ഹോൺബിൽ ഫെസ്റ്റിവൽ കാഴ്ചകൾ

Tuesday, December 30, 2014 - 5:09pm

 

 

പരമ്പരാഗതമായ രീതിയിൽ പുല്ല് മേഞ്ഞ വീട്. ഉള്ളിൽ തകൃതിയിൽ പാചകം നടക്കുകയാണ്. മുറ്റത്താകട്ടെ അതിഥികൾക്കായി ഭക്ഷണം തയാറാക്കിയിരിക്കുന്നു. നീളമേറിയ മരത്തടിയിൽ ചതുരാകൃതിയിൽ കൊത്തിയെടുത്ത നിരവധി കുഴികൾ. അതിലാണ് നിരനിരയായി വിഭവങ്ങൾ ഒരുക്കിയിരിക്കുന്നത്. ചോറ്, പോർക്ക്, ചിക്കൻ, പട്ടി ഇറച്ചി വിഭവങ്ങൾ. ഒപ്പം, ഒച്ച്, പുഴുക്കൾ തുടങ്ങിയവ കൊണ്ടുള്ള കറികളും. ഒരു നിശ്ചിത തുക മുടക്കിയാൽ ബുഫെപോലെ ഇവ എത്ര വേണമെങ്കിലും കഴിക്കാം. ഇതോടൊപ്പം, റൈസ് ബിയറുമുണ്ട്. നാഗാലാൻഡിലെ ഹോൺബിൽ ഫെസ്റ്റിവലിലെ അങ്കാമീ ഗോത്രം ഒരുക്കിയ കാഴ്ചകളിൽ ഒന്നാണിത്. ഇതുപോലെ നാഗാലാൻഡിലെ 16 ഗോത്രങ്ങൾ കാഴ്ചകളും വിരുന്നുമൊരുക്കി ഹോൺബിൽ ഫെസ്റ്റിവലിൽ ഒന്നിക്കുന്നു.

 

 

മലയാളിക്ക് പൂരങ്ങളുടെ പൂരമാണ് തൃശൂർ പൂരമെങ്കിൽ നാഗലാൻഡുകാർക്ക് ഉത്സവങ്ങളുടെ ഉത്സവമാണ് ഹോൺബിൽ ഫെസ്റ്റിവൽ. തലസ്ഥാനമായ കൊഹിമയിൽനിന്നും 12 കിലോമീറ്റർ ദൂരത്തുള്ള കിസാമയിലെ ഹെറിറ്റേജ് വില്ലേജിൽ ഡിസംബർ ആദ്യവാരമാണ് ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്നത്. ഒരു കാലത്ത് പരസ്പരം പോരാടിയിരുന്നവരായിരുന്നു ഈ ഗോത്രങ്ങൾ ഓരോന്നും. എതിർ ഗോത്രത്തിലെ എത്ര പേരുടെ തല കൊയ്തു എന്ന കണക്കെടുത്ത് വീരത്വം നിർണയിച്ചിരുന്ന ഒരു കാലമൊക്കെ ഇവർക്കുണ്ടായിരുന്നു. ഹോൺബിൽ ഫെസ്റ്റിവലിൽ ചില ഗോത്രങ്ങളുടെ വീടുകൾക്ക് മുകളിൽ എതിർ ഗോത്രത്തിൽപ്പെട്ടവരുടെ തലയുടെ രൂപങ്ങൾ തൂക്കി ഇതിനെ പ്രതീകാത്മകമായി ചിത്രീകരിച്ചിട്ടുമുണ്ട്. 

 

 

ഓരോ ഗോത്രങ്ങൾക്കും പരമ്പരാഗതമായ ഉത്സവങ്ങളും ആഘോഷങ്ങളുമുണ്ടെങ്കിലും അവരെല്ലാം ഹോൺഫിൽ ഫെസ്റ്റിവലിൽ ഒന്നിക്കുന്നു. ഓരോ ഗോത്രവും വേഷവിധാനങ്ങൾക്കൊണ്ടും വസ്ത്രങ്ങളുടെ നിറങ്ങൾക്കൊണ്ടും പാചകരീതി കൊണ്ടും ഉപയോഗിക്കുന്ന പാത്രങ്ങൾ കൊണ്ടുപോലും വ്യത്യസ്തപ്പെട്ടിരിക്കുന്നു. ഓരോ ഗോത്രത്തിനും അവരുടേതായ ഭാഷയും സംസ്‌കാരവുമുണ്ട്. മറ്റൊരു ഗോത്രത്തിലുള്ളവർക്ക് ഈ ഭാഷ മനസിലാക്കാൻ കഴിയില്ല. ഇത്തരത്തിൽ വിഭിന്നമായതും പലപ്പോഴും ശത്രുത പുലർത്തുന്നതുമായ ഗോത്രങ്ങളാണ് വർഷത്തിൽ ഒരിക്കൽ ഒന്നിച്ചുകൂടുന്നത്. ഈ ഗോത്രങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന ഏക ഘടകം വേഴാമ്പലാണ്. കാരണം, അവരുടെ മിത്തുകളിലും കഥകളിലുമെല്ലാം ഈ വേഴാമ്പൽ സാന്നിധ്യം സമൃദ്ധമാണ്. അതിനാലാണ്, ഹോൺബിൽ ഫെസ്റ്റിവൽ എന്ന പേര് ഈ വാർഷികോത്സവത്തിനു നൽകിയിരിക്കുന്നത്.

 

 

കുന്നിൻ ചെരുവിലെ കിസാമ ഹെറിറ്റേജ് ഗ്രാമത്തിൽ ഈ ഗോത്രങ്ങളുടെയെല്ലാം വ്യത്യസ്ത ശൈലിയിൽ സ്ഥിരമായ ഒരുക്കിയിരിക്കുന്ന വീടുകളെല്ലാം ഹോൺബിൽ ഫെസ്റ്റിവൽ സമയത്ത് സജീവമാകും. ഗ്രാമങ്ങളിൽനിന്ന് പരമ്പരാഗത വേഷത്തിൽ ഓരോ ഗോത്രങ്ങളും വന്നെത്തും. ആട്ടവും പാട്ടുമായി ഓരോ ഗോത്ര ഭവനങ്ങളും ജീവൻ വെയ്ക്കും. കാഴ്ചകളുടെയും സംഗീതത്തിന്റെയും നൃത്ത ചുവടുകളുടെയും ഈ അപൂർവ കാഴ്ച കാണാൻ ലോകമെമ്പാടുനിന്നും സഞ്ചാരികളും വന്നെത്തുന്നതോടെ കിസാമ മറ്റൊരു ലോകമായി മാറും.

 

 

ഫെസ്റ്റിവൽ ദിനങ്ങളിൽ ഓരോ ഗോത്രവും തങ്ങളുടെ ഭവനങ്ങൾക്ക് ചുറ്റും വിഭവങ്ങളും കരകൗശല വസ്തുക്കളും റൈസ് ബിയറും ഒരുക്കി സഞ്ചാരികളെ സ്വീകരിക്കുന്നു. വേവിച്ചെടുക്കുന്ന ഭക്ഷണ ശീലങ്ങളിൽനിന്നും വ്യത്യസ്തമായി ബോയിൽ ചെയ്താണ് നാഗകളുടെ ഭക്ഷണ പാചകം. വൈവിധ്യമാർന്ന നാഗരുചികളെല്ലാം ഒരിടത്ത് നിന്ന് ആസ്വദിക്കാൻ ലഭിക്കുന്ന അപൂർവം അവസരമാണ് ഈ ഫെസ്റ്റിവൽ. ഒപ്പം, ഓരോ ഗോത്രഭവനങ്ങളിലും അവരുടെതായ നൃത്തവും സംഗീതവുമുണ്ടാകും. ഇത് കൂടാതെ, ഹെറിറ്റേജ് വില്ലേജിലെ ഓപ്പൺ തീയറ്ററിൽ രാവിലെയും ഉച്ചയ്ക്കും വ്യത്യസ്ത ഗോത്രങ്ങളുടെ കലാരൂപങ്ങളും അരങ്ങേറും. വിളവെടുപ്പ് ആഘോഷങ്ങളും യുദ്ധ വിജയങ്ങളുമൊക്കെയാണ് ഈ കലാരൂപങ്ങൾക്ക് ആടിസ്ഥാനം.

 

 

ഇത്രയേറെ വിഭിന്നമായ ഗോത്രങ്ങളെ ഒത്തൊരുമിപ്പിച്ച് കൃത്യതയോടെയും വിജയകരവുമായി ലോകത്ത് മറ്റൊരിടത്തും ആഘോഷങ്ങൾ നടക്കുന്നില്ലെന്നതാണ് ഹോൺബിൽ ഫെസ്റ്റിവല്ലിനെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കിയത്. നാഗാസംസ്‌കാരത്തെയും അതിന്റെ എല്ലാ സവിശേഷതകളെയും ഒന്നിച്ചറിയാൻ ഇതിലും നല്ലൊരു അവസരം ഒരു സഞ്ചാരിക്ക് ലഭിക്കുകയുമില്ല.


ചിത്രങ്ങളും എഴുത്തും യാത്രയും: ജയിംസ് ജോസഫ്

Tags: