അവസാനംവരെ കരുത്തോടെ പൊരുതിയ ഇറാനെ തോല്‍പിച്ച് അര്‍ജന്റീനക്ക് ജയം. രണ്ടാം പകുതിയില്‍ ഇരുപത്തിയഞ്ച് വാര അകലെ നിന്നും മെസ്സി അടിച്ചിട്ട ഗോളിലാണ് അര്‍ജന്റീനക്ക് ജയം ഉറപ്പിക്കാനായത്. മത്സരം ഗോള്‍രഹിത സമനിലയെന്ന് ഉറപ്പിച്ച ഘട്ടത്തില്‍ ഇറാനിയന്‍ പ്രതിരോധ നിരയെ നിഷ്പ്രഭമാക്കിയായിരുന്നു മെസ്സി മാജിക്ക്. ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് മെസ്സിക്ക് രണ്ട് ഗോളുകളായി. ആദ്യ പകുതിയില്‍ പ്രതിരോധത്തില്‍ മാത്രം ശ്രദ്ധയൂന്നിയ ഏഷ്യന്‍ ശക്തികള്‍ രണ്ടാം പകുതിയില്‍ മികച്ച ചില മുന്നേറ്റങ്ങളും നടത്തി. നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് ഇറാന്‍ ജയിക്കാതെ പോയതെന്ന് ചുരുക്കം.
തൊണ്ണൂറ് മിനിറ്റ് ഗോളിലേയ്ക്കുള്ള വഴിയറിയാതെ കുഴങ്ങുകയും ചുരുങ്ങിയത് ഗോളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടുമാണ് അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്. ഗോള്‍ നേടിയ മെസ്സിയെപ്പോലെ അഭിനന്ദനമര്‍ഹിക്കുന്നതാണ് ഗോള്‍കീപ്പര്‍ റൊമേരോയുടെ പ്രകടനവും. ഗോളെന്ന് ഉറപ്പിച്ച മൂന്ന് അവസരങ്ങളാണ് അവിശ്വസനീയമാംവണ്ണം റൊമേരൊ തട്ടികയറ്റിയത്.
ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ ഘാന 2-2ന് ജര്‍മനിയെ പിടിച്ചുനിര്‍ത്തി. മിറോസ്ലോവ് ക്ലോസ്, മരിയോ ഗോട്ട്‌സെ എന്നിവരാണ് ജര്‍മനിയ്ക്കുവേണ്ടി ഗോളടിച്ചത്. ആന്ദ്രെ അയെവും അസമോവ് ഗ്യാനുമായിരുന്നു ഘാനയുടെ ഗോള്‍ വേട്ടക്കാര്‍. ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ നൈജീരിയ ഏകപക്ഷീയമായ ഒരു ഗോളിന് ബോസ്‌നിയയെ കീഴടക്കി. പീറ്റ് ഒഡെംവിന്‍ജിയുടെ വകയായിരുന്നു ഗോള്‍.