റിയാലിറ്റി ഷോ ഓല ചീകൽ

പൊടിയന്‍
Sat, 28-12-2013 03:15:00 PM ;
വർത്തമാനകാല സംഭവങ്ങളോട് പോയ കാലത്തെ നേതാക്കള്‍ ഇന്ന്‍ ജീവിച്ചിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു? ആ നിലയ്ക്ക് നീങ്ങുന്നു, ആയിരുന്നെങ്കില്‍. കുഞ്ഞുപണിക്കൻ എന്ന തനി മലയാളിയുമായുള്ള സാങ്കല്പിക അഭിമുഖത്തിലൂടെയാണ് ആയിരുന്നെങ്കില്‍ പുരോഗമിക്കുക.

കുഞ്ഞുപണിക്കൻ- നമസ്‌കാരം നാണപ്പൻ ചേട്ടാ. എന്തോ ഗഹനമായ ആലോചനയിലാണെന്ന് തോന്നുന്നു.

നാണപ്പൻ- ഉഗ്രനൊരു കോളൊത്തിട്ടുണ്ട് പണിക്കാ. ഒരു സ്റ്റാർട്ടപ്പ് പ്രോജക്ടാ.

കു- അതെന്താ ചേട്ടാ ഈ സ്റ്റാർട്ടപ്പ് പ്രോജക്ട്?

നാ- എന്തോന്ന് പണിക്കാ? ഇയ്യാള് കേരളത്തിലെങ്ങുമല്യോ താമസിക്കുന്നേ.

കു- പ്രളയത്തിൽ ശ്വാസം മുട്ടാന്നേ.

നാ- അതിനിപ്പോ എവിടാടോ പ്രളയം?

കു- വാർത്താ പ്രളയമാണേ ഉദ്ദേശിച്ചെ. അതുകൊണ്ട് കണ്ടുകണ്ടങ്ങിരിക്കുന്നതും കണ്ടില്ലെന്നവസ്ഥയുണ്ട്. പറഞ്ഞുതന്നാൽ മനസ്സിലാക്കിക്കൊള്ളാം

നാ- എടോ, സ്റ്റാർട്ടപ്പ് വില്ലേജ് എന്നു കേട്ടിട്ടുണ്ടോ?

കു- വ്വ് അതുണ്ട്. കളമശ്ശേരി നഗരസഭയ്ക്കടുത്ത് കൊച്ചിരാജ്യത്തുണ്ടെന്നറിയാം.

നാ- ആ അതു തന്നേടോ. നഗരത്തിനുള്ളിലാണേലും വില്ലേജെന്നാ പറയുന്നെ.

കു- വൈരുദ്ധ്യാത്മകത്തിന്റെ നാമകാര്യ പ്രയോഗമായിരിക്കും.

നാ- എടോ, തന്റെ ഈ ചൊറിയുന്ന സ്വഭാവത്തിന് ഒരു മാറ്റവുമില്ല അല്ലേ. അതാടോ തന്റെ നാട്ടുകാര് കൊണം പിടിക്കാതെ പോകുന്നത്. വല്ല കാര്യോം നോക്കേണ്ട സമയത്ത് മറ്റുള്ളവനെ ചൊറിയാൻ പോകും.

കു- അപരാധം പറയരുത്. കേരളത്തിലെ മുഖ്യ കൃഷിയും വ്യവസായവുമാണത്. ചൊറിമാർക്കറ്റിന്റെ സാധ്യത കണ്ടിട്ടാണ് മുപ്പതാമത്തെ ചാനൽ വരാൻ പോകുന്നു.

നാ- താൻ ചൊറിഞ്ഞോണ്ടിരുന്നോ. എടോ സ്റ്റാർട്ട് അപ്പ് വില്ലേജെന്നു പറയുന്നത് പുതിയ വ്യവസായ സംരംഭം തുടങ്ങാനുള്ള സ്ഥലമാടോ. അവിടെ തുടങ്ങാൻ പറ്റിയ ഉഗ്രനൊരു സംഗതി കിട്ടിയടോ.

കു- തല പോകുമെന്നു കണ്ടാൽ മാത്രമേ പുറത്തു പറയുകയുള്ളു. അങ്ങിനെയെങ്കിൽ അടിയന് കേൾക്കാൻ താൽപ്പര്യമുണ്ട്

നാ- പറയാമടോ. കുറച്ചു പിള്ളാരാടോ സംരഭകര്. മിടുക്കന്മാരാ. കേരളത്തിൽ ഇപ്പോഴും എവിടെ നോക്കിയാലും കാണുന്ന വൃക്ഷം ഏതാടോ.

കു- അതിപ്പോഴും തെങ്ങു തന്നെയാണേ. പക്ഷേ,

നാ- എടോ, താൻ പറയാൻ പോകുന്നത് എന്താണെന്ന് അറിയാം. തെങ്ങിൽ കേറാൻ ആളെ കിട്ടുന്നില്ല. കിട്ടിയാലോ തേങ്ങയേക്കാൾ വലിയ കൂലി വേണം. അതിനാൽ തേങ്ങയും ഓലയുമൊക്കെ പഴുത്തും ഉണങ്ങിയും അടർന്നു വീഴുന്നു.

കു- അതേ. അതു വലിയ പ്രശ്നമാണ്.

നാ- എടോ, ആ പ്രശ്നത്തിന് പരിഹാരം കാണുന്നതിലൂടെയാണ് നമ്മുടെ പ്രോജക്ട് വികസിക്കുന്നത്.

കു-തെങ്ങുകയറ്റ യന്ത്രം വച്ചുള്ള തെങ്ങുകയറ്റമെങ്ങാനുമായിരിക്കും അല്ലേ?

നാ- ചുമ്മാതല്ലടോ താനെങ്ങും ഗതി പിടിക്കാത്തത്. ഉരുട്ടിത്തന്നാ തിന്നാമെന്ന മട്ടുമൂലം മൂക്കിൻതുമ്പിനപ്പുറത്തേക്ക് ചിന്തിക്കാൻ കഴിവില്ലാണ്ടായിരിക്കുന്നു. എടോ, സംഗതി തെങ്ങുകയറ്റം തന്നെയാ. ഇപ്പോ ഒരു തെങ്ങുകയറുന്നതിന് എന്താടോ കൂറഞ്ഞ കൂലി?

കു- അമ്പതുരൂപയാണേ.

നാ- ഗുഡ്. എടോ, ഈ പ്രോജക്ട് പ്രകാരം നമ്മുടെ പിള്ളേര് കുറേ തെങ്ങുകയറ്റക്കാരെ സംഘടിപ്പിക്കുന്നു. അമ്പതു രൂപയിൽ കുറഞ്ഞ കൂലിക്ക് തെങ്ങിൽ കയറുന്നു. തേങ്ങയും ഓലയും വെട്ടുന്നു. തേങ്ങ വാരിക്കൂട്ടി ഓല അടുക്കുന്നതിന് കൂലി വേറെയാ. അതിനൊരാളുമായിട്ടാരിക്കും പോവുക. ഓലയ്ക്കിപ്പോ എന്തോലും ഉപയോഗമുണ്ടോടോ.

കു- ചിതലിന്റെ മുഖ്യഭക്ഷണമാണ്. അതുകാരണം വീടുകളിലിപ്പോൾ വലിയ ചിതൽ ശല്യം ഇല്ലെന്നു കേൾക്കുന്നുണ്ട്

നാ- എടോ, ഓല വേണമെങ്കിൽ നീക്കം ചെയ്യാമെന്ന് വീട്ടുടമയ്ക്ക് വാഗ്ദാനം നൽകുന്നു. എന്നിട്ട് അതിന് ഒരു ചെറിയ നീക്കക്കൂലിയും ഉടമസ്ഥന്റെ കൈയ്യിൽ നിന്നും വാങ്ങുന്നു. അങ്ങിനെ വെറുതേ കിട്ടുന്ന ഓല ഉടമസ്ഥൻ നൽകുന്ന കൂലി ഉപയോഗിച്ച് എല്ലായിടത്തുനിന്നും ശേഖരിച്ച് സ്റ്റാർട്ടപ്പ് വില്ലേജിൽ കൊണ്ടുവരുന്നു. ഇവിടെ അസംസ്കൃത വസ്തു ഓലയാണ്. നോക്കൂ അഞ്ചു ന.പ. ചിലവില്ലാതെ, ചിലപ്പോൾ കുറച്ച് കാശ് കീശയിൽ ബാക്കി വരുന്ന വിധം അസംസ്കൃത വസ്തു  സൈറ്റിലെത്തിയിരിക്കുന്നു. എടോ ഈ പ്രോജക്ടിന് മലിനീകരണം എന്നു പറയുന്നത് സീറോ പെർസന്റാണ്. ഗ്രീൻ അവാർഡ് ഉറപ്പ്.

കു- നാണപ്പൻ ചേട്ടാ വേഗം പറ. എനിക്ക് ബാക്കി കേൾക്കാൻ തിടുക്കം.

നാ- താനൊന്നടങ്ങടോ പണിക്കാ. അങ്ങിനെ ഓല സൈറ്റിലെത്തുന്നു. പിന്നെ കുറച്ച് രത്നങ്ങളെ സംഘടിപ്പിക്കുന്നു. അതിനുശേഷം ...

കു- മഹിളാരത്നങ്ങളെയാവും ചേട്ടൻ ഉദ്ദേശിച്ചത്. പഴയതു പോലെ പ്രയോഗ സ്വാതന്ത്ര്യമൊന്നുമിപ്പോഴില്ല. മഹിളാകേസരികൾ എന്നു വിളിക്കപ്പെടണമെന്ന് സമത്വവാദികൾ ആവശ്യപ്പെട്ടേക്കും. ആ വിഷയം അപ്രസക്തം. ചേട്ടൻ തുടരൂ ...

നാ- എടോ എങ്കീ മഹിളകളെ. അതിനുശേഷം മെഷിൻ കൊണ്ട് ഓലയ്ക്കാല് വെട്ടുന്നു. വെട്ടിയ ഓലയ്ക്കാൽ മഹിളകളെക്കൊണ്ട് ചീകിപ്പിക്കുന്നു. സംഗതി പെട്ടന്ന് തീർക്കാൻ സൈറ്റിൽ ഓലചീകൽ മത്സരം നടത്തും. അതൊരു റിയാലിറ്റി ഷോയാക്കി മാറ്റി ഏതെങ്കിലും ചാനലുമായി കൂട്ടുകെട്ടുണ്ടാക്കും. എന്നിട്ട് വിജയികൾക്ക് ഉഗ്രൻ സമ്മാനങ്ങൾ. മുന്തിയ ഫ്ലാറ്റ് തന്നെ തരാൻ സ്‌പോൺസർമാർ ക്യൂ നിൽക്കും. എടോ ആദ്യമായി നടക്കുന്ന പുതുമയുള്ള റിയാലിറ്റി ഷോയല്ലേ. ഒറ്റ അറിയിപ്പ്‌ കൊണ്ടുതന്നെ പെണ്ണുങ്ങൾ വന്നു നിറയും.

കു- അപ്പോ, അതിന്റ ജഡ്ജിമാരായി ആരെയൊക്കെയായിരിക്കും വിളിക്കുക.

നാ- അതു പ്രശ്നമല്ല. നല്ല കാശു കൊടുത്താ മതി. ഫ്ലാറ്റ് സമ്മാനം കൊടുക്കുന്നതല്യോ.

കു- അല്ല അവരെന്തായിരിക്കും ജഡ്ജ് ചെയ്യുക?

നാ- എടോ മണ്ടൂസേ, ഓലയ്ക്കാല് ചീകിയാ പരിശോധിക്കുന്നത് ഈർക്കിലാവില്ലേ. ചീകിയതിന്റെ വൃത്തി, ഒഴുക്ക് എന്നിത്യാദി കാര്യങ്ങൾ. അതുവഴി ഉഗ്രനായി ചീകുന്നത് ഉറപ്പുവരുത്തുന്നു.

കു- അല്ല ചേട്ടാ, ഈ റിയാലിറ്റിഷോ എന്നൊക്കെ പറയുന്നത് കുറച്ചു ദിവസം നീണ്ടു നിൽക്കണമല്ലോ. അപ്പോ അതിനും വേണ്ടി ഓല സംഘടിപ്പിക്കേണ്ടേ?

നാ- എടോ കേറാനാളുണ്ടേ എത്ര വേണേലും കിട്ടുമടോ. മാത്രമല്ല ഓല സൈറ്റിലെത്തുമ്പോൾ ചിലവ് നികന്നു കിട്ടായാലും മതി. പക്ഷേ ഓല സൈറ്റിലെത്തിയാലും തെങ്ങുകയറ്റ ഓലമാറ്റൽ വകയിൽ കുറച്ചു ലാഭം തന്നെ ഉണ്ടാവും.

കു- ഒരു കാര്യമുറപ്പാ നല്ല സ്‌പോൺസർഷിപ്പ് കിട്ടും. ആയിനത്തിൽ നല്ല കാശു കിട്ടാനുള്ള സാധ്യതയുണ്ട്. ചേട്ടന്റെ ബുദ്ധി സമ്മതിച്ചു തന്നിരിക്കുന്നു.

നാ- എടോ പണിക്കാ, തനിക്കൊക്കെ വെറും നാട്യമേ ഉള്ളു. തലയ്ക്കുള്ളിൽ ഒട്ടും ആളുതാമസമില്ലടേ. എടോ ഇതുവരെ പ്രോജക്ടിലേക്കു വന്നിട്ടില്ല. എന്നാൽ പ്രോജക്ടിന്റെ തുടക്കം മുതൽ ക്രമാനുഗതമായി ലാഭം കിട്ടുകയും വർധിക്കുകയും ചെയ്യുന്നു എന്നുള്ളത് നേരാണ്. പക്ഷേ ഇതൊന്നുമല്ല പ്രോജക്ട്.

കു- അയ്യോ ചേട്ടാ എന്റെ വയറ്റിലൊരൊന്തരാളം. ഇതിനേയും വെല്ലുന്ന പ്രോജക്ടോ?

നാ- എടോ നല്ല ഈർക്കിൽ റെഡിയായാൽ അടുത്ത റിയാലിറ്റി ഷോയുടെ തുടക്കമായി. ചൂലുകെട്ടൽ റിയാലിറ്റിഷോ. അതും മേൽപ്രകാരം. സകല ഈർക്കിലും തീരും വരെ റിയാലിറ്റി ഷോ.

കു- ചേട്ടാ സമ്മതിച്ചിരിക്കുന്നു.

നാ- എടോ പ്രോജക്ടായില്ലടോ. എടോ താൻ മാത്ത്‌സിലെങ്ങനാടോ.

കു- മുഷിയില്ല.

നാ- ഒന്നു ഗുണിക്കടോ. ചുരുങ്ങിയത് ഒരുകോടി ഗുണം 75

കു- അതു വളരെ ലളിതമല്ലേ ചേട്ടാ. എഴുപത്തിയഞ്ചുകോടി.

നാ- ഓ അത്രയേ ഉള്ളോ. ങാ, പിന്നെ സ്പോണ്‍സര്‍ തുകയുമെല്ലാം ചേർന്ന് ചുരുങ്ങിയത് നൂറ് കോടി. കുഴപ്പമില്ല. നയാപൈസാ മൂലധനമില്ലാതെയുള്ള പ്രോജക്ടല്ലേ. ഒന്നാം ദിവസം മുതൽ ലാഭമല്ലേ. സാധാരണ ഒരഞ്ഞൂറുകോടിയുടെ പ്രോജക്ടൊക്കെ ഒരു പൈസയെങ്കിലും ലാഭമാകണമെങ്കിൽ എത്ര വർഷമെടുക്കും.

കു-  അല്ല ചേട്ടാ പ്രോജക്ട്?

നാ- ആ അതു പറഞ്ഞില്ല. എടോ നാല് മാസങ്ങൾക്കകം തെരഞ്ഞെടുപ്പ് വരാൻ പോവുകയല്ലേ. ആം ആദ്മി പാർട്ടി എല്ലായിടത്തേക്കും വ്യാപിക്കാൻ പോകുവാ. രണ്ടായാലും ദില്ലിയിൽ തിരഞ്ഞെടുപ്പുണ്ടാകും. അവരുടെ ചിഹ്നമെന്തുവാ?

കു- ചേട്ടനെ സമ്മതിച്ചിരിക്കുന്നു. ചേട്ടാ അവരെല്ലായിടത്തേക്കും പോവുകയാണെങ്കിൽ ചൂല് രണ്ട് കോടിയൊന്നും പോരാതെ വരും.

നാ- തൽക്കാലം ഒരോട്ടക്കണക്ക് കൂട്ടിയതാടെ. ഒരു ചൂലിന് നൂറ് രൂപ. ട്രാൻസ്‌പോർട്ടേഷനും കയറ്റിറക്കും എത്ര വന്നാലും ഒരു ചൂലിന്റെമേൽ ഇരുപത്തിയഞ്ച് രൂപയിൽ കൂടുതൽ വരില്ല.

കു- കേജ്രിവാളിന്റെ തലേല് ബുദ്ധിയൊണ്ട്. ചിഹ്നത്തിലൂടെതന്നെ ആം ആദ്മിക്ക് മൂപ്പര് കാശുണ്ടാക്കി കൊടുക്കുന്നു. ഒരു സംശയം ചേട്ടാ, ചേട്ടനെങ്ങാനും ഇടയ്ക്ക് ഈ കേജ്രിവാളിൽ പ്രവേശിക്കുന്നതാണോ?

നാ- താൻ പോടോ അന്ധവിശ്വാസി!