പ്രവാസികള്‍ക്ക് ഇന്റര്‍നെറ്റ് വഴിയുള്ള വോട്ടിംഗ് നടപ്പിലാക്കുന്നത് പരിഗണിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. പ്രവാസി വോട്ടവകാശത്തെ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും ഈ തിരഞ്ഞെടുപ്പില്‍ പ്രവാസി വോട്ടവകാശം സാധ്യമാവുക പ്രയാസമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയിയെ അറിയിച്ചു.
പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തപാല്‍ വോട്ട് അനുവദിക്കണമെങ്കില്‍ ജനപ്രാതിനിധ്യ നിയമം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യണം.അതിനാല്‍ തല്ക്കാലം ഇത് നടപ്പാക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിക്കുകയായിരുന്നു. ഈ വിഷയത്തില്‍ ഇനി കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് ഇക്കാര്യത്തില്‍ അറിയാനുളളത്.
പ്രവാസി ഇന്ത്യക്കാര്‍ക്കു താമസിക്കുന്ന രാജ്യത്തു തന്നെ വോട്ടു ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും വിശദീകരണം തേടിയിരുന്നു. പ്രവാസികള്‍ക്കും വോട്ടവകാശം നല്കി 2010-ല്‍ ജനപ്രാതിനിധ്യ നിയമത്തില്‍ വരുത്തിയ ഭേദഗതി സമ്പന്നരായ പ്രവാസികള്‍ക്കു മാത്രം പ്രയോജനപ്പെടുന്നതാണെന്നും അതുകൊണ്ടു ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി യു.എ.ഇയില്‍ വ്യവസായിയായ ഡോ. ഷംസീര്‍ വയലിലാണ് ഹര്‍ജി നല്‍കിയത്.
ഭേദഗതി പ്രകാരം മറ്റ് രാജ്യങ്ങളില്‍ പൗരത്വം ഇല്ലാത്ത പ്രവാസി ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പാസ്പോര്‍ട്ടിലെ വിലാസമടങ്ങുന്ന മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. മുന്‍പ് ആറുമാസത്തില്‍ കൂടുതല്‍ ഇന്ത്യയ്ക്ക് പുറത്ത് താമസിച്ചാല്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരു നീക്കം ചെയ്യുമായിരുന്നു. എന്നാല്‍, ഇപ്രകാരം പേരു ചേര്‍ത്തവര്‍ക്ക് വോട്ടു ചെയ്യണമെങ്കില്‍ അതത് മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളില്‍ എത്തണം. ഇതിനെതിരെയാണ് ഡോ. ഷംസീറിന്റെ ഹര്‍ജി.