കേരളത്തിലെ ആയുർവേദ രംഗം പഠനവിധേയമാക്കണം

Glint Staff
Thu, 21-07-2016 01:00:45 PM ;

 

കേരളത്തിന്റെ ശക്തിയിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമാണ് ആയുർവേദത്തിനുള്ളത്. ആ ശക്തി തേടി ഇന്ത്യയ്ക്കകത്തു നിന്നും വിദേശത്തു നിന്നും ധാരാളം പേർ ഇവിടേക്കു വരുന്നുണ്ട്. അതുപോലെ മാറാരോഗങ്ങൾ പലതിലും, അലോപ്പതി പരാജയപ്പെട്ട സന്ദർഭങ്ങളിലുമൊക്കെ, ആയുർവേദം പലരേയും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരുന്നുണ്ട്. ഇത് ഒരർഥത്തിൽ ഒരു ചാകര തന്നെയാണ്.

 

ഈ ചാകര കൊയ്യാനായി പണ്ടുകാലത്തെ മുറുക്കാൻ കടകളുടെ വിന്യാസ സ്വഭാവത്തിലാണ് ഇന്ന് കേരളത്തിൽ ആയുർവേദ കേന്ദ്രങ്ങൾ ഉള്ളത്. ഇതിൽ ഉഴിച്ചിൽ കേന്ദ്രങ്ങൾ പ്രത്യേകമായും ആയുർവേദ ചികിത്സയുടെ ഭാഗമായിട്ടും നടക്കുന്നു. ചില ഉഴിച്ചിൽ കേന്ദ്രങ്ങൾ ചിലപ്പോൾ അനാശാസ്യ പ്രവർത്തനങ്ങളുടെ പേരിൽ മാദ്ധ്യമങ്ങളിൽ ഇടം പിടിക്കാറുമുണ്ട്.

 

യഥാർഥ ആയുർവേദ ചികിത്സയും കേരളത്തിൽ വലിയ തോതിലും ചെറിയ തോതിലും നഗരങ്ങളിലും ഗ്രാമങ്ങളിലും നടക്കുന്നുണ്ട്. യോഗ്യതയുള്ള വൈദ്യരും സംവിധാനങ്ങളുമുൾപ്പടെ. അങ്ങിനെയുള്ള ചില സ്ഥലങ്ങളിൽ ഉഴിച്ചിൽ,പിഴിച്ചിൽ കേന്ദ്രങ്ങളും നടക്കുന്നുണ്ട്.

 

ആയുര്‍വേദ ചികിത്സയില്‍ കേരളത്തിനകത്തും പുറത്തുമുള്ളവർ ഇപ്പോൾ നേരിടുന്ന മുഖ്യ പ്രശ്നം ഏതാണ് തനതായിട്ടുള്ളത്, ഏതാണ് അല്ലാതെയുള്ളത് എന്നുള്ളതാണ്. കാരണം വിദേശികളേയും അന്യസംസ്ഥാനക്കാരെയും ഉദ്ദേശിച്ചു നടത്തുന്ന കേന്ദ്രങ്ങൾ ഭൂരിഭാഗവും റിസോർട്ടുകളോട് ചേർന്നു നിൽക്കുന്നവയാണ്. ചികിത്സയേക്കാൾ വരുന്നവർ മടങ്ങിപ്പോകുന്നത് സുഖാനുഭവത്തോടെയായിരിക്കണമെന്നതാണ് അവരുടെ ലക്ഷ്യം. അതിനാൽ യോഗ്യതയുള്ള ഡോക്ടർമാരാണെങ്കിലും റിസോർട്ട് മാതൃകയിലായിരിക്കും വരുന്നവരെ കൈകാര്യം ചെയ്യുക.

 

തെക്കൻ കേരളത്തിലുള്ള ഒരു ആയുര്‍വേദ കേന്ദ്രം. തടികുറയ്ക്കൽ ചികിത്സ അവിടുത്തെ ഒരു പ്രത്യേകതയാണ്. ഏഴു മുതൽ പത്തു ദിവസം വരെയാണ് ഒരു പാക്കേജ്. ദിവസം 3500 രൂപ ചെലവ്. വൻ തിരക്കാണ്. കൂടുതലും ഉത്തരേന്ത്യക്കാർ. അവിടുത്തെ ഡോക്ടറുടെ പ്രത്യേകത, ഒരു കാരണവശാലും വരുന്നവർ ചികിത്സാ രീതികൊണ്ട് മുഷിയരുത് എന്ന ‘വിശാല’ മനസ്സാണ്. ബീഫോ കോഴിയോ തിന്നണമെന്നുള്ളവർക്ക് അതുമാകാം. എന്നുവെച്ചാൽ ആയുർവേദ ചികിത്സയിലെ മുഖ്യ ഘടകമായ പഥ്യം ഇവിടുത്തെ ആയുർവേദ ചികിത്സയ്ക്കില്ല. ഇത് ഏതു വിധിപ്രകാരമുള്ള ആയുർവേദമാണെന്ന് മറ്റ് ആയുർവേദ ചികിത്സകര്‍ ചോദിക്കുന്നു.

 

നിലവിലെ രീതിയിൽ തന്നെ ആയുർവേദ ചികിത്സാ വിപണനം കേരളത്തിൽ നടക്കുകയാണെങ്കിൽ കേരളത്തിന്റെ ശക്തിയായ ആയുർവേദത്തിന്റെ ശക്തിക്ഷയമായിരിക്കും സംഭവിക്കുക. മികവുറ്റ ആയുർവേദ ആചാര്യർ ഇന്നും കേരളത്തിലുണ്ട്. അവരടങ്ങുന്ന ഒരു സമിതിയെക്കൊണ്ട് കേരളത്തിലെ ആയുർവേദ ചികിത്സാരംഗത്തെക്കുറിച്ച് സമഗ്രമായ പഠനം നടത്തേണ്ടതും ഓരോ കേന്ദ്രങ്ങളുടെയും നിലവാരം നിശ്ചയിക്കേണ്ടതും അനിവാര്യമാണ്. യഥാർഥ ആയുർവേദത്തിന്റെ നിലനിൽപ്പിന് അതടിയന്തിരമാണ്. അല്ലെങ്കിൽ ആയുർവേദം ടൂറിസവുമായി ചേർന്ന് ടൂറിസത്തിന്റെ പേരിൽ ചില പ്രദേശങ്ങൾക്ക് ദുഷ്‌പേര് വരുന്നതുപോലെ ആയുർവേദത്തിനും ആ ദുഷ്‌പേര് പേറേണ്ടി വരും.

Tags: