ആരോഗ്യപ്രസിദ്ധീകരണങ്ങളോട് വിടപറഞ്ഞ് ആരോഗ്യം സൂക്ഷിക്കുക

Glint Views Service
Sun, 06-10-2013 04:45:00 PM ;

health magazines

 

പരസ്പരബന്ധപഠനം  ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ആ മാനദണ്ഡം അനുസരിച്ചാണെങ്കില്‍ ആരോഗ്യവിജ്ഞാനം കൂടുന്നതിനനുസരിച്ച് രോഗികളുടെ എണ്ണം കുറയണം. ആരോഗ്യമാസികകളെല്ലാം വിപണനം ചെയ്യുന്നതും ആള്‍ക്കാര്‍ വാങ്ങിവായിക്കുന്നതും അതിന്റെ പേരിലാണ്. ആരോഗ്യമാസികകളുടെ എണ്ണവും അവയുടെ പ്രചാരവുമൊക്കെ അടിക്കടി വര്‍ധിക്കുന്നുണ്ട്. എന്നാല്‍ രോഗികളുടെ എണ്ണവും രോഗങ്ങളുടെ തോതും അനുദിനം വര്‍ധിച്ചുവരുന്നു. രോഗങ്ങളുടെ തീവ്രത കൂടുന്നു. രോഗങ്ങളില്‍ പലതും മാരകവിഭാഗത്തില്‍ പെടുന്നതും. പരസ്പരബന്ധപഠനത്തിന്റെ മാനദണ്ഡമനുസരിച്ച് വിലയിരുത്തുകയാണെങ്കില്‍ ഈ ആരോഗ്യമാസികകള്‍ ആള്‍ക്കാരെ ആരോഗ്യത്തിലേക്കു നയിക്കുന്നതിനു പകരം രോഗത്തിലേക്കു നയിക്കുന്നതായി ഉറപ്പിക്കാം. അത് ശരിയുമാണെന്ന് ഈ മാസികകളിലേക്ക് നോക്കിയാല്‍ വ്യക്തമാകും. മാസികകള്‍ മാത്രമല്ല, ടെലിവിഷനുകളില്‍ വരുന്ന ആരോഗ്യപരിപാടികളും അവ്വിധത്തിലുള്ളതാണ്.

 

ആരോഗ്യമാസികകളുടേയും വനിതാ പ്രസിദ്ധീകരണങ്ങളുടേയും ഉള്ളടക്കം തമ്മില്‍ വലിയ വ്യത്യാസമില്ല. രണ്ടിലും  ഉള്ളടക്കത്തിന്റെ മുഖ്യ ഇനം ലൈംഗികതയുമായി ബന്ധപ്പെട്ടു കിടക്കുന്നതാവും. പക്ഷേ പ്രസിദ്ധീകരണത്തില്‍ ഇടം പിടിക്കുക ശാസ്ത്രീയതയുടെ മുഖം മൂടിയണിഞ്ഞുകൊണ്ടായിരിക്കും. വായനക്കാരുടെ ഇക്കിളിവികാരങ്ങള്‍ക്ക് മാന്യമായ പശ്ചാത്തലത്തില്‍ പരസ്യമായി ഗാര്‍ഹികാന്തരീക്ഷത്തില്‍ ഉത്തേജനം നല്‍കി വായനക്കാരുടെ എണ്ണം കൂട്ടുക എന്നതു തന്നെയാണ് ആത്യന്തിക ലക്ഷ്യം. പ്രഖ്യാപിക്കുന്നത് വായനക്കാരുടെ ആരോഗ്യമാണെങ്കിലും. ഈ പ്രസിദ്ധീകരണങ്ങളുടെ പരസ്യങ്ങള്‍ ചാനലുകളില്‍ വരാറുണ്ട്. അപ്പോഴും അവകാശപ്പെടുന്നത് ആള്‍ക്കാര്‍ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട ആരോഗ്യവിജ്ഞാനത്തെക്കുറിച്ചാണ്. ശരാശരി മനസ്സുകൊണ്ട് ആലോചിച്ചാല്‍ അറിയാവുന്നതേയുള്ളു, ഈ പരസ്യപ്പെടുത്തലില്‍ ജനാരോഗ്യത്തിലുള്ള പ്രസിദ്ധീകരണങ്ങളുടെ താല്‍പ്പര്യമല്ല. പ്രതികള്‍ പരമാവധി വിറ്റഴിക്കുക എന്നതു തന്നെയാണ്. പരസ്യം തന്നെ പ്രേക്ഷകരുടെ അവശേഷിക്കുന്ന ആരോഗ്യത്തെ ദുര്‍ബലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിലാണ് പരുവപ്പെടുത്തുന്നത്. ആശങ്കയും ആകാംഷയും പ്രേക്ഷകരുടെ ഉള്ളില്‍ സൃഷ്ടിച്ചിട്ട് അതിനു പരിഹാരം തങ്ങള്‍ കരുതിയിട്ടുണ്ടെന്നാണ് ഈ പരസ്യങ്ങള്‍ ഉദ്‌ഘോഷിക്കുന്നത്. അത്തരത്തില്‍ പരസ്യത്താല്‍ സ്വധീനിക്കപ്പെടുന്നവര്‍ ആരോഗ്യത്തില്‍ നിന്ന് അനാരോഗ്യത്തിലേക്കു നീങ്ങുന്നു. പ്രസിദ്ധീകരണങ്ങളില്‍ കൊടുത്തിട്ടുള്ള അല്‍പ്പജ്ഞാനം കൂടിയാകുമ്പോള്‍ ആശങ്കയും ആകാംഷയും വര്‍ധിച്ച് മാനസികാരോഗ്യം തീരെ നശിക്കുന്ന അവസ്ഥയിലാകുന്നു.

 

സ്ഥിരമായി ആരോഗ്യപ്രസിദ്ധീകരണങ്ങള്‍ വായിക്കുന്ന ഒരു വ്യക്തിയില്‍ വികലമായ ലൈംഗികസ്വഭാവരീതികളും ചിന്ത രോഗഗ്രസ്ഥവുമായാല്‍ അതിശയിക്കേണ്ടതില്ല. കാരണം ഈ രണ്ടു വിഷയങ്ങളാണ് പല രൂപത്തില്‍ പല ഭാവത്തില്‍ ഈ പ്രസിദ്ധീകരണങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

 

മാനസികമായ ആരോഗ്യം നശിക്കുന്നിടത്താണ് എല്ലാ രോഗങ്ങളും ഉടലെടുക്കുന്നത്. ഏതു രോഗത്തേയും അതിജീവിക്കണമെങ്കിലും മാനസികമായ ആരോഗ്യമാണ് അടിസ്ഥാനമായി വേണ്ടത്. ആരോഗ്യപ്രസിദ്ധീകരണങ്ങള്‍ സ്ഥിരമായി വായിക്കുന്നവരില്‍ പഠനം നടത്തി നോക്കിയാല്‍ കിട്ടുന്ന വിവരങ്ങള്‍ വളരെ വിലപ്പെട്ടതാകും. ശരീരത്തിനുണ്ടാകുന്ന ഏതു ചെറിയ വ്യതിയാനങ്ങളേയും അവര്‍ മഹാരോഗങ്ങളുമായി ബന്ധപ്പെടുത്തിക്കാണുന്ന പൊതുസ്വഭാവം വ്യാപകമായിട്ടുണ്ട്. ഇതിന്റെ ഗുണഭോക്താക്കള്‍ സ്വകാര്യ ആശുപത്രികളും ലബോറട്ടറികളുമാണ്. ഡോക്ടര്‍മാരുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. സ്ഥിരമായി ആരോഗ്യപ്രസിദ്ധീകരണങ്ങള്‍ വായിക്കുന്ന ഒരു വ്യക്തിയില്‍ വികലമായ ലൈംഗികസ്വഭാവരീതികളും ചിന്ത രോഗഗ്രസ്ഥവുമായാല്‍ അതിശയിക്കേണ്ടതില്ല. കാരണം ഈ രണ്ടു വിഷയങ്ങളാണ് പല രൂപത്തില്‍ പല ഭാവത്തില്‍ ഈ പ്രസിദ്ധീകരണങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഈ പ്രസിദ്ധീകരണങ്ങളുടെ ആദ്യലക്കം മുതല്‍ ഏറ്റവും ഒടുവിലുളളതുവരെ പരിശോധിച്ചാല്‍  ഈ യാഥാര്‍ഥ്യം കാണാന്‍ കഴിയും.

 

ആരോഗ്യമെന്ന പ്രമേയത്തിന്റെ മറവില്‍ അനാരോഗ്യമാണ് ഈ പ്രസിദ്ധീകരണങ്ങളും പരിപാടികളും പ്രചരിപ്പിക്കുന്നത്. ഇത് വ്യക്തികളെ സംശയരോഗികളാക്കി മാറ്റുന്നതിലും മുഖ്യ പങ്കു വഹിക്കുന്നുണ്ട്. കാരണം വിഷയം ഏതുമായിക്കൊള്ളട്ടെ ഇടയ്ക്കിടയ്ക്ക് സംശയിച്ചു ശീലിച്ചാല്‍ കുറച്ചുകഴിയുമ്പോള്‍ സംശയം സ്വഭാവത്തിന്റെ ഭാഗമായി മാറും. അക്കാര്യത്തില്‍ രണ്ടഭിപ്രായത്തിന്റെ ആവശ്യമില്ല. സ്വന്തം ആരോഗ്യത്തിലും ഉറ്റവരുടെ ക്ഷേമത്തിലുമൊക്കെ താല്‍പ്പര്യമുള്ളവര്‍ പ്രാഥമികമായി ചെയ്യേണ്ടത് ഇത്തരം ഉളളടക്കങ്ങളില്‍ നിന്ന് അകലുക എന്നുള്ളതാണ്. രോഗത്തേക്കുറിച്ചും ലൈംഗികതയെക്കുറിച്ചും ചിന്തകളില്‍ മുഴുകാതെ ആരോഗ്യകരമായ മനോ-ശരീര വ്യാപാരങ്ങളില്‍ ഇടപെടുകയാണ് വേണ്ടത്.

Tags: