Skip to main content
ബെലോ ഹൊറിസോണ്ടേ

 

ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി ആതിഥേയരായ ബ്രസീല്‍ ഇരുപതാമത്‌ ഫുട്ബാള്‍ ലോകകപ്പില്‍ നിന്ന്‍ പുറത്ത്. ചൊവ്വാഴ്ച നടന്ന സെമിഫൈനലില്‍ ഒന്നിനെതിരെ ഏഴു ഗോളിനാണ് ജര്‍മ്മനി ബ്രസീലിനെ തകര്‍ത്തത്.

 

1950-ലെ ലോകകപ്പില്‍ മാറക്കാനയിലെ ഫൈനല്‍ പരാജയത്തിന് മുറിവുണക്കാന്‍ ലോകകപ്പിനിറങ്ങിയ ബ്രസീലിനും ആരാധകര്‍ക്കും അതിലും കടുത്ത വേദനയാണ് ഈ പരാജയം സമ്മാനിച്ചത്. പരിക്കേറ്റ സൂപ്പര്‍ താരം നെയ്‌മറും സസ്പെഷനിലായിരുന്ന ക്യാപ്റ്റന്‍ തിയാഗോ സില്‍വയും ഇല്ലാതിരുന്നതൊന്നും ഈ പരാജയത്തിന് വിശദീകരണമാകുന്നില്ല. സില്‍വയ്ക്ക് പകരം ടീമിനെ നയിച്ച ഡേവിഡ് ലൂയിസും കോച്ച് ലൂയി ഫിലിപ്പ് സ്കൊളാരിയും തോല്‍വിയ്ക്ക് ബ്രസീല്‍ ജനതയോട് ക്ഷമ ചോദിച്ചു.

 

ലോകകപ്പ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോഡ് ബ്രസീലിന്റെ മുന്‍ താരം റൊണാള്‍ഡോയെ മറികടന്ന് ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസെ കരസ്ഥമാക്കുന്നതിനും മത്സരം സാക്ഷ്യം വഹിച്ചു. ജര്‍മ്മനിയുടെ രണ്ടാം ഗോള്‍ നേടിയ 36-കാരനായ ക്ലോസേയ്ക്ക് ഇതോടെ 16 ഗോളുകളായി.

 

ആദ്യ പകുതി അവസാനിക്കുമ്പോള്‍ തന്നെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ജര്‍മ്മനി മുന്നിലായിരുന്നു. ആദ്യ അര മണിക്കൂറിലാണ് ജര്‍മ്മനി ഈ ഗോളുകള്‍ അടിച്ചത്. പതിനൊന്നാം മിനിറ്റില്‍ തോമസ്‌ മുള്ളര്‍ ആണ് ആദ്യഗോള്‍ നേടിയത്. 23-ാം മിനിറ്റില്‍ ക്ലോസെ ചരിത്രം കുറിച്ചു. ബ്രസീലിന് സമചിത്തത വീണ്ടെടുക്കാന്‍ കഴിയുന്നതിന് മുന്‍പേ തുടര്‍ന്നുള്ള ആറു മിനിറ്റില്‍ നാല് ഗോളുകളാണ് വലയില്‍ വീണത്. 24ാം മിനിറ്റിലും 26ാം മിനിറ്റിലും ടോണി ക്രൂസും 29ാം മിനിറ്റില്‍ സമി ഖേദിരയും നേടിയ ഗോളുകളോടെ മത്സരത്തിന്റെ വിധി നിശ്ചയിക്കപ്പെട്ട് കഴിഞ്ഞിരുന്നു.

 

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്രസീല്‍ പൊരുതി നോക്കിയെങ്കിലും ജര്‍മ്മന്‍ ഗോളി മാനുവല്‍ ന്യൂവറെ മറികടക്കാനായില്ല. മറിച്ച് ജര്‍മ്മനിയുടെ ആന്ദ്രെ ഷൂല്‍ 69ാം മിനിറ്റില്‍ സ്കോര്‍ 6-0 ആക്കി. പത്ത് മിനിറ്റിനു ശേഷം ഷൂല്‍ തന്നെ തന്റെ രണ്ടാം ഗോളിലൂടെ ജര്‍മ്മനിയുടെ പട്ടിക തികച്ചു. കളിയുടെ അവസാന മിനിറ്റിലാണ് ഓസ്കാര്‍ ബ്രസീലിന്റെ ആശ്വാസ ഗോള്‍ നേടിയത്.

 

അര്‍ജന്റീനയും ഹോളണ്ടും തമ്മില്‍ ഇന്ന്‍ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെ ഫൈനലില്‍ ഞായറാഴ്ച റിയോ ഡി ജെനിറോവിലെ മാറക്കാന സ്റ്റേഡിയത്തില്‍ ജര്‍മ്മനി നേരിടും.