തനിനിറവും സില്‍ക്ക് സ്മിതയും പിന്നെ…

പൊടിയന്‍
Fri, 19-07-2013 04:00:00 PM ;
വർത്തമാനകാല സംഭവങ്ങളോട് പോയ കാലത്തെ നേതാക്കള്‍ ഇന്ന്‍ ജീവിച്ചിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു? ആ നിലയ്ക്ക് നീങ്ങുന്നു, ആയിരുന്നെങ്കില്‍. കുഞ്ഞുപണിക്കൻ എന്ന തനി മലയാളിയുമായുള്ള സാങ്കല്പിക അഭിമുഖത്തിലൂടെയാണ് ആയിരുന്നെങ്കില്‍ പുരോഗമിക്കുക.

കുഞ്ഞുപണിക്കൻ: അല്ല ഇതാരാ, കൃഷ്ണൻ നായര് ചേട്ടനോ?

കൃഷ്ണൻനായർ: അപ്പോ ഈ പാവത്തിനെയൊക്കെ ഓർമ്മയുണ്ട് അല്ലേ പണിക്കാ.

കു: ചേട്ടനെയൊക്കെ ഞങ്ങൾക്ക് മറക്കാൻ പറ്റുവോ. പുതിയ പിള്ളേരൊന്നും ചേട്ടനെ അറിഞ്ഞെന്നിരിക്കില്ല. ഞങ്ങൾ ഇപ്പോള്‍ ചേട്ടന്റെ കാര്യം സംസാരിക്കാത്ത ദിവസങ്ങളില്ല.

കൃ: അതെന്തുപറ്റി പണിക്കാ?

കു: അല്ല ചേട്ടാ, ചേട്ടന്റെ പഴയ പത്രം തനിനിറം ഇപ്പോഴുണ്ടായിരുന്നെങ്കില്‍  സൂപ്പർഹിറ്റായിരുന്നേനെ. കേരളത്തിലെ മാധ്യമരാജാവായി വാഴാമായിരുന്നു.

കൃ: ഹ്ഹ്ഹ്ഹ്ഹ്ഹ

കു: എന്താ ചേട്ടാ ഇങ്ങനെ ചിരിക്കുന്നെ. കാര്യം പറ. എന്നാലെനിക്കും കൂടി ചിരിക്കാലോ.

Kalanilayam Krishnan Nairകൃ: എടോ പണിക്കാ, താനേതു നൂറ്റാണ്ടിലാണടോ ബൂദ്ധൂസെ ജീവിക്കുന്നെ. എടോ ഞാനും എന്റെ തനിനിറം പത്രവും  അവിടുണ്ടായിരുന്നെങ്കില്‍ ഞാനും എന്റെ കുടുംബവും എന്നേ കട്ടേം പടവും മടക്കിയേനെ. എടോ പിടിച്ചുനില്ക്കാൻ പറ്റാതെ വന്നപ്പഴാ അതിനു താഴിട്ടത്.

കു: ഹ്ഹഹഹഹഹഹഹഹഹ

കൃ: എന്തടോ പണിക്കാ ഒരു കക്കക്ക. എന്തായിത്ര ചിരിക്കാൻ.

കു: ചേട്ടാ, ഇവിടെ നൂറ്റാണ്ടൊക്കെ കൃത്യമായി മാറുന്നുണ്ട്. ചേട്ടന് ഇവിടുത്തെ കാര്യങ്ങളറിയാത്തതുകൊണ്ടാ. ഇവിടിപ്പോ തനിനിറം പത്രത്തിന്റെ മാറ്ററിന് മാത്രമേ ഡിമാൻഡുള്ളു. ചാനലുകളില്‍ മുഴുവൻ സമയം. സീരിയല്‍ സമയങ്ങളില്‍  അടിയെഴുത്തോട്ടം, എന്നുവെച്ചാല്‍ ഞങ്ങള് പറയും സ്‌ക്രോളിംഗെന്ന്. പത്രങ്ങളിലാണെങ്കില്‍ ദേശീയമായാലും അന്തർദ്ദേശീയമായാലും ചുരുങ്ങിയത് ഒന്നോ രണ്ടോ പേജ് വീതം മാറ്റിവയ്ക്കുന്നുണ്ട്. സീരിയലുകാരും മാപ്രസിദ്ധീകരണക്കാരും ഇത്തിരി പരുങ്ങലിലായെന്ന്‍ മാത്രമേ ഉള്ളു. ഇപ്പോള്‍ വാർത്തയാണ് ചേട്ടാ താരം.

കൃ: നിർത്തടോ. എന്റെ നാവ് ചൊറിഞ്ഞു വരുന്നുണ്ട്. എന്തു ചെയ്യാം നല്ല തെറിവിളിക്കാൻ തോന്നുന്നു. പക്ഷേ, വിളിച്ചാലത് തെറിയാവില്ലല്ലോ.

കു: ചേട്ടൻ വിളിച്ചോ ചേട്ടാ. ചേട്ടന് അതിനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. എന്തിനാ മടിക്കുന്നെ.

കൃ: ഹ്ഹ്ഹഹഹഹ്ഹ്ഹ, അതാ പറഞ്ഞെ താനീ നൂറ്റാണ്ടിലെങ്ങുമല്ല ജീവിക്കുന്നതെന്ന്‍. എടോ നിങ്ങടെ നാട്ടില്‍ ഇപ്പോ തെറിയെന്നൊരു സാധനമുണ്ടോ. പഴയ തെറിയെല്ലാം നിങ്ങളിപ്പോൾ നിത്യോപയോഗമാക്കി തെറിയല്ലാതെ മാന്യമാക്കിക്കളഞ്ഞില്ലേ. നിങ്ങടെ ചാനലുതുറന്നാ എന്റെ കാലത്തെ തെറിയുടെയൊക്കെ ദൃശ്യാവിഷ്‌ക്കാരമല്ലേടോ കാണുന്നത്. ആ ദൃശ്യങ്ങളുടെ മൊഴിയൊന്നും ഞങ്ങളുപോലും തെറിയായി ഉപയോഗിക്കില്ലായിരുന്നു.

കു: ചേട്ടാ, അതു വാക്കുകളുടെ ജനാധിപത്യവത്ക്കരണമാണെന്നാണ് ബുദ്ധിജീവികൾ പറയുന്നത്. ബുദ്ധിജീവികളും വിമോചകപ്രവർത്തകരുമൊക്കെ അതൊക്കെ ധാരാളം ഉപയോഗിക്കാറുണ്ട്. എല്ലാ തുറന്നുകാണിക്കല്‍ ജനാധിപത്യത്തിന്റെ മുഖലക്ഷണമാണെന്നൊരു മതവുമുണ്ട്. അതിനെ എതിർക്കുന്നവർ പിന്തിരിപ്പൻമാരും ഫ്യൂഡല്‍ മാനസികാവസ്ഥയുള്ളവരുമാണെന്ന്‍ ഗവേഷണവശാല്‍ കണ്ടേത്തിയിട്ടുമുണ്ടത്രെ. അതിരിക്കട്ടെ, നമുക്ക് വിഷയത്തിലേക്കു വരാം. ഇത്രയും ചാകരയുണ്ടായിട്ട് എന്താ ചേട്ടാ തനിനിറമുണ്ടായിരുന്നുവെങ്കില്‍ കട്ടയും പടവും മടക്കിയേനെയെന്ന്‍ പറയുന്നെ.

കൃ: എടോ മണ്ടൻ പണിക്കാ. തനിക്ക് ബുദ്ധിയുമില്ല വിവരവുമില്ല. എടോ, എന്റെ പത്രം എന്നെങ്കിലും  സ്ത്രീപുരുഷന്മാർ കിടപ്പറയില്‍ ഇണചേരുന്ന പടം കൊടുത്തിട്ടുണ്ടോടോ. പോട്ടെ, കിടപ്പറരംഗങ്ങൾ വള്ളിയും പുള്ളിയും പോട്ടെ, ഇത്തിരിയെങ്കിലും വർണ്ണിച്ചിട്ടുണ്ടോടോ. എടോ, ഞാനാകെ എഴുതിയിരുന്നത് അവിഹിതം, ഇന്ന ആപ്പീസറേയും യുവതിയേയും ലോഡ്ജ് മുറിയില്‍ നിന്ന്‍ അറസ്റ്റ് ചെയ്തു, കീഴുദ്യോഗസ്ഥയ്ക്ക് മേലുദ്യോഗസ്ഥന്റെ പ്രണയലേഖനങ്ങൾ ഇതൊക്കെയല്ലേടോ. എടോ,  അന്ന്‍ താനൊക്കെ വല്യ സദാചാരം പറഞ്ഞ് എന്റെ തനിനിറത്തെ വീട്ടിക്കേറ്റത്തില്ലാരുന്നല്ലോ. എന്നിട്ട് താനൊക്കെ മുറുക്കാൻ കടേലും ബാർബർ ഷാപ്പിലുമൊക്കെ പോയല്യോ തനിനിറം തപ്പിപ്പിടിച്ച് വായിച്ചിരുന്നെ. എടോ, താനൊന്നും എന്റെ പത്രം വീട്ടിക്കേറ്റത്തില്ലാരുന്നേലും ഞാനെന്റെ വീട്ടിക്കൊണ്ടുപോകുമായിരുന്നു. എടോ ആ മര്യാദവിട്ട് തനിനിറം ഒന്നും എഴുതീട്ടില്ലെടോ. എടോ പണിക്കാ, എനിക്കറിയാവുന്നതിന്റെ ഒരു ശതമാനം ഞാനെഴുതീട്ടുണ്ടോടോ. തനിക്കുമറിയാമല്ലോ. എടോ, അതൊക്കെ ഇപ്പോള്‍ എഴുതുകയാണെങ്കില്‍ കേരളത്തിന്റെ ചരിത്രത്തിന്റെ കുഴിമാടത്തില്‍ പോയി അറസ്റ്റ് രേഖപ്പെടുത്തേണ്ടി വരില്ലെടോ. എടോ താനെന്നെ സില്‍ക്ക് സ്മിതേന്ന്‍ വിളിച്ചോടോ. എനിക്കതു സന്തോഷമാ.

കു: ചേട്ടാ മനസ്സിലായില്ല.

കൃ: മനസ്സിലാവില്ലെടോ. തനിക്കൊക്കെ മനസ്സിലായാലും മനസ്സിലായില്ലെന്നും പറഞ്ഞ് മനസ്സിലാക്കാനും മറ്റുള്ളവരെ മനസ്സിലാക്കിക്കാനും നടക്കും. എടോ, സില്‍ക്ക് സ്മിത എന്തുകൊണ്ടാ ആത്മഹത്യ ചെയ്തതെന്നയാമോ. അതിന്റെ കാരണം മനസ്സിലാക്കിയാ എന്തുകൊണ്ടാ തനിനിറം പത്രം പൂട്ടിയതെന്ന്‍ മനസ്സിലാകും.

കു: അതെന്താണ് ചേട്ടാ സില്‍ക്ക് സ്മിതയുടെ ആത്മഹത്യയും തനിനിറം പത്രത്തിന്റെ പൂട്ടലും തമ്മിലൊരു ബന്ധം?

Silk Smithaകൃ: എടോ പണിക്കാ, സില്‍ക്ക് സ്മിതയുടെ റോളെന്തുവാരുന്ന്‍ സിനിമയില്‍. കാബറെ നടി. സാധാരണ നൃത്തം ചെയ്ത് നവരസങ്ങൾക്ക് പകരം മുഖത്ത് രസം മാത്രം നിലനിർത്തി അല്‍പ്പം തരികിടതിത്തോം. അത്രയല്ലേയുള്ളു. അതും അവര് എന്നെങ്കിലും  ഇപ്പോഴത്തെ മാധ്യമങ്ങളേപ്പോലെ എല്ലാം വെളിപ്പെടുത്തിയിട്ടുണ്ടോ. ഇല്ല. അവരുടെ വേഷം വേണേ താനെടുത്തു പരിശോധിച്ചുനോക്കിക്കോ. അവര് സിനിമയില്‍ കുറച്ചുനേരം വന്നിട്ട് പോകും. അത്രയേ ഉള്ളു. എന്നാല്‍ ഇന്നത്തെ നായികമാരുടേതോ? നായികമാർ  മുഴുനീളത്തില്‍ അവരുടെ വേഷത്തേയും വെന്നി  ഐറ്റം ഡാൻസും ചെയ്താല്‍ പിന്നെ അവരെ ആർക്കുവേണമടോ. എടോ  പണിക്കാ, താൻ വല്യ ഗവേഷകനും കൂടിയാണല്ലോ. എടോ ഇപ്പോള്‍ എന്തുകൊണ്ടാ സിനിമയില് സില്‍ക്കിന്റെ പരമ്പരയില്‍ പെട്ട നടികളുടെ വംശം അന്യം നിന്നുപോയത്. എവിടടോ ഇപ്പോള്‍ അനുരാധ? പാവം ഷക്കീല. ആ മഹതി  നായികമാരെ വെല്ലുവിളിക്കാൻ നോക്കി. നടക്കുവോ. അവരും മടക്കി കട്ടേം പടവും. എന്നിട്ടും പറച്ചില് ഷക്കീലപ്പടം. എടോ പണിക്കാ, അടുത്തകാലത്ത് നിങ്ങടെ ടീവീലും പത്രത്തിലും യൂട്യൂബിലുമൊക്ക വന്ന എം.എല്‍.എയും യുവതിയും തമ്മിലുള്ള കിടപ്പറദൃശ്യം  ഏതു ഷക്കീലപ്പടത്തില്‍ കാണാൻ പറ്റുവെടോ? അഥവാ അങ്ങനൊരു ദൃശ്യമുണ്ടായാല്‍ നിങ്ങടെ സെൻസർബോഡ് അനുമതി കൊടുക്കുവോടോ. അവസാനം ഷക്കീലയും മടക്കി കട്ടയും പടവും. എടോ, മുഖ്യധാരാനായികമാർ മുഖ്യമായും മുഴുനീളം ആ പാവങ്ങള് ചെയ്തുകൊണ്ടിരുന്നത് ഏറ്റെടുത്തുകഴിഞ്ഞാ പിന്നെ അവർക്ക് പിടിച്ചുനില്ക്കാൻ പറ്റുവോ. അതുവരെ ജീവിച്ചുവന്ന രീതിയില്‍ ജീവിക്കണേ കാശുവേണ്ടടോ? തന്റെ വഴിമുട്ടുന്നുവെന്നറിഞ്ഞപ്പോഴാണ് സില്‍ക്ക് ആത്മഹത്യചെയ്തത്. എടോ, അതേപോലെ നമുക്ക് മുഖ്യധാരാ മാധ്യമങ്ങളുടെയടുത്ത് പിടിച്ചുനില്‍ക്കാൻ പറ്റില്ലെന്നും. അവര് ഞങ്ങളെ കടത്തിവെട്ടി ബഹുദൂരം പോയില്ലേ. എടോ തനിനിറത്തെ വീട്ടിക്കേറ്റാത്ത നിങ്ങളുടെ ഏതെങ്കിലും വീടുണ്ടോടോ ഈ മുഖ്യധാരാ ചാനലുകളും പത്രങ്ങളുമില്ലാത്തത്. തനിനിറത്തിന്റെ കാലത്ത് സാക്ഷരതയുള്ളവരും കഷ്ടിയായിരുന്നുവെന്നുള്ളത് ഓർക്കണം.

കു: എന്നാലും ചേട്ടാ, കാലത്തിനനുസരിച്ച് തനിനിറത്തെ മാറ്റാൻ ബുദ്ധിമുട്ടുണ്ടാവുമായിരുന്നില്ല.

കൃ: എടോ പണിക്കാ, എത്ര ശ്രമിച്ചാലും സില്‍ക്കിന് നായികയാകാന് പറ്റുമോടോ? അനുരാധയ്‌ക്കോ ഷക്കീലയ്‌ക്കോ പറ്റുമോ. അതേ സമയം, അവരുടെ റോളിലേക്ക് മുഴുവൻ സമയവും നായികമാർക്ക് മാറാം. അങ്ങിനെ മാറുമ്പോൾ നിങ്ങളുടെ ബുദ്ധിജീവികളായ മാധ്യമപ്രവർത്തകർ അതിനെ ഗ്ലാമർ എന്ന്‍ വിളിക്കും. കേട്ടിട്ടില്ലേ, ചാനല്‍ അവതാരകരൊക്കെ വലിയ ഉദാത്ത ചോദ്യം പോലെ വലിയ ഭവ്യതയോടെ ചില നടികളോടൊക്കെ ചോദിക്കുന്നത് ഗ്ലാമർ റോളുകളിലെ അഭിനയത്തെക്കുറിച്ച് എന്താണഭിപ്രായമെന്നൊക്കെ.

കു: അപ്പോ ചേട്ടൻ വളരെ സൂക്ഷ്മമായാണല്ലോ കാര്യങ്ങളൊക്കെ നിരീക്ഷിക്കുന്നത്. അവിടെ പ്രത്യേകിച്ച് പണിയൊന്നുമുണ്ടാവില്ലല്ലോ.

കൃ: എടോ പണിക്കാ, തനിക്കു സമയമുണ്ടേ ഞാൻ കണ്ട ഒരു കാര്യം പറയാം. ബഹുരസമാ.

കു: സമയം ധാരാളം. കേൾക്കാൻ തിടുക്കം.

കൃ: എടോ കുറേ  വലിയ ചാനലുകാരുടെ എഡിറ്റോറിയല്‍ പ്ലാനിംഗ് മീറ്റിംഗും അവരുടെ മാർക്കറ്റിംഗുകാരുടെ മീറ്റിംഗും കണ്ടു. ബഹു രസമായിരുന്നു. എടോ, അവര് മെഗാ കൊയ്ത്തിനു തയ്യാറെടുക്കുവാ. നിങ്ങടെ സോളാർ താരം സരിത നായർക്ക് ജാമ്യം കിട്ടിയാല്‍ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് അഭിമുഖം എങ്ങിനെ സംഘടിപ്പിക്കാമെന്നാണ് അവർ കൂലങ്കഷമായി ആലോചിക്കുന്നത്. അവരുമായുള്ള ബന്ധങ്ങൾക്ക് ക്ഷാമമില്ല. ബന്ധപ്പെടാനുള്ള വഴിയാണ് പ്രശ്‌നം. ഫോണ്‍ വിളിക്കാൻ നിവൃത്തിയില്ല. എന്തായാലും ഓരോ ചാനലും അവരുടെ ശിങ്കങ്ങളെ ഏർപ്പെടുത്തിയിരിക്കുവാ സരിതയുമായുള്ള ആദ്യത്തെ ഇന്റർവ്യൂ തരപ്പെടുത്താനുള്ള ചുമതല. അത് മാധ്യമ മേധാവികൾ അവരവരുടെ മാർക്കറ്റിംഗുകാരേയും അറിയിച്ചിട്ടുണ്ട്. മാർക്കറ്റിംഗുകാരിപ്പോൾ ലേലം വിളി തുടങ്ങിയിരിക്കുവാ. വിശേഷിച്ചും ഓണത്തിനോടടുപ്പിച്ചെങ്ങാനും ആയമ്മ ജാമ്യം കിട്ടിവരികയാണെങ്കില്‍ വാരാൻ തന്നെയാണ് അവരുടെ തീരുമാനം.

കു: അതിനെന്താ ചേട്ടാ കുഴപ്പം. പ്ലാനിംഗ് ഏത് പ്രൊഫഷനും ആവശ്യമല്ലേ.

കൃ: ഒരു കുഴപ്പവുമില്ല. ആയിക്കോട്ടായിക്കോട്ടെ. എടോ തനിക്ക് ഓർമ്മയുണ്ടോ, ഞാനൊരു ചെറിയ സംഗതി  തനിനിറത്തില്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ കേരള നിയമസഭ എന്നെ ശിക്ഷിച്ച് ഒരു ദിവസം സഭയവസാനിക്കുന്നതുവരെ നിർത്തിയത്.

കു: ഉവ്വ്. അതെങ്ങനെ മറക്കാനാ ചേട്ടാ. ചേട്ടൻ പിറ്റേദിവസത്തെ പത്രത്തില്‍  ചേട്ടനെ ശിക്ഷിച്ച വാർത്തയും ശിക്ഷിക്കാനിടയായ വാർത്ത പുനപ്രസിദ്ധീകരിക്കുകയും ചെയ്തത്.

കൃ: ആർക്കുണ്ടെടോ ഇന്നതിന് ചങ്കൂറ്റം. പ്രൊഫഷണലിസം. എടോ എന്നെ ശിക്ഷിച്ചതിന്റെ കാരണവും ഇന്നത്തെ നിയമസഭയിലെ രംഗങ്ങളും നോക്കടോ. എന്നെ ശിക്ഷിച്ച സഭയല്ലേടോ. അതോ, നിങ്ങടെ എം.എല്‍.എമാരും പ്രൊഫഷണലായോ?

കു: മറുപടിയില്ല ചേട്ടാ. ചേട്ടനോളം ധൈര്യമില്ലെന്ന് വച്ചോളൂ. അതിരിക്കട്ടെ ചേട്ടാ, സില്‍ക്ക് സ്മിതയൊക്കെ എങ്ങിനെയുണ്ട്.

കൃ: പുള്ളിക്കാരത്തി ഉഷാറല്ലേ. ഇടയ്ക്കിടയക്ക് ഇത്തിരി നാണത്തിന്റെ അസുഖമുണ്ട്.

കു: അതെന്താ ചേട്ടാ ആയമ്മയ്ക്ക് നാണമോ.

കൃ: അതേടോ. നിങ്ങടെ നായികമാരുടെ വേഷവും കുലുക്കവും കാണുമ്പോ ഒരു നാണം.

കു: ചേട്ടന്റെ മുഖത്തുമുണ്ടൊരു നാണം. ഞങ്ങടെ മുഖ്യധാര കണ്ടിട്ടാവും അല്ലേ?

Tags: