കവിത ശാലിനിയുടെ കൂട്ടുകാരിയല്ല

പൊടിയന്‍
Sun, 10-11-2013 03:00:00 PM ;
വർത്തമാനകാല സംഭവങ്ങളോട് പോയ കാലത്തെ നേതാക്കള്‍ ഇന്ന്‍ ജീവിച്ചിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു? ആ നിലയ്ക്ക് നീങ്ങുന്നു, ആയിരുന്നെങ്കില്‍. കുഞ്ഞുപണിക്കൻ എന്ന തനി മലയാളിയുമായുള്ള സാങ്കല്പിക അഭിമുഖത്തിലൂടെയാണ് ആയിരുന്നെങ്കില്‍ പുരോഗമിക്കുക.

കുഞ്ഞുപണിക്കൻ: നമസ്‌കാരം അണ്ണാ.

അണ്ണൻ: നമസ്‌ക്കാരം നമസ്‌ക്കാരം. പറേയ്, എന്തൊരൊക്കെയുണ്ട് വിശേഷങ്ങള്. മഴകളൊക്കെ കഴിഞ്ഞാ

കു: വ്വുണ്ണാ. വിശേഷങ്ങളൊരുപാടുണ്ട്. അണ്ണനറിയുന്നുണ്ടാവുമല്ലോ അല്ലേ?

അണ്ണൻ: നിങ്ങടെ വിശേഷങ്ങളൊക്കെ ചീള് കേസ്സടേ. നമ്മളിപ്പോ ഒരു പാവം പെങ്കൊച്ചിന്റെ കാര്യമിങ്ങനെ നോക്കിയിരിക്കുവാ. എന്തരടേ അമക്കിച്ചിരിക്കുന്നേ?

കു: അണ്ണാ, ഇപ്പോ പെങ്കൊച്ചുങ്ങളൊന്നും പാവമല്ല അണ്ണാ.  ആൺപുലികളൊക്കെ അസ്സാരം പേടിയിലാ പുറത്തിറങ്ങുന്നതും. അമ്പലങ്ങളിലൊക്കെ  വഴിപാടും മുട്ടും വല്ലാണ്ട് കൂടിയിട്ടുണ്ടെന്നും കേൾവിയുണ്ട്.

അ: എന്തിരിനടേ വഴിപാടുകള്?

കു: അണ്ണാ വീട്ടീന്നിറങ്ങിയാ പെൺപേടിയേൽക്കാതെ തിരികെ വീട്ടിലെത്താൻ.

അ: അപ്പോ നിന്റെയൊക്കെ വീട്ടീ പെണ്ണുങ്ങളില്ലേടേ?

കു: അതല്ലണ്ണാ. പണ്ടൊക്കെ വീട്ടീന്ന് പുറത്തിറങ്ങിയാ പെൺപേടി വേണ്ടാർന്ന്. ഇപ്പോ പുരുഷകേസരികൾക്ക് വീട്ടിലും പുറത്തും പെൺപേടി കാരണം ശ്ശി ബുദ്ധിമുട്ടായിരിക്കുവാണ്ണാ

അ: നിനക്കൊക്കെയതു വേണമടേ.  പാവം പെണ്ണുങ്ങളെയൊക്കെ നീയൊക്കെ മീശ മേപ്പോട്ട് പിരിച്ച് വച്ച് കൊറേ പേടിപ്പിച്ച് നിർത്തിയിരുന്നയല്ലേ. കുറേ സഹിക്കടേ. അന്നേ നീയൊക്കെ പേടിച്ചുതൂറിയിട്ടാടെ മീശയൊക്കെ മേപ്പോട്ട് പിരിച്ച് വച്ച് കുടവയറും തള്ളിച്ച് നടന്നത്. എടേ ഈ പെണ്ണുങ്ങള് ആണുങ്ങളെക്കാണുന്നില്ലടേ. അപ്പോ പിന്നെ പാവങ്ങളെന്തര് ചെയ്യുവടേ.

കു: അതെന്തരണ്ണാ അപ്പോ ഇവിടെയുള്ളതൊക്കെ പിന്നെയാരാ?

അ: പേടിച്ചുതൂറികള്

കു: ഓ, അതുകൊണ്ടായിരിക്കും ഇപ്പോഴത്തെ പെൺപിള്ളാര് നോ ഹെയർ എബോവ് ലിപ്‌സ് ചെക്കന്മാരെ മതിയെന്നു പറയുന്നതെന്നു തോന്നുന്നു. അതവിടെ നിൽക്കട്ടെ , അണ്ണൻ ഏത് പെൺകൊച്ചിനെയോർത്താ ആകുലപ്പെടുന്നത്.

 

 

അ: വ്വോ... ആകുലങ്ങളൊന്നുമില്ലടേ. ആ പെൺകൊച്ച് കൊഴപ്പങ്ങളൊന്നുമില്ലാതെ മാനോം മര്യാദയുമായി അധ്വാനങ്ങളെടുത്ത് കഴിഞ്ഞുവന്നയാടേ. അതിന്റെ കഞ്ഞികുടി മുട്ടിക്കുന്ന ലക്ഷണങ്ങളൊക്കെ കാണുന്നടേ. ആ പെൺകൊച്ച് ഏതാന്ന് പറഞ്ഞില്ല, എടേ അതാ ശാലിനിക്കൊച്ച്. നമ്മടെ ബേക്കറി ജംഗ്ഷനില് കൊച്ചു ഹോട്ടലു നടത്തുന്നയാ കൊച്ച്

കു: അണ്ണാ ആയമ്മേടെ ഹോട്ടലല്യോ ഇപ്പോ തലസ്ഥാനത്തെ സ്റ്റാർ ഹോട്ടല്. അണ്ണനറിഞ്ഞില്ലേ, ഈയടുത്ത സമയത്ത് നമ്മുടെ ജ്ഞാനപീഠം ജേതാവ് എം.ടി വാസുദേവൻ നായർ അവിടെ പോയി ഉച്ചയ്ക്ക് ഊണ് കഴിച്ചത്. അതിന്റെ വാർത്ത അണ്ണൻ കണ്ടില്ലായിരുന്നോ. എല്ലാ പത്രത്തിലും ഒന്നാം പേജിൽ നിറകോളം വെണ്ടയ്ക്കായിലായിരുന്നു.

അ: അതു തന്നടേ ആ പെൺകൊച്ചിന് കൊഴപ്പങ്ങളായിരിക്കുന്നത്. വാസുദേവൻ നായര് സിനിമാക്കാരനും തിരക്കഥാകൃത്തുമല്ലേടേ. അങ്ങോര്‍ക്ക് പണികളറിയാം. പുള്ളിക്ക് ഈ അടുത്തകാലത്ത് ഇത്രയും മൈലേജുകള് കിട്ടിയ സംഗതി വേറേ ഉണ്ടോടേ. എടേ, തിരുവന്തോരത്തെ ഏതെങ്കിലും സ്റ്റാർ ഹോട്ടലിന് പത്രങ്ങളിലത്രേം പരസ്യങ്ങള് കൊടുക്കുവാൻ പറ്റുവാടേ. എടേയ് അതല്ലടേ ഇപ്പോഴത്തെ പ്രശ്‌നം. നമ്മുടെ തിരുവന്തോരത്ത് ചില അണ്ണന്മാര് അയ്യടാന്നായടേ.

കു: അതെന്തുപറ്റിയണ്ണാ

അ: എടേ, ഓയെൻവിയും സുഗതകുമാരിയുമൊക്കെ തൊട്ട് അയൽപക്കങ്ങളിലുണ്ടായിട്ട് അവരേക്കൊണ്ട് ശാലിനിയുടെ കടയിൽ കയറ്റി ഊണ് കഴിപ്പിക്കാൻ പറ്റിയില്ലല്ലോന്നാണ് സ്വാഗത സംഘം അണ്ണന്മാരുടെ വെഷമങ്ങള്.

കു: അണ്ണാ, ശാലിനിയുടെ ഒന്നാമത്തേയും രണ്ടാമത്തേയും കഥാ സമാഹാരത്തിന് അവതാരികയെഴുതിയത് സുഗതട്ടീച്ചറും ഓയെൻവിയുമായിരുന്നില്യോ

അ: അതല്ലേടെ പറഞ്ഞെ. മൂന്നാമത്തെ അവതാരിക എഴുതിയ എം.ടി. സിനിമാ സ്റ്റൈലിൽ ലാൻഡിംഗ് നടത്തിയത്.

കു: അണ്ണാ, തിരുവന്തപുരത്തുള്ള ജ്ഞാനപീഠക്കാർക്കൊരു പാരയുമാ അത് അല്ലേ.

അ: എടേയ്, ഈ നേരം വെളുക്കേന്നേടം തൊട്ട് ഇങ്ങനെ പാരേക്കുറിച്ച് ചിന്തിച്ചും പറഞ്ഞുമൊക്കെ നടക്കാതടേ. മസ്തിഷ്‌ക്കങ്ങള് ചുരുങ്ങിപ്പോകുമടേ. ശ്ശെ, എന്തര് പറയാൻ.

കു: എന്താണ്ണാ ചിരിക്കുന്നെ. അയ്യോ അണ്ണാ അങ്ങിനെ ചിരിക്കാതെ. ചിലപ്പോ എവിടേലും കേറി ഉളുക്കും. ശ്വാസം നിലയ്ക്കുമണ്ണാ.

അ: എടേയ് പണിക്കാ, എന്തര് ചെയ്യുവടേ. എടേയ് നിന്റേടുത്ത് പാരേക്കുറിച്ച് പറയരുതെന്നും പറഞ്ഞിട്ട് ഞാൻ ത്തിരിപ്പൂരം പാരകളെക്കുറിച്ചു തന്നേടെ പറയാൻ പോന്നെ.

കു: അണ്ണൻ പറേണം. പാരയില്ലെങ്കിൽ പിന്നെന്തെരണ്ണാ.

അ: എടേയ് രണ്ട് പാരകളാ ആ പാവം പെൺകൊച്ചിനുവേണ്ടി  നമ്മുടെ അണ്ണന്മാര് ഒരുക്കിക്കൊണ്ടിരിക്കുന്നത്. വാസുദേവൻ നായരു കൊടുത്ത ഷോക്ക് മറികടക്കാനുള്ള  പരിശ്രമമാണ് അണ്ണന്മാര് നടത്തുന്നത് കേട്ടാ. പാവം ആ പെൺകൊച്ചിനെ  വിജെടി ഹാളിൽ അണിയിച്ചൊരുക്കി ആദരിക്കാൻ പോന്നടേ. അതു പിന്നേം സഹിക്കാം. ചില അണ്ണന്മാര് ആ പാവത്തിനെ ഏതാണ്ട് ഉദ്ഘാടനങ്ങൾക്ക് വിളിച്ചോണ്ട് പോവാൻ പോന്നടേ. അതോടെ അതിന്റെ കച്ചോടം തീരുവടേ.

കു: അയ്യോ അതെങ്ങിനെണ്ണാ?

അ: എടേയ്. കച്ചോടങ്ങളെന്നു പറഞ്ഞാ ഹോട്ടല് പൂട്ടിപ്പോവുമടേ. അതുങ്ങള് രാപ്പകല് കടന്ന് അധ്വാനിച്ചാടേ ആ ഹോട്ടല് നടത്തുന്നെ. എടേയ് രണ്ട് ഉദ്ഘാടനങ്ങൾക്ക് പോയാ പിന്നെ ഹോട്ടലാരു നോക്കുവടേ. അതിന്റെ വീട്ടില് അടുപ്പി തീകള് പുകയാതുകമടേ.

കു: ഓ, അതു ശരിയാണ്ണാ. അതിരിക്കട്ടെ . രണ്ടാമത്തെ പാരമയെന്താണ്ണാ?

അ: എടേയ് ആദ്യത്തെ പാര ഊരാൻ എളുപ്പങ്ങളുണ്ട്. ആ കൊച്ച് തീരുമാനങ്ങളെടുത്താ മതി. ഇനി ഉദ്ഘാടനങ്ങൾക്കൊന്നും പോവുന്നില്ലെന്ന്. എടേയ് രണ്ടാമത്തത് അതല്ലടേ. അതൊരു നല്ല പെങ്കൊച്ചാടേ. ഹോട്ടലിലേം വീട്ടിലേം എല്ലാം പണികഴിഞ്ഞാടേ അത് നല്ല കവിതകളെഴുതുന്നത്.  ഇതുപോലൊരു കവികളെ എനിക്കറിയില്ലടേ. ഈ അനുഭവങ്ങളുള്ള എത്ര കവികളുണ്ടാവുമടേ ലോകത്ത് തന്നെ. അത് ഇനീം നന്നായി എഴുതാൻ സാധ്യതകളുണ്ടടേ. പക്ഷേ അതിനെ കെട്ടുകെട്ടിക്കാനുള്ള ആലോചനകളൊക്കെ ചില മസ്തിഷ്‌ക്കങ്ങളിൽ നടക്കുന്നടേ.

കു: അതെന്താണ്ണാ?

അ: എടേയ് ചില ആധുനിക വിമർശകര് ആ പെൺകൊച്ചിന്റെ കവിത വിമർശിക്കാൻ പോന്നടേ. എടേയ് ആ കൊച്ച് തന്റെ കവിതകളേക്കുറിച്ച് വന്നതല്ലേന്ന് കരുതി അതെങ്ങാണം വായിച്ചാലുള്ള സ്ഥിതി ആലോചിച്ചു നോക്കടേ.

കു: അയ്യോ മഹാകഷ്ടം അണ്ണാ മഹാകഷ്ടം. ഹോട്ടലും പൂട്ടും കവിതയെഴുത്തും കഴിയും. പിന്നെങ്ങനെ അതു ജീവിക്കുമണ്ണാ.

അ: അപ്പോ അതിനേം വിറ്റുകാശാക്കുവടേ നമ്മടെ ആൾക്കാര്.

കു: അതെങ്ങനെയണ്ണാ?

അ: എടേയ്, അപ്പോഴും ചാനലുകൾക്കും പത്രങ്ങൾക്കുമൊക്കെ നല്ല ഒന്നാംന്തരം പൈങ്കിളി സ്റ്റോറികള് കിട്ടത്തില്ലേടേ. എടേയ്, എന്തരടേ വീണ്ടും ആലോചിക്കുന്നത്?

കു: അണ്ണാ , അപ്പോ നമ്മുടെ മഹാപത്രങ്ങളിടുന്ന തലവാചകമൊന്നോർത്തേതണ്ണാ.

അ: പറേടേ , കേൾക്കട്ട

കു: കവിത ശാലിനിയുടെ കൂട്ടുകാരിയല്ല

അ: ഹഹഹ. കൊള്ളാമടേ കൊള്ളാം.

Tags: