ആന്ധ്രപ്രദേശ് വിഭജനത്തിനെതിരെ സീമാന്ധ്ര പ്രദേശങ്ങളിലെ പ്രതിഷേധം ഞായറാഴ്ചയും രൂക്ഷമായി തുടരുന്നു. നിരോധനാജ്ഞയും കണ്ടാലുടന്‍ വെടിവെക്കാനുള്ള ഉത്തരവും അവഗണിച്ച് പ്രക്ഷോഭകര്‍ ഞായറാഴ്ച വിജയനഗരം പട്ടണത്തിലും ജില്ലയുടെ മറ്റുഭാഗങ്ങളിലും നടത്തിയ പ്രകടനങ്ങള്‍ അക്രാമാസക്തമായിരുന്നു.
തീരദേശജില്ലയായ വിജയനഗരം തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനം വന്ന ഒക്ടോബര്‍ മൂന്ന്‍ മുതല്‍ കടുത്ത പ്രക്ഷോഭത്തിന്റെ പാതയിലാണ്. ശനിയാഴ്ച രാത്രി അധികൃതര്‍ ഇവിടെ നിരോധനാജ്ഞയും കണ്ടാലുടന്‍ വെടിവെക്കാനുള്ള ഉത്തരവും പുറപ്പെടുവിച്ചിരുന്നു.
ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ബന്ദ് ശനിയാഴ്ച രാത്രി അവസാനിച്ചു. അതേസമയം. സീമാന്ധ്രയിലെ വൈദ്യുത ജീവനക്കാര്‍ ഞായറാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. വൈദ്യുത ഉല്‍പ്പാദന, പ്രസരണ, വിതരണ കമ്പനികളിലായി 70,000 പേരോളം പണിമുടക്കില്‍ അസോസിയേഷനുകള്‍ അറിയിച്ചു. വിജയവാഡ താപനിലയത്തിലെ ഏഴു യൂണിറ്റുകളില്‍ ആറിലും വൈദ്യുതി ഉല്‍പ്പാദനം സമരം കാരണം സ്തംഭിച്ചിരിക്കുകയാണ്.
വൈദ്യുത പ്രതിസന്ധി ദക്ഷിണ കേന്ദ്ര റെയില്‍വേ ഏതാനും തീവണ്ടികള്‍ റദ്ദാക്കിയിട്ടുണ്ട്. കാലത്ത് പ്രക്ഷോഭകര്‍ മൂന്ന്‍ തീവണ്ടികള്‍ തടഞ്ഞതിനെ തുടര്‍ന്ന് ഏതാനും നേരത്തേക്ക് വിജയവാഡ – ഗുണ്ടൂര്‍ സെക്ഷനില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. സീമാന്ധ്രയില്‍ പാര്‍ട്ടി 72 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിസന്ധിയുടെ ഉത്തരവാദിത്വം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കാണെന്ന് ജഗന്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ ജനങ്ങളുടെ വികാരം സോണിയ മുതലെടുക്കുകയാണെന്ന് ജഗന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തെലുഗുദേശം നേതാവ് എന്‍. ചന്ദ്രബാബു നായിഡു തിങ്കളാഴ്ച വിഭജനത്തിനെതിരെ ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.