മന്ത്രിമാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ രാജിക്ക് തയ്യാര്‍: തരുണ്‍ ഗോഗോയ്

Thu, 06-06-2013 05:48:00 PM ;

ന്യൂഡല്‍ഹി: തന്റെ മന്ത്രിസഭയില്‍ മന്ത്രിമാര്‍  രാജി വക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ താനും രാജി വക്കാന്‍ ഒരുക്കമാണെന്ന് ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്‌.  18 മന്ത്രിമാര്‍ക്കും തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന് പറയുകയാണെങ്കില്‍ മാത്രമേ താന്‍ രാജി വക്കുകയുള്ളൂ എന്നും ഡല്‍ഹിയില്‍ ഗൊഗോയ്‌ അറിയിച്ചു.

 

ഗൊഗോയിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിമതര്‍ പാര്‍ട്ടിയില്‍ പ്രശ്നമുണ്ടാക്കിയിരുന്നു. എന്നാല്‍ അവരുടെ ആവശ്യങ്ങള്‍ എന്താണെന്നു ഇത് വരെ അവര്‍ പാര്‍ട്ടിയെ അറിയിച്ചിട്ടില്ല. അത് മാത്രമല്ല മുഖ്യമന്ത്രിയെ നീക്കണമെന്നാവശ്യപ്പെട്ടു എം.എല്‍.എ മാര്‍ ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ വരാനും എ.ഐ.സി.സി.നേതൃത്വത്തെ കാണാനും എല്ലാവര്‍ക്കും അവകാശമുണ്ടെന്നും മന്ത്രിസഭാ പുന:സംഘടനയെകുറിച്ച് ഇപ്പോള്‍ ആലോചിക്കെണ്ടതില്ലെന്നും ഗൊഗോയ്‌ പ്രതികരിച്ചു.

 

മന്ത്രിസഭയിലുള്ള യുവാക്കളെ അവരുടെതായ സ്വതന്ത്ര പ്രകടനത്തിന് അനുവദിക്കുന്നില്ലെന്നതാണ് ഗോഗോയുടെ മേലുള്ള ആരോപണം. എന്നാല്‍ ഗൊഗോയ്‌ ഇതു നിഷേധിച്ചിട്ടുണ്ട്.

Tags: