തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണത്തില്‍ സോഷ്യല്‍ മീഡിയയും

Fri, 25-10-2013 04:12:00 PM ;
ന്യൂഡല്‍ഹി

social media under election watch

 

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണത്തിന് ചിലവാകുന്ന തുക തിരഞ്ഞെടുപ്പ് ചിലവിന്റെ കണക്കില്‍ ഉള്‍പ്പെടുത്തുന്നതടക്കമുള്ള പുതിയ മാര്‍ഗരേഖ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചു.

 

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ , യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളുടെ വിവരങ്ങളും ഇനി സത്യവാങ്മൂലത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ നല്‍കണം. ഇവയില്‍ ഉപയോഗിക്കുന്ന പരസ്യങ്ങള്‍ കമ്മീഷനില്‍ നിന്ന് നേരത്തെ സര്‍ട്ടിഫൈ ചെയ്തു വാങ്ങുകയും ചെയ്യണം. സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകളും ഇനി മുതല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാകും.

 

സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ പരസ്യങ്ങളും മറ്റു വിവരങ്ങളും തയ്യാറാക്കുന്നതിനും പോസ്റ്റ് ചെയ്യുന്നതിനും വേണ്ടി ചിലവിടുന്ന മുഴുവന്‍ പണത്തിന്റേയും കണക്ക് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സൂക്ഷിക്കണം  രാഷ്ട്രീയ പാര്‍ട്ടികളുടെ വെബ്‌സൈറ്റുകള്‍ക്കും സോഷ്യല്‍ മീഡിയയിലെ വെബ്‌പേജുകള്‍ക്കും ഇതു ബാധകമാണ്.

വിക്കിപീഡിയ തുടങ്ങിയ കൊളാബൊറേറ്റീവ് പ്രോജക്റ്റ്‌സ്, ട്വിറ്റര്‍ അടങ്ങുന്ന ബ്ലോഗുകളും മൈക്രോ ബ്ലോഗുകളും, യൂ ട്യൂബ് ഉള്‍പ്പെടുന്ന കണ്ടന്റ് കമ്മ്യൂണിറ്റികള്‍, ഫെയ്‌സ്ബുക്ക്  പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍, വര്‍ച്വല്‍ ഗെയിം വേള്‍ഡ് എന്നിങ്ങനെ അഞ്ചായാണ് സോഷ്യല്‍ മീഡിയയെ മാര്‍ഗരേഖ തരംതിരിക്കുന്നത്.

Tags: