പി.ഐ.എം തീരുമാനിച്ചിരിക്കുന്നു എന്നാണ് ഈ പോസ്റ്ററുകൾ വ്യക്തമാക്കുന്നത്. ഇത് കേരളീയ ജനതയ്ക്ക് താങ്ങാവുന്നതിലേറെയാണ്. അങ്ങേയറ്റം പാപ്പരത്തമാണ് മറ്റുള്ളവരെ ആക്ഷേപിച്ചുകൊണ്ടു മാത്രം തങ്ങളുടെ വിജയത്തിനു വേണ്ടി ഒരു മുന്നണിയും പ്രധാന പാർട്ടിയും ശ്രമിക്കുന്നത്. അഴുക്കിനെയും അഴുകിയതിനെയും ഉത്സവമാക്കുന്നവരുടെ മാനസികാവസ്ഥ അഴുക്കിനേക്കാളും അഴുകലിനേക്കാളും ദുഷിച്ചതാണ്. തങ്ങൾ എന്തു ചെയ്യുമെന്നും എന്താണ് കേരളത്തിന് വേണ്ടതെന്നും പറയാനോ അല്ലെങ്കില്‍ ആ പറയുന്നതിന് ശക്തി പോരെന്നോ തോന്നുമ്പോഴുമാണ് ഇത്തരം പ്രവൃത്തികളിലേക്ക് പാർട്ടികൾ നീങ്ങുന്നത്.
തെരഞ്ഞെടുപ്പുവേളയിൽ കൂടി സരിതയെ ഉപയോഗിക്കുകയാണെങ്കിൽ പലവിധ മാനസിക രോഗങ്ങൾക്കും മലയാളി ഇരയാകും. ഇതൊക്കെ അബോധപൂർവ്വമാണെങ്കിലും കാണുകയും കേൾക്കുകയുമൊക്കെ ചെയ്യുന്ന കുഞ്ഞുങ്ങളുടെ മാനസിക നിലയിൽ ഉണ്ടായേക്കാവുന്ന വൈകല്യങ്ങൾ ഭീതിജനകമാണ്. പത്തും പതിനഞ്ചും കൊല്ലങ്ങൾക്കു ശേഷം കാണപ്പെടുന്ന, അന്ന് യൗവ്വനത്തിലേക്കു കടക്കുന്നവരുടെ വൈകല്യങ്ങളും അപഭ്രംശങ്ങളും ഇന്ന് അവരിൽ കയറിക്കൂടുന്നതിന്റെ പ്രതിഫലനങ്ങളായിരിക്കും. പക്ഷേ അന്നത് തിരിച്ചറിഞ്ഞെന്നിരിക്കില്ല.
സി.പിഐ.എമ്മിന്റെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐക്ക് ഇത്തരത്തിൽ ഒരു പോസ്റ്റർ വയ്ക്കാൻ ഉളുപ്പ് തീരെയുണ്ടായില്ലെന്നുളളത് യുവത്വത്തിനു പോലും ലജ്ജാകരം തന്നെ. ഉത്സവത്തിന് കൊട്ടും ഘോഷവും ഇല്ലെങ്കിലും ദുർഗന്ധം ഒഴിവാക്കാൻ ബന്ധപ്പെട്ടവർക്കെല്ലാം ഉത്തരവാദിത്വമുണ്ട്.