പരനാറിയും ശ്രീകൃഷ്ണജയന്തിയും

Glint Staff
Wed, 17-09-2014 02:00:00 PM ;

വർത്തമാനകാല സംഭവങ്ങളോട് പോയ കാലത്തെ നേതാക്കള്‍ ഇന്ന്‍ ജീവിച്ചിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു? ആ നിലയ്ക്ക് നീങ്ങുന്നു, ആയിരുന്നെങ്കില്‍. കുഞ്ഞുപണിക്കൻ എന്ന തനി മലയാളിയുമായുള്ള സാങ്കല്പിക അഭിമുഖത്തിലൂടെയാണ് ആയിരുന്നെങ്കില്‍ പുരോഗമിക്കുക.



കുഞ്ഞുപണിക്കൻ- നമസ്കാരം ഗുരോ.

ഇ.എം.എസ്- എന്താ പണിക്കാ പതിവില്ലാത്ത പാദനമസ്‌കാരവും ഒരു ഗുരോ വിളിയും.

കു- ഗുരുപൗർണ്ണമി നാളിൽ സാധിച്ചില്ല.

ഇ-അതെന്തുപറ്റി?

കു- പത്തുദിവസം തികച്ചായില്ല, തീരുമാനങ്ങൾ വന്നിട്ട്.

ഇ- എന്തു തീരുമാനം?

കു- അല്ല, ഈ ശ്രീകൃഷ്ണജയന്തി സഖാക്കൾ ആഘോഷിക്കണമെന്ന തീരുമാനം.

ഇ- അതിന് സഖാവ് വിളി മാറ്റണമെന്നില്ല. പണിക്കനറിയില്ലേ, ഈ സഖാവ് വിളി പ്രയോഗം ഞങ്ങൾ ശ്രീകൃഷ്ണന്റെ കൈയ്യിൽ നിന്ന് കടമെടുത്തതല്ലേ. വെറുതേ പുലിവാലാക്കേണ്ട എന്നു കരുതിയല്ലേ അക്കാര്യം മിണ്ടാതിരുന്നത്. ഗോകുലത്തിലെ പാല് മുഴുവൻ കംസന് വേണ്ടി കൊണ്ടുപോകാൻ കൂട്ടിവച്ചപ്പോൾ അതു തടഞ്ഞുകൊണ്ട് മൂപ്പര് കൂട്ടുകാരനായ ശ്യാമനെ ശ്യാമസഖാവേ എന്നു വളിച്ചത് ഓർക്കുന്നില്ലേ. സമയം കിട്ടുമ്പോൾ മഹാഭാരതം വായിക്കുന്നത് നല്ലതാ പണിക്കാ.

കു- ചിത്തഭ്രമം വല്ലാതെ വർധിക്കുന്നു

ഇ- അതിപ്പോ പണിക്കന് മാത്രമല്ലല്ലോ. എന്താ ഇത്ര വർധിക്കാൻ കാരണമായത്?

കു- ശ്രീകൃഷ്ണ ജയന്തി സഖാക്കൾ ആഘോഷിക്കണമെന്ന് തീട്ടൂരം വന്നതിനു പിന്നാലെ മലയാളത്തിലെ ഒരു പ്രയോഗത്തിന് അങ്ങയുടെ പാർട്ടി ഔദ്യോഗിക സ്ഥിരീകരണത്തിലൂടെ ചിരപ്രതിഷ്ഠമാക്കിയിരിക്കുന്നു. എത്ര ആലോചിച്ചിട്ടും അതിന്റെ വൈരുദ്ധ്യാത്മികതയും താത്വിക തലവും പിടികിട്ടുന്നില്ല.

ഇ- അത് കിട്ടാൻ പ്രയാസമാണ്. വെറുതേയല്ല ശ്രീകൃഷ്ണജയന്തി ആഘോഷിക്കാൻ സഖാക്കളോട് ആവശ്യപ്പെട്ടതും പരനാറി പ്രയോഗത്തിന് സാധൂകരണം നൽകിയതും. രണ്ടും ഒന്നിച്ചു സംഭവിക്കേണ്ടതാണ്. അത് മനസ്സിലാക്കുമ്പോഴാണ് വൈരുദ്ധ്യാത്മകതയും അതിന്റെ പരമമായ അർഥതലവും മനസ്സിലാവുകയുള്ളു. ഇതുവരെയുള്ള ശീലങ്ങൾ മാറ്റൂ എന്നാണ് ശ്രീകൃഷ്ണജയന്തി ആഘോഷത്തിലൂടെയുള്ള ആഹ്വാനം. അതായത് മാറ്റുവിൻ ചട്ടങ്ങളെ. അതുപോലെ ഇതുവരെ അൽപ്പബുദ്ധികളുടെ ജ്ഞാനപ്രാപ്തിയിലൂടെ മനസ്സിലാക്കിയിരുന്ന പരനാറി അർഥമല്ല പാർട്ടി സെക്രട്ടറിയും പിന്നീട് എം.വി ജയരാജൻ സഖാവും ഉപയോഗിച്ച് ഔപചാരികമായി സ്ഥിരപ്പെടുത്തിയത്.

pinarayi vijayan and mv jayarajan

 

കു- അത്ഭുതം. പരനാറി പ്രയോഗവും ശ്രീകൃഷ്ണജയന്തി ആഘോഷവും തമ്മിൽ ബന്ധമുണ്ടെന്നോ

ഇ- അജ്ഞതയിൽ ഉണ്ടാവുന്ന അസ്വീകാര്യതയുടെ പ്രതിഫലനമാണ് അത്ഭുതം. ഞങ്ങൾ ബാലറ്റിലൂടെ അധികാരത്തിൽ വന്നപ്പോൾ ഇതുപോലെ അത്ഭുതപ്പെട്ടില്ലേ. ഇപ്പോൾ ആ അത്ഭുതമുണ്ടോ. ഇല്ല. എല്ലാം അറിവായിക്കഴിഞ്ഞാൽ അത്ഭുതം മാറിക്കൊള്ളും. അറിയില്ലേ, ഞങ്ങളുടെ പാർട്ടിയുടെ അടിസ്ഥാനം തന്നെ മാറ്റമാണ്.

കു- അപ്പോൾ നാറ്റം എന്നുള്ളത് മണമായി മാറുമെന്നാണോ അവിടുന്ന് പറയുന്നത്. താത്വിക വ്യാഖ്യാനമനുസരിച്ച് ഘ്രാണശക്തിയിൽ മാറ്റം വരുമെന്നോ.

ഇ- പണിക്കൻ മനനപ്രക്രിയയിൽ ഏർപ്പെടാത്തത് വലിയ കഷ്ടമായിരിക്കുന്നു. വലിയ വിഷയമാണ് പണിക്കൻ ഉയർത്തിയിരിക്കുന്നത്. താത്വികഗ്രഹണത്തിനനുസരിച്ച് ഘ്രാണഗ്രാഹ്യത്തിൽ മാറ്റം ഉണ്ടാവും. പണ്ടെത്തെ ഒരു പാട്ടുണ്ടല്ലോ, കാച്ചെണ്ണ തേച്ച നിൻ കാർക്കൂന്തലത്തിന്റെ കാറ്റേറ്റാൽ പോലുമെനിക്കുന്മാദം. ഇന്നത്തെ കുട്ടികൾക്ക് ആ മണമേറ്റാൽ ഛർദി വരില്ലേ.

കു- മനനമില്ലായ്മയും തദ്വാരാ ഉണ്ടായിട്ടുള്ള അറിവില്ലായ്മയും മാപ്പാക്കണം. കാര്യങ്ങൾ മനസ്സിലാകുന്നു. എങ്ങിനെയാണ് നാറ്റം മണമായി മാറുന്നതെന്നും അത് ശ്രീകൃഷ്ണനുമായി എങ്ങിനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്നും അറിയാനുള്ള അടിയന്റെ ത്വര അസഹനീയമാകുന്നു. പണ്ട് മണമായിരുന്നത് മുഴുവൻ നാറ്റത്തിലേക്കും പണ്ട് നാറിയിരുന്നത് മുഴുവൻ സുഗന്ധത്തിലേക്കും പരിണമിക്കുകയും അതനുസരിച്ച് ഘ്രാണശേഷി പരിണാമം ഉണ്ടായെന്നുമാണോ അങ്ങ് പറയുന്നത്.

ഇ- അതിനാണ് ഭഗവദ്ഗീത പഠിക്കണമെന്ന് പറയുന്നത്

കു- അങ്ങത് നേരത്തേ പറഞ്ഞിരുന്നെങ്കിൽ .......

ഇ- എല്ലാം കാലികമായി മാത്രമേ വ്യാഖ്യാനിക്കാവൂ.

കു- എങ്കിലും പരനാറി പ്രയോഗത്തിന്റെ പരിണാമം അറിയാൻ ഏറെ താൽപ്പര്യം

ഇ- എടോ പണിക്കാ, ഭഗവാൻ കൃഷ്ണൻ ഗീതയിൽ അർജുനനെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതെന്താണ്?

കു-സർവ്വ ധർമ്മങ്ങളും പരിത്യജിച്ച് പരംപൊരുളിനെ മാത്രം പ്രാപിക്കാൻ.

ഇ- ഓ, അപ്പോ തനിക്ക് അൽപ്പസ്വൽപ്പം അറിയാം അല്ലേ. അതേ അതു തന്നെ. പ്രാണനും അപാനനും ഞാൻ തന്നെ എന്നു കൃഷ്ണൻ പറയുന്നുണ്ട്. അതായത് സുഗന്ധമായാലും ദുർഗന്ധമായാലും  ഞാൻ തന്നെയെന്ന്. യുദ്ധവും സമാധാനവും താനാണെന്ന് വിശ്വരൂപം കാട്ടിത്തന്ന് മനസ്സിലാക്കിക്കാൻ ശ്രമിച്ചതും ഓർമ്മയില്ലേ. അതുപോലെ നിർഗുണമായ അവസ്ഥയെയാണ് ഭഗവാൻ കൃഷ്ണൻ പ്രതിനിധാനം ചെയ്യുന്നത്. അതായത് പരം പൊരുളെത്തിയാൽ പിന്നെ മണവുമില്ല, ഗുണവുമില്ല. അതായത് മണമായാലും നാറ്റമായാലും അതു ലഭ്യമാക്കുന്ന തൻമാത്രകൾ പരമമായ അവസ്ഥയിലെത്തിയാലുള്ള കാര്യം. എടോ ക്വാണ്ടം മെക്കാനിക്‌സ് തനിക്ക് അറിയില്ലേ.

emsകു- വ്വ്,വ്വ് അറിയാം. ഇപ്പോൾ എല്ലാം തെളിയുന്നു. വസ്തുവിനെ പരമമായി വിഘടിച്ചാൽ പിന്നെ വസ്തുവില്ല. ഊഹിക്കാവുന്ന തലത്തിലുള്ള ഒരു തരംഗനിലയുടെ സങ്കൽപ്പാവസ്ഥമാത്രം. വ്വ്, വ്വ് അപ്പോൾ നാറുന്നതും പരമെത്തിയാൽ പിന്നെ നാറ്റമില്ല. അത് അറിവിന്റെ ആത്യന്തിക തലം. അതുകൊണ്ടായിരിക്കും വെറും നാറി എന്ന് വിളിക്കാതെ പരനാറി എന്ന പ്രയോഗം സെക്രട്ടറിയും പിന്നീട് ജ്ഞാനിയും സംസ്കൃതപണ്ഡിതനും കൂടിയായ ജയരാജനും നടത്തിയത്. അദ്ദേഹം ഈ പരിഷ്കാരം തുടങ്ങിവച്ചിട്ട് ഏതാനും വർഷങ്ങളായി. ആർക്കും മനസ്സിലായിരുന്നില്ല. ഹൈക്കോടതി ജഡ്ജിമാർക്കുപോലും. അവരെ അദ്ദേഹം ശുംഭൻ എന്നു വിളിച്ചപ്പോൾ അവർ അത് മോശമായി എടുക്കുകയും വെറുതേ അദ്ദേഹത്തെ കോടതിയിൽ വിളിച്ചുവരുത്തി കുറ്റപ്പെടുത്തുകയുമൊക്കെയുണ്ടായി. ഇപ്പോൾ മനസ്സിലായി ശ്രീകൃഷ്ണജയന്തി ആഘോഷവും പരനാറിപ്രയോഗവും തമ്മിലുള്ള ബന്ധവും അതിന്റെ താത്വികതലവും.

ഇ- എടോ, ദീർഘദർശികൾ മുന്നേ നടക്കും. അവർ പറയുന്നത് അപ്പോൾ മനസ്സിലാകില്ല. മനുഷ്യചരിത്രം മുഴുവൻ അതിന്റേതല്ലേടോ

കു- ഭാഷാപരമായി വലിയൊരു പരിവർത്തനവും പരിണാമവും മലയാളത്തിൽ തുടങ്ങിയിട്ട് കുറച്ചുനാളായി. അടിയും പൊളിയുമെന്ന രണ്ടു വിരുദ്ധവാക്കുകൾ ചേർന്ന് ഉഗ്രോഗ്രൻ എന്നതിനു പകരമായി അടിപൊളി എന്ന വാക്ക് ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. എന്താണ് ഗുരോ ഇത്ര ചിരിക്കുന്നത്?

ഇ- അത് പണിക്കന് മനസ്സിലായില്ല. അത് വെറുതേ ഉണ്ടായതല്ല. അടി, പൊളി.  ഒന്നാലോചിച്ചുനോക്കിയേ, ഈ രണ്ടു സംഗതികൾ ആധുനിക കേരളത്തിന്റെ ചരിത്രവുമായി എത്രമാത്രം ബന്ധപ്പെട്ടുകിടക്കുന്നു. അതിനൊരു താത്വികവും രാഷ്ട്രീയവുമായ അടിത്തറയുണ്ട്. അതാണ് വൈരുദ്ധ്യാത്മകത. അതിന്റെ പ്രയോഗസംസ്കാരത്തിൽ നിന്ന് ഉയിർകൊണ്ടതാണ് അടിപൊളി.