തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിസഭാ ഉപസമിതി വെള്ളിയാഴ്ച ആദ്യ യോഗം ചേർന്നു. ഹൈദരാബാദിനെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള സാധ്യത യോഗം തള്ളി. നിലവില്‍ അടുത്ത പത്ത് വര്‍ഷത്തേക്ക് രണ്ടു സംസ്ഥാനങ്ങളുടെയും പൊതു തലസ്ഥാനമായിട്ടാണ് ഹൈദരാബാദിനെ വിഭാവനം ചെയ്തിരിക്കുന്നത്. അതിനിടെ, ആന്ധ്രാപ്രദേശ് വിഭജനത്തിനെതിരെ ന്യൂഡല്‍ഹിയില്‍ നിരാഹാസര സമരം നടത്തുന്ന തെലുഗുദേശം പാര്‍ട്ടി നേതാവ് എന്‍. ചന്ദ്രബാബു നായിഡുവിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
കേന്ദ്ര ആഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിൽ സമിതിയുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കണം എന്ന കാര്യമാണ് ചര്‍ച്ച ചെയ്തത്. സമിതി അംഗങ്ങളായ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിയും ധനമന്ത്രി പി.ചിദംബരവും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. സമിതി 19ന് വീണ്ടും യോഗം ചേരും.
കഴിഞ്ഞ അഞ്ചു ദിവസമായി ഡൽഹിയിലെ ആന്ധ്രാഭവനിൽ സമരം നടത്തുന്ന നായിഡുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പൊലീസ് സംഘം എത്തിയത്. അനുയായികള്‍ പോലീസിനെ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അല്‍പ്പനേരം സംഘര്‍ഷമുണ്ടായി.