വല്യപിള്ളയും കൊച്ചുപിള്ളയും ചെന്നിച്ചാണ്ടിമാരും പിന്നെ താമരയും

പൊടിയന്‍
Thu, 06-06-2013 02:30:00 PM ;

വർത്തമാനകാല സംഭവങ്ങളോട് പോയ കാലത്തെ നേതാക്കള്‍ ഇന്ന്‍ ജീവിച്ചിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു? ആ നിലയ്ക്ക് നീങ്ങുന്നു, ആയിരുന്നെങ്കില്‍. കുഞ്ഞുപണിക്കൻ എന്ന തനി മലയാളിയുമായുള്ള സാങ്കല്പിക അഭിമുഖത്തിലൂടെയാണ് ആയിരുന്നെങ്കില്‍ പുരോഗമിക്കുക.

 


കുഞ്ഞുപണിക്കൻ: അഴീക്കോട് മാഷേ, നമസ്‌കാരം.

മാഷ്: നമസ്‌കാരം കുഞ്ഞുപണിക്കാ. എന്തൊക്കെയുണ്ട് വിശേഷങ്ങൾ?

കു: ഒറ്റവായില്‍ ഒതുങ്ങുന്നതല്ല മാഷേ. മാഷിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എല്ലാമൊരു അന്തർസ്രാവവിരൂപാവസ്ഥ പ്രാപിച്ചിരിക്കുന്നു എന്നേ പറയേണ്ടു.

മാ: പണിക്കന്റെ ഒറ്റവാ പ്രയോഗം കേട്ടിട്ട് വാ കൊണ്ട് പറയാൻ കൊളളാത്തതാണെന്ന്‍  തോന്നുന്നല്ലോ.

കു: സത്യം. മാഷ് അത് ശരിക്കും പറഞ്ഞിരിക്കുന്നു. അതാണതിന്റെ അവസ്ഥ. ഞാനറിഞ്ഞ ബുദ്ധിമുട്ട് മാഷ് കണ്ടെത്തിയിരിക്കുന്നു. വാ കൊണ്ട് പറയാൻ ഇത്തിരി വൈഷമ്യം തന്നെയാണേ. വല്യപിള്ളയും കൊച്ചുപിള്ളയും, ചെന്നിത്തലയും ചാണ്ടിയും നടേശഗുരുവും സുകുമാരൻനായരാചാര്യനും എല്ലാം കൂടി… മാഷേ, ക്ഷമിക്കണം. നമ്മുടേതിപ്പോൾ ശ്രേഷ്ഠഭാഷയായതിനാല്‍ ഉചിതമായ വാക്ക് കിട്ടുന്നില്ലേ.

മാ: പണിക്കാ ഇവരൊക്കെയല്ലേ നമ്മുടെ ശ്രേഷ്ഠന്മാർ. അതുകൊണ്ട് അവർ ഉപയോഗിക്കുന്ന ഭാഷ തന്നെ ശ്രേഷ്ഠം. പണിക്കൻ പേടിക്കേണ്ട. ജീവല്‍ഭാഷ എപ്പോഴും പരിണമിച്ചുകൊണ്ടിരിക്കും.

കു: ക്ഷമിക്കണം. അങ്ങ് പഠിപ്പിച്ച ഭാഷാശാസ്ത്രമൊക്കെ തെല്ലു മറന്നുപോയിരിക്കുന്നു.

മാ: കാലം മാറുന്നതിനനുസരിച്ച് എല്ലാം മാറേണ്ടേ പണിക്കാ. പണിക്കൻ ആവശ്യമില്ലാതെ വെറളി പൂണ്ടിട്ടു കാര്യമില്ല. വല്യപിള്ളയും കൊച്ചുപിള്ളയും നടേശഗുരുവും സുകുമാരാചാര്യനും ചെന്നിയും ചാണ്ടിയും അച്ചുമ്മാനുമൊക്കെ ഇല്ലായിരുന്നെങ്കില്‍ കേരളം എത്ര വിരസമായിപ്പോയേനെ. എത്ര മൂലധനം പാഴായിപ്പോയേനെ. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കിനിർത്തുന്നവർ അവരൊക്കെയല്ലേ പണിക്കാ.

കു: മാഷേ ക്ഷമിക്കണം. അങ്ങോട്ട് മനസ്സിലാകുന്നില്ല. ഇവരാണോ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി നിർത്തുന്നത്. അപ്പോ ചെകുത്താന്റെ നാടിന്റെ അവസ്ഥയോർക്കാൻ വയ്യേ. മാഷേ സത്യം പറയാമല്ലോ, വല്ലാണ്ട് പേടിയാവുന്നു.

മാ: പണിക്കൻ വൈരുദ്ധ്യാത്മകതയൊക്കെ മറന്നിരിക്കുന്നു. കേരളത്തെ പ്രാഥമികമായി ദൈവത്തിന്റെ സ്വന്തം നാടെന്നുവിളിക്കാൻ കാരണമെന്താ? അതിന്റെ പച്ചപ്പ് തന്നെയല്ലേ. അതെന്തുകൊണ്ടാ പച്ചപ്പെന്ന്‍ പണിക്കൻ ആലോചിച്ചിട്ടുണ്ടോ?

കു: ആലോചിച്ചിട്ടില്ലെങ്കിലും അറിയാമേ. നല്ല വളവും വെള്ളവും നമ്മുടെ മണ്ണിലുള്ളതു കൊണ്ടാവുമല്ലോ.

മാ: അതേ അതുതന്നെ. അതു ശാസ്ത്രം. അതുതന്നെ വൈരുദ്ധ്യാത്മകം പണിക്കാ.

കു: മാഷേ ഈ അന്തർസ്രാവത്വാധിക്യവ്യാധികൊണ്ടാകാം മാഷ് പറയുന്നത് അപ്പടിയങ്ങോട്ട് തെളിഞ്ഞുവരുന്നില്ല.

മാ: പണിക്കാ, വളമെന്നുപറഞ്ഞാല്‍ വിളപ്പില്‍ശാലയില്‍ കുമിഞ്ഞുകൂടുന്നത് വളമല്ലേ. അതുപോലുള്ള വളത്തിന്റെ പരിണതരൂപമല്ലേ ഈ നാടിനെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്ന പച്ചപ്പ്. അപ്പോള്‍ അഴുകലില്‍ നിന്നേ അഴകു ജനിക്കുകയുള്ളുവെന്ന്‍ സാരം. നമ്മുടെ താമര അതുകൊണ്ടല്ലേ എല്ലായിടത്തും സൂപ്പർസ്റ്റാറാവുന്നത്. താമര നില്‍ക്കുന്നിടം ചെളിയല്ലേ. ആ ചെളിയില്ലെങ്കില്‍ താമരയുണ്ടാകുമോ. ചെളിയെ നിർമാർജനം ചെയ്യുകയും അതേസമയം താമര വിടരണമെന്നും വാശിപിടിക്കുന്നതുപോലെയാണ് വല്യപിള്ളയും കൊച്ചുപിള്ളയും കൂട്ടരും പാടില്ലെന്നും അതേ സമയം ദൈവത്തിന്റെ സ്വന്തം നാടായി തുടരുകയും വേണമെന്ന് പറയുന്നത്. ചെളിയെ ശപിച്ച് താമരയെ വാഴ്ത്തി കവിതയെഴുതിയാലെങ്ങനെയുണ്ടാവും?

കു: അപ്പോ, ഇക്കണക്കിന് കേരളം മുഴുവൻ താമര വിടർന്നു പൂത്തുല്ലസിക്കണമല്ലോ മാഷേ. പക്ഷേ തലസ്ഥാനത്ത് താമരക്കുളത്തില്‍പ്പോലും പേരിനുപോലും കാണാനില്ലല്ലോ മാഷേ?

മാ: അതു നോട്ടത്തിന്റെ കുഴപ്പം കൊണ്ടാ പണിക്കാ. സിവില്‍ സർവീസില്‍ ഒന്നാം റാങ്ക്‌ നേടിയ മിടുക്കി ഹരിതയും നാലാം റാങ്ക് വാങ്ങിയ ആല്‍ബിയും നാസയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അരുണും എയിംസ് പ്രവേശന പരീക്ഷയില്‍ ഒന്നാമതെത്തിയ ഭാഗ്യയും പിന്നെ, നൂറ്റമ്പതുദിവസംകൊണ്ട് പായ്ക്കപ്പലില്‍ ഒറ്റക്ക് ലോകം ചുറ്റിവന്ന അഭിലാഷ് ടോമിയുമൊക്കെ താമരയല്ലാതെന്താ പണിക്കാ. വല്യപിള്ളേം കൊച്ചുപിള്ളേം കൂട്ടരേം മാത്രം നോക്കിയിരുന്നാല്‍ അവരെ മാത്രമേ കാണൂ. ഒള്ള കുളങ്ങളെല്ലാം നികത്തിയിട്ട് താമര കാണുന്നില്ലെന്ന് വിലപിച്ചിട്ട് കാര്യമില്ല.

കു: അപ്പോ, കുളങ്ങൾ കുറഞ്ഞതുകൊണ്ടാണ് താമരയുടെ ദൗർലഭ്യം. അപ്പോ ഇനി കുളം തോണ്ടുകയല്ലാതെ വഴിയില്ല. അല്ലേ മാഷേ? അപ്പോ വല്യപിള്ളേം കൊച്ചുപിള്ളേം നടേശഗുരുവും സുകുമാരാചര്യനും ചെന്നിയും ചാണ്ടിയും അച്ചുമ്മാനും എല്ലാവരും ചേർന്നുള്ള ശ്രമത്തില്‍ കേരളത്തില്‍  നിറയെ കുളം ഉണ്ടാവും. അതനുസരിച്ച് താമരയും അല്ലേ മാഷേ? മഹത്തരം തന്നെ.

മാ: ങാ.. എന്തായാലും പണിക്കനിപ്പോ വൈരുദ്ധ്യാത്മക സിദ്ധാന്തം അഥവാ ഡയലറ്റിക്‌സ് എന്താണെന്നു മനസ്സിലായല്ലോ? എന്താ പണിക്കാ, ചുണ്ടിൻകോണിലൊരു ചെറുപുഞ്ചിരി?

കു: അല്ല, ഓർക്കുവാരുന്ന്‍, അല്‍പ്പം ഭൗതികവാദം കൂടി വശത്താക്കുകയാണെങ്കില്‍ സംഗതി ഉഷാറാകുമായിരുന്നു.

മാ: അതു എളുപ്പമല്ലേ. താമരവളയം വലിച്ചൂരുന്നതിനിടയില്‍ അതിന്റെ വേര് വെള്ളത്തിലിട്ട് നല്ലതുപോലെ ഒന്നലമ്പുക. അപ്പോൾ കലങ്ങും. ആ സമയം മീൻപിടിക്കാം. പൂച്ച കറുത്തതായാലും വെളുത്തതായാലും മീനെപ്പിടിച്ചാപോരെ എന്ന്‍ കേട്ടിട്ടില്ലേ. അതായത് മീനെ പിടിക്കുന്ന വിദ്യയാണത്.

കു: അപ്പോ താമര തഴച്ചുവളരുമെന്നാണോ മാഷ് പറയുന്നത്.

മാ: എന്തായാലും കുളങ്ങളുടെ എണ്ണം കൂടുമെന്നുള്ളതുറപ്പാണ്. ചെളിക്ക് ക്ഷാമവുമില്ല. അപ്പോപ്പിന്നെ താമരയുണ്ടായില്ലെങ്കിലേ അതിശയമുള്ളു.

Tags: