അനിശ്ചിതത്വത്തിന്റെ മുൾമുനയിൽ

Wednesday, February 5, 2014 - 12:35pm
ഡോ. സി.ജി ഗീത
പാഠശാല
ഡ്വാണ്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന ഡോ.സി.ജി ഗീത തന്റെ വിദ്യാര്‍ഥികളെക്കുറിച്ച്.

അന്നു രാത്രിതന്നെ ഡയാനയുടെ അമ്മയെ ഫോണിൽ ബന്ധപ്പെട്ടു. ഡയാനയുടെ പെരുമാറ്റം മുഴുവനും വിശദമായി ധരിപ്പിച്ചു. മറുതലയ്ക്കൽ ഒരാശ്ചര്യവും ഉണ്ടായിരുന്നില്ല. ഒക്കെ ശരിയായിക്കൊള്ളുമെന്നെന്നെ ആശ്വസിപ്പിക്കാനായിരുന്നു അവരുടെ ശ്രമം. പതുക്കെ പതുക്കെ കുട്ടികളിൽ കൂടി ഊട്ടിയിലും ഡൽഹിയിലും ഒക്കെയായിട്ട് ഡയാന എല്ലാ വർഷവും സ്കൂൾ മാറുന്ന സത്യവും ഞാനറിഞ്ഞു. അവളുടെ ഈ പെരുമാറ്റം വളരെ അപകടം പിടിച്ചതാണ്. ഒരു സ്കൂളും ഇത്തരത്തിലൊരു റിസ്ക്‌ ഏറ്റെടുക്കാൻ തയ്യാറാകില്ല. ഹോസ്റ്റലിൽ വെച്ച് എന്തെങ്കിലും പറ്റിയാലത്തെ അവസ്ഥ ആലോചിക്കാൻ പോലും വയ്യ.

 

ഡയാനയുടെ അമ്മയോട് പിന്നീടുള്ള  ദിവസങ്ങളിൽ മിക്കവാറും ഞാൻ ഫോണിലൂടെ ഒരുപാടുനേരം സംസാരിച്ചു. അതിനിടയിൽ അവർ മറ്റു തായ് കുട്ടികളെ വിളിച്ച് ഡയാന മരുന്നു കഴിക്കുന്നുണ്ടെന്നു ശ്രദ്ധിക്കാൻ പ്രത്യേകം പറഞ്ഞു. ഡയാനയുടെ പെരുമാറ്റത്തിലെ വൈചിത്ര്യം ഡയാന സ്വയം വരുത്തിവെച്ചതാണ്. അവൾ കൂട്ടുകാരി കൊടുക്കുന്ന ടാബ്‌ലറ്റ് നാവിനടിയിൽ വെച്ചിട്ട് വെള്ളവും കുടിച്ച് അഭിനയിക്കും. പിന്നീട് വാഷ്‌ബേസിനിൽ പോയി തുപ്പിക്കളയും. അങ്ങനെ ഒരാഴ്ച ടാബ്‌ലറ്റ് മുടക്കിയിട്ടാണ് ഈ പ്രശ്നം വന്നത്. നിങ്ങൾ അതിശയിക്കുന്നുണ്ടാകും, ഇതു ഞാനെങ്ങനെ ഇത്ര കൃത്യമായി അറിഞ്ഞുവെന്ന്. ഇന്നും ഡയാനയെയോർത്ത് എന്റെ കണ്ണുകൾ ഈറനണിയുന്നത് ഇതു കൊണ്ടാണ്. അവൾ തന്നെ എന്നോട് പറഞ്ഞതാണ്. ആ കുട്ടി അത്രയും നിഷ്കളങ്കയാണ്. അവളുടെ മനസ്സിൽ എന്നോടുണ്ടായിരുന്നത് തികഞ്ഞ ആത്മാർത്ഥതയുള്ള ആഴത്തിലുള്ള സ്നേഹമാണ്. ഒരുതരത്തിൽ എല്ലാ കുട്ടികളുടെയും പ്രകൃതം ഇതുതന്നെയാണ്. പിന്നെ സാഹചര്യങ്ങളുടെ സമ്മർദം മൂലം അവർ മാറിപ്പോകുന്നുന്നുവെന്നു മാത്രം.

 

എട്ടു മണി കഴിഞ്ഞാൽ ഡയാനയുടെ അമ്മ എന്നെ വിളിക്കുന്നത് സ്ഥിരം കാര്യമായി മാറി. ഓരോ ദിവസവും ഈ കുട്ടിയുടെ നിഷ്കളങ്കതയും സ്നേഹവായ്പും ഞാൻ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു. ഒരുപക്ഷേ, അവരേക്കാൾ കൂടുതൽ ഇവളെയോർത്ത് ഞാൻ വിഷമിക്കുന്നുണ്ടെന്ന് അവർക്ക് ബോധ്യപ്പെട്ടു കാണണം. ക്രിസ്മസ്സിന് പത്ത് ദിവസം എല്ലാ കുട്ടികളും നാട്ടിൽപോകാറുണ്ട്. ഡയാന  അതിനുശേഷം തിരിച്ചുവരാൻ പാടില്ല എന്ന കർശന നിലപാടിൽ ഞാനുറച്ചു നിന്നു. അമ്മയെ ദിവസവും കാണാൻ കഴിയുന്ന ഒരു സാഹചര്യമെങ്കിലും അവൾക്കുണ്ടായേ മതിയാകൂ. പിന്നെ ഇവളെന്തെങ്കിലും അപകടം വരുത്തിവെയ്ക്കുമോ എന്ന പേടിയും. അല്ലെങ്കിലും ഹോംസിക്കായി അക്രമാസക്തയാകുന്ന ഒരു കുട്ടിയെ എന്തു നേട്ടത്തിനായാലും ദൂരെ അയച്ചു പഠിപ്പിക്കുന്നതു ബുദ്ധിയല്ല. കുറേയധികം എതിർക്കുകയും വാദിക്കുകയും ചെയ്തെങ്കിലും അവസാനം അവരതു സമ്മതിച്ചു. ഡയാനക്ക് അതൊട്ടും സ്വീകാര്യമായിരുന്നില്ല. അവൾ നല്ല കുട്ടിയായി ഇവിടെ നിൽക്കാമെന്ന് ശാഠ്യം പിടിച്ചു. അവളെ ആശ്വസിപ്പിക്കാൻ ഞാനതിനു സമ്മതം നടിച്ചു. ക്രിസ്മസ് അവധി കഴിഞ്ഞ് തിരികെ വരാൻ അവൾക്ക് പ്രതീക്ഷ നൽകിയതിനോടൊപ്പം മറുവശത്ത് അവളുടെ ടി.സി.യും ഡോക്യുമെന്റ്‌സും തയ്യാറാക്കി അമ്മയുടെ സ്‌കാൻഡ് സിഗ്‌നേച്ചറും വാങ്ങി ഞാൻ തയ്യാറെടുത്തു. കൂടെയുള്ള മറ്റു തായ് കുട്ടികൾ ഒരുപാടൊരുപാട് എന്നെ സഹായിച്ചു. ഡയാന അറിയാതെ അവളുടെ എല്ലാ സാധനവും മറ്റുള്ളവവർ അവരുടെ പെട്ടിയിലാക്കി അവളുടെ മമ്മിയെ ഏല്പിക്കുന്ന മാസ്റ്റർ പ്ലാൻ ഒക്കെ ഞങ്ങൾ തയ്യാറാക്കി. പിന്നീട് വളരെ വിദഗ്ദധമായി അത് നടപ്പിലാക്കുകയും ചെയ്തു.

 

പക്ഷേ, ഡയാനയുടെ നാട്ടിൽപോക്ക് ഇതിനൊന്നും പരിഹാരമല്ലല്ലോ! ഡയാനയുടെ അമ്മയുമായി എനിക്കുണ്ടായ ആഴത്തിലുള്ള സൗഹൃദം വെച്ചിട്ട് അവളുടെ പിതാവിന്റെ കൂടെ അവൾക്ക് കഴിയാൻ അവസരം ഒരുക്കുന്നതിനെപ്പറ്റി ഞാൻ പലതവണ ആവർത്തിച്ചുകൊണ്ടിരുന്നു. എന്റെ ധാരണ, എന്തോ അഭിപ്രായ വ്യത്യാസം കൊണ്ട് വേർപിരിഞ്ഞു കഴിയുന്ന ദമ്പതികൾ എന്നതായിരുന്നു. ഇത്രയ്ക്ക് ലോലമനസ്സും വികലമായ വിഭ്രാന്തിയും ഉള്ള കുട്ടിയുടെ ജീവിതത്തിനുവേണ്ടി ഒരല്പം കടുത്ത ഒരു ത്യാഗം, കീഴടങ്ങൽ അതൊക്കെ എന്റെ ഒരപേക്ഷയായിരുന്നു. ഒരുപാടൊരുപാട് തെന്നിമാറാൻ ശ്രമിച്ചെങ്കിലും നമുക്കാർക്കും ഉൾക്കൊള്ളാൻ കഴിയാത്ത ഒരു ദിശയിലേക്ക് ഡയാനയുടെ അമ്മയുടെ ജീവിതസത്യം ഒരു വലിയ ചോദ്യചിഹ്നമായി ഉയർന്നുവന്നു. കൗമാരം എത്തി തുടങ്ങുമ്പോഴേ തായ്‌ലാന്‍ഡില്‍ കുട്ടികൾ പരസ്പരം ലൈംഗിക ബന്ധങ്ങളിലേർപ്പെടും. അതു സ്വഭാവികമാണവിടെ. അവരുടെ ചില വിഭാഗങ്ങളിൽ കല്ല്യാണച്ചെലവും സ്ത്രീധനവും പെൺകുട്ടി ഇതിലൂടെ സമ്പാദിക്കണം. ഡയാനയുടെ അമ്മ ആ വിഭാഗത്തിലായിരുന്നു. സാമ്പത്തികമായി പിന്നോക്കം നിന്ന അവർ സ്വന്തം സൗന്ദര്യത്തിന്റെ ബലത്തിൽ ധനികയായി മാറിക്കൊണ്ടിരുന്നു. വിവാഹം ഒരാവശ്യമാണെന്നവർക്ക് ഒരിക്കലും തോന്നിയില്ല. ഇന്നു കാണുന്ന ടെക്‌സ്റ്റൈൽ ബിസിനസ് ആ പണം കൊണ്ടു തുടങ്ങിയതാണ്. ഒന്നുരണ്ടുതവണ ഗര്‍ഭഛിദ്രവും ചെയ്യേണ്ടിവന്നിട്ടുണ്ട്. സ്വന്തം ശ്രദ്ധക്കുറവെന്നവരതിനെ വിളിച്ചു. പിന്നീട് ഒരു 35 വയസ്സിൽ അവരുടെ സുഹൃത്ത് വഴി ഒരു വിദേശി കുടുംബം ഹോളിഡേ ചെലവഴിക്കാൻ തായ്‌ലാൻഡിലെത്തിയതും ആ കുടുംബത്തിലെ ബുദ്ധിമാനായ  15 വയസ്സുകാരന്റെ വിനോദത്തിനായി ഇവർ പോയതും എനിക്ക് നിസ്സംഗതയോടെ കേട്ടുനിൽക്കേണ്ടി വന്നു. ആ കുട്ടിയുടെ ബുദ്ധിയും അവൻ കൊടുത്ത ഡോളറുകളുടെ ആധിക്യവും അവരിന്നും അഭിമാനത്തോടെ ഓർക്കുന്നു. കൂട്ടത്തിൽ 15 വയസ്സിനു മാത്രം പ്രായക്കൂടുതലുള്ള അച്ഛനെയോർത്ത്, ആ തിരിച്ചറിയാനാകാത്ത സത്യത്തിന്റെ തീക്ഷ്ണത മനസ്സിലാക്കാതെ, ഭ്രാന്തമായ വിഹ്വലതകളിൽ അലയുന്ന ഒരു കൗമാരമനസ്സിന്റെ തേങ്ങലുകൾ മാത്രം അവൾക്ക് സങ്കല്പിക്കാനായില്ല. വൈകിയ വേളയിൽ അറിഞ്ഞുവന്നപ്പോഴേക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥ. അവൾക്കുപോലും ഒരു വിവരവും കിട്ടാൻ നിവൃത്തിയില്ല. അല്ലെങ്കിൽതന്നെ അവരുടെ അഭിപ്രായത്തിൽ അതു ശരിയല്ല. സൂക്ഷിക്കാതിരുന്നതും കുട്ടിയുണ്ടായതും അതിനെ വളർത്താൻ തീരുമാനിച്ചതും ഒക്കെ ഡയാനയുടെ അമ്മയുടെ സ്വന്തം ഇഷ്ടം. ഡയാനയുടെസത്യസന്ധതയും നിഷ്കളങ്കതയും അവൾക്ക് അമ്മയിൽ നിന്ന്‍ കിട്ടിയതാണ്. അവർക്ക്‌ വേണമെങ്കിൽ ഡയാന തീരെ ചെറിയ കുഞ്ഞായിരിക്കുമ്പോൾ വേറെ വിവാഹം കഴിച്ച് ഒരച്ഛനെ ദത്തെടുക്കാമായിരുന്നു. തായ്‌ലാൻഡിൽ അതൊക്കെ സ്വഭാവികമാണ്. അതും ഇപ്പോഴും ഇത്രയും സുന്ദരിയായ അവൾക്ക് നിഷ്പ്രയാസം നല്ല ഒരു ബന്ധം കിട്ടിയേനെ. അവരതു വേണ്ടെന്നു വെച്ചു. എന്തുകൊണ്ടോ ഒറ്റക്ക് ജീവിക്കാൻ അവരിഷ്ടപ്പെട്ടു. ഒരുപേക്ഷ, ഇത്തരത്തിലുള്ള സംഭവങ്ങളും സ്ഥിതിഗതികളും പ്രതീക്ഷിച്ചിട്ടുമുണ്ടാവില്ല. ഇനി എന്തായാലും വൈകിപ്പോയി. ക്രിസ്മസ്സിന് നാട്ടിൽപോയ ഡയാന മടങ്ങിവന്നില്ല. പോകുന്നതിന് മുൻപ് പല ആവൃത്തി അവളുടെ അസുഖത്തിന് ഞങ്ങളൊക്കെ സാക്ഷ്യം വഹിച്ചു. അവൾ പോയിക്കിട്ടിയത്  ഒരാശ്വാസം ആയിരുന്നു. എങ്കിലും ഇന്നും അവൾ എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. അവിടെ സ്കൂളിൽ ചേർന്നു പഠിക്കുന്നുവെന്നൊക്കെ മറ്റു കുട്ടികൾ പറഞ്ഞറിഞ്ഞു. പിന്നീട് എന്നോട് ഒരു കോൺടാക്ടും ഇല്ല. ഞാൻ തിരിച്ചും ശ്രമിച്ചില്ല.

 

നമ്മുടെ  മക്കൾ, അവർക്കു കിട്ടിയ സൗഭാഗ്യങ്ങളെ ഒരു നിമിഷം ഒന്നു വിശകലനം ചെയ്തിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു...


ഡയാനയെ പരിചയപ്പെട്ടിട്ടില്ലെങ്കില്‍ വായിക്കൂ:

ഡയാനയെന്ന കൊച്ചുസുന്ദരി

ഭാവപ്പകർച്ച

അച്ഛന്‍ ആരെന്നറിയാതെ