പുതിയ ക്ഷുഭിത യൗവനങ്ങൾ, ദില്ലി എഡിഷന്‍

മഞ്ജു
Wednesday, August 21, 2013 - 1:00pm

India Flag

അങ്ങനെ ഒരു സ്വാതന്ത്ര്യദിനാഘോഷം കൂടി സമാധാനപരമായി കടന്നുപോയി. തെരഞ്ഞെടുപ്പ്‌ വരുന്നതിനു തൊട്ടുമുൻപുള്ള സ്വാതന്ത്ര്യദിനാഘോഷം ആയതിനാലാവും ഇത്തവണ രാഷ്ട്രീയനിറം ഒരല്പം കൂടിപ്പോയത്‌. രാജ്യം സ്വാതന്ത്ര്യം നേടി മൂന്നാമത്തെ തലമുറയും വോട്ടവകാശമുള്ളവരായി കഴിഞ്ഞെങ്കിലും ഓരോ ഓഗസ്റ്റ്‌ 15-ഉം കടന്നുവരുന്നത് ആവശ്യത്തിലധികം കൗതുകവുമായാണ്; നിരത്തുകളിലെയും ഇന്ത്യാഗേറ്റിലേയും വർധിച്ച സുരക്ഷാപരിശോധനയും എണ്ണത്തിൽ കൂടുതലുള്ള യുണിഫോറധാരികളുമാണ് സ്വതന്ത്ര്യദിനം അടുത്തു എന്നോർമിപ്പിക്കുന്നവരിൽ
പ്രധാനികൾ. ഓരോ ട്രാഫിക്‌ ജംഗ്ഷനിലും വില്ക്കപ്പെടുന്ന ത്രിവർണ്ണ പതാകകളും അതുതന്നെ പറയും. ഓഗസ്റ്റ് 15 തീരുന്നതിനുമുൻപുതന്നെ പതാകയോടുള്ള കൌതുകവും തീരും. വഴിയരികിലും ഓടയിലും കിടക്കുന്ന പതാകകൾ ഓർമ്മിപ്പിക്കുന്നത് ദേശീയബോധത്തെയല്ല, മറിച്ചു അതിന്റെ മറവിൽ വിപണനം ചെയ്യപ്പെടുന്ന യുദ്ധോത്സുകവും സങ്കുചിതവുമായ കാഴ്ചപ്പാടുകളാണ്.

 

ക്ഷുഭിതയൗവനങ്ങള്‍ എഴുപതുകളുടെയും എണ്‍പതുകളുടെയും സന്തതികളാണെന്നുള്ള ധാരണകളൊക്കെ മാറിവരുന്ന കാലമാണ്. ലോകത്തെവിടെയും, നിലവിലുള്ള വ്യവസ്ഥിതിക്കെതിരെ സമരം ചെയ്യാൻ ആവേശം കാണിക്കുന്നത് യുവതലമുറയാണെന്ന് അറിയാൻ ഇനി ഞാൻ എഴുതിയിട്ട് വേണ്ട. ഈജിപ്റ്റിലും സിറിയയിലും മാത്രമൊന്നുമല്ല അതിനെതിരെ ആശങ്കപ്പെടുന്ന യൂറൊപ്യൻ യൂണിയന്റെയും യു.എസ്സിന്റേയും മൂക്കിനുകീഴെയും ഒക്കെ നടക്കുന്നത് യുവത്വത്തിന്റെ രോഷപ്രകടനങ്ങള്‍ തന്നെ. സഞ്ജയന്റെ ഭാഷയിൽ പറഞ്ഞാൽ 'ഉത്തമാംഗം വയറെന്നു ശഠിക്കുവോരുടെ' സദ്യയുണ്ടാക്കിക്കളിയല്ല, കുറേക്കൂടി കാമ്പും കഴമ്പും ഉള്ള സമരങ്ങൾ.

 

ലോകത്തെ അതിന്റെ പാട്ടിനുവിട്ട് നമുക്ക് തിരിച്ചു തലസ്ഥാനഗരിയിലേക്ക് വരാം. ഇവിടുത്തെ പുതുതലമുറയെയും ഒന്നു പരിചയപ്പെട്ടിരിക്കാം. ഒട്ടും മുഷിയില്ല. അത്രയ്ക്കാണ് 'വിനോദ നിലവാരം'. വായനക്കാർ ക്ഷമിക്കണം, ഈ 'എന്റെർറ്റൈന്മെന്റ് വാല്യൂ ' എന്നതിനുള്ള ശരിയായ മലയാളം തെരിയാത്. തിരക്കുപിടിച്ച ഒരു വൈകുന്നേരത്തിലാണീ കഥ നടക്കുന്നത്; നമുക്കിതിൽ വെറും കാണിയുടെ വേഷം മാത്രം.

 

സീൻ ഒന്ന്
തിരക്കേറിയ ഒരു സൂപ്പർമാർക്കറ്റിന്റെ ഉള്‍ഭാഗം. ചെറുപ്പക്കാരനായ നമ്മുടെ നായകകഥാപാത്രം സാധനങ്ങള്‍ നിറച്ച ട്രോളിയുമായി കൌണ്ടറിനരികിലേക്ക്; തിരഞ്ഞെടുത്തവയെല്ലാം നിങ്ങള്‍ക്കൂഹിക്കാം, സൌന്ദര്യവർധക സാമഗ്രികൾ, പാക്കറ്റിൽ കിട്ടുന്ന ഭക്ഷണസാധനങ്ങള്‍ തുടങ്ങിയവ തന്നെ. വസ്തുവകകൾ ഓരോന്നായി തരം തിരിച്ചു കണ്ടുകെട്ടി ടിയാന്റെ വാഹനത്തിലെത്തിക്കാനുള്ള തത്രപ്പാടിലാണ് സ്ഥാപനത്തിലെ ജോലിക്കാർ. സ്വതേ തന്നെ ദുർമേദസ്സുള്ള നായകൻ ഇതൊന്നും ചെയ്യില്ലെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്.

 

അങ്ങനെ ഖനനം ആ വലിയ ട്രോളിയുടെ ഏറ്റവും അടിഭാഗത്തെത്തി. അതുവരെ അലസഭാവത്തിലായിരുന്ന നായകൻ ഉഷാർ. ആരോ 'ആക്ഷൻ' എന്ന്  പറഞ്ഞപോലെ. ബാക്കിവന്ന സധനങ്ങളിലൊന്നിൽ കൌണ്ടറിലെ വ്യക്തി കൈവച്ചതും നമ്മുടെ നായകൻ അയാളെ ഓര്‍മിപ്പിച്ചു, അതിനൊപ്പം ഒരു സൌജന്യമുണ്ടെന്ന്‍. പഠിപ്പിച്ചുവിട്ട സൌമ്യമായ സ്വരത്തിൽ ജോലിക്കാരൻ മറുപടി നൽകി, "സർ, ആ വസ്തു വിൽക്കാനുള്ള സാധനങ്ങളുടെ കൂടെയായിരുന്നില്ലല്ലോ, പിന്നെങ്ങനെ താങ്കൾക്കത്‌ കിട്ടി."

നായകൻ: അതെ, അതു ഞാൻ മറ്റൊരിടത്തു നിന്നാണെടുത്തത്. അതിനൊപ്പം ഒരു ഗ്ലാസ്‌ ബൌൾ സൌജന്യമായി കിട്ടും. പരസ്യം ഞാനും കണ്ടതാണ്. അതുവയ്ക്കാൻ മറക്കരുത്.

ജോലിക്കാരൻ: വളരെ ശരിയാണ് സർ. പക്ഷെ ബൌൾ ഉടഞ്ഞുപോയതുകാരണം അതു വിൽക്കാതെ മാറ്റിവച്ചിരിക്കുകയാണ്.

നായകന്റെ മുഖത്തു ഭാവം പകർന്നു. പിന്നെ നടന്നതെന്താണെന്നല്ലേ, പറയാം.
നായകൻ: ഹും, നിനക്കറിയോ എന്റെ തന്തയാരാണെന്ന്. ഞാൻ എതു തറവാട്ടിലെയാണെന്ന്. എനിക്കാ സാധനം ഇപ്പോ കിട്ടണം.

 

തർക്കം എങ്ങനെ പരിഹരിക്കപ്പെട്ടു എന്നെനിക്കറിയില്ല. അതറിയാൻ നിന്നാൽ സമയത്തിനു വീട്ടിലെത്താൻ കഴിയില്ല. അല്ലെങ്കിൽതന്നെ ഇത്തരം നിസ്സാരപ്രശ്നങ്ങളെ ആവശ്യത്തിലധികം വലുതാക്കാൻ പ്രത്യേക മിടുക്കാണിവിടുത്തെ യുവത്വത്തിന്. ഇതായിരിക്കും പുതിയ ക്ഷുഭിത യൗവനങ്ങൾ. റോഡിലും കടകളിലും ഓഫീസ്സുകളിലുമൊക്കെ കാണും ഇത്തരം വ്യക്തിത്വങ്ങളെ. എത്ര മുതിർന്നാലും പ്രായപൂർത്തി ആകാത്തവർ. ഇക്കഴിഞ്ഞ ദിവസങ്ങളിലാണിവിടെ കോളേജുകളിൽ പുതിയ അധ്യയനവർഷം ആരംഭിച്ചത്. കുട്ടികളെല്ലാവരും വന്നത് മാതാപിതാക്കൾക്കൊപ്പം. മക്കൾ ക്ലാസ്സിനുള്ളിൽ കയറിയതോടെ പുറത്ത് കാത്തുനില്ക്കുന്ന അച്ഛനമ്മമരുടെ ഭാവം മാറി. ആദ്യമായി കുട്ടിയെ നർസറി ക്ലാസ്സിൽ വിട്ട്‌, അവരുടെ നിർത്താതെയുള്ള കരച്ചിൽ കേട്ട് എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്നവരായി അവരും മാറി.

 

മാതാപിതാക്കളും ഒട്ടും മോശമല്ല. ഒന്നോരണ്ടോ രൂപയ്ക്കുവേണ്ടി വഴിയരികിലെ കച്ചവടക്കാരനോടു തർക്കിക്കും. ഇവരുടെ മനശാസ്ത്രം നന്നായറിയാവുന്ന അയാൾ തൂക്കത്തിൽ കുറച്ചും ആദ്യമേതന്നെ വിലകൂട്ടിപറഞ്ഞും ഒക്കെ അതീടാക്കും. ഇടിയുന്ന രൂപയുടെ മൂല്യത്തെക്കുറിച്ചോ അത് കുടുംബബജറ്റിലുണ്ടാക്കിയേക്കാവുന്ന താളപ്പിഴകളെക്കുറിച്ചോർത്തും ഒന്നും അല്ല ഈ വിലപേശൽ. മുന്തിയതെന്നു സ്വയം വിലയിരുത്തുന്ന ചിലയിടങ്ങളില്‍ ഒരു പുരികക്കൊടിയിളക്കിപോലും സംശയം പ്രകടിപ്പിക്കാതെ കാശുചിലവക്കാൻ ഇതേ വിഭാഗം തയ്യാറാകും. 'യൂട്ടിലിറ്റി വാല്യൂ'യെന്ന്‍ സാമ്പത്തിക വിദഗ്ധർ
വിളിക്കുന്ന സാധനം ഇതായിരിക്കുമോ, പിടിയില്ല.

 

road rage in delhiഇനി വേറെയൊരുതരം ക്ഷുഭിതയൌവനത്തെ പരിചയപ്പെടുത്തിത്തരാം. നിരത്തുകളിൽ ചീറിപ്പായുന്ന ഏതു നാൽക്കാലിശകടത്തിലും ഈ വർഗത്തെകാണാം. അടിസ്ഥാനപരമായിത്തന്നെ വേഗം കൂടുതലായിരിക്കും. ഒരല്പം ഇടതുപക്ഷപ്രേമം കൂടുതലുമുണ്ടാകും. സഖാക്കൾ ആവേശം കൊള്ളേണ്ടതില്ല, നിങ്ങളെ ഉദ്ദേശിച്ചു പറഞ്ഞതല്ല. ഇവർക്കിഷ്ടം ഇടതുവശത്ത്‌കൂടി മുന്നേറുന്നതിലാണ്. നിലവിലുള്ള
നിയമമനുസരിച്ചു വലതു വശത്ത് കൂടിവേണം മറികടക്കാൻ എന്നൊക്കെ പറഞ്ഞു മനസ്സിലാക്കി ഇവരെ നന്നാക്കിക്കളയാം എന്നു ജീവനിൽ കൊതിയുള്ളവർ ചിന്തിക്കില്ല. അത്തരം സംഭവങ്ങൾ ഒരു വാർത്തയേ അല്ലാതായി മാറിക്കഴിഞ്ഞു. ഇനി അഥവാ അവർക്ക് തെറ്റായ വശത്തുകൂടി മറികടക്കാൻ അനുവദിച്ചില്ലെങ്കിൽ, നിങ്ങൾ ആ വ്യക്തിയെ മാത്രമല്ല അയാളുടെ കുടുംബത്തെപോലും അപമാനിച്ചതായി ഈ നഗരം വിധിയെഴുതും. അല്ലെങ്കിലും ആദ്യം ഒച്ചയുണ്ടാക്കുന്നവന്റെ കൂടെയാണ് ആൾക്കൂട്ടം. മേമ്പൊടിയായി "മാലും ഹൈ ക്യാ മേരാ ബാപ് കോൻ ഹൈ" (എന്റെ തന്തയാരെന്നറിയാമോ)  എന്ന പതിവ് പല്ലവിയും ഉണ്ടാകും, നമ്മുടെ ക്ഷുഭിത യൗവനത്തിന്റെ വകയായി. അതറിയാനാണോ സുഹൃത്തെ രാവിലെത്തന്നെ ശകടവുമെടുത്തിറങ്ങിയതെന്നാരെങ്കിലും ചോദിച്ചിട്ടുണ്ടോ എന്നറിയില്ല.

Tags: