കാല്‍പ്പന്തിന്റെ നെറുകയില്‍ ജര്‍മ്മനി

Mon, 14-07-2014 12:59:00 PM ;
റിയോ ഡി ജനീറോ

germany with fifa world cup

 

അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ജര്‍മ്മനി നാലാം തവണ ഫുട്ബാള്‍ ലോകകപ്പില്‍ മുത്തമിട്ടു. റിയോ ഡി ജനീറോയിലെ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തില്‍ അധികസമയത്തേക്ക് നീണ്ട കളിയില്‍ അവസാന വിസിലിന് ഏഴു മിനിട്ടുകള്‍ക്ക് മുന്‍പ് ഗോള്‍ നേടിയ പകരക്കാരന്‍ മരിയോ ഗോട്ട്സെയാണ് ജര്‍മ്മനിയുടെ വിജയശില്‍പ്പി. ആദ്യമായാണ്‌ ഒരു യൂറോപ്യന്‍ ടീം ലാറ്റിനമേരിക്കയില്‍ വെച്ച് ലോകകപ്പ് നേടുന്നത്.

 

ആദ്യപകുതിയില്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയ അര്‍ജന്റീനയ്ക്ക് നഷ്ടപ്പെടുത്തിയ ഗോളവസരങ്ങള്‍ വിനയായി. പതുക്കെ തുടങ്ങിയ ജര്‍മ്മനി രണ്ടാം പകുതിയോടെ കളിയില്‍ ആധിപത്യം നേടുകയായിരുന്നു.

 

പശ്ചിമ-പൂര്‍വ്വ ജര്‍മ്മനികള്‍  ഒന്നായതിന് ശേഷം രാജ്യത്തെ തേടിയെത്തുന്ന ആദ്യ ലോകകിരീടമാണിത്. ക്യാപ്റ്റന്‍ ഫിലിപ് ലാം ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫില്‍ നിന്ന്‍ ഫിഫ ലോകകപ്പ് ഏറ്റുവാങ്ങി. ജര്‍മ്മനിയുടെ ചാന്‍സലര്‍ ആംഗല മെര്‍ക്കലും കളി കാണാനെത്തിയിരുന്നു.

 

ഇരുപത്തി ഒന്നാമത് ഫിഫ ലോകകപ്പിന് 2018-ല്‍ റഷ്യ ആതിഥ്യം വഹിക്കും. ഞായറാഴ്ച മത്സരത്തിന് മുന്‍പ് നടന്ന ചടങ്ങില്‍ ദില്‍മ റൂസഫ് പ്രതീകാത്മകമായി ലോകകപ്പ് റഷ്യയുടെ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് കൈമാറി.    

Tags: