സ്‌പെക്ട്രം ലേലം: സര്‍ക്കാരിന് 60,000 കോടിയുടെ ലേലവാഗ്ദാനം

Fri, 14-02-2014 11:06:00 AM ;
ന്യൂഡല്‍ഹി

telecom towerവ്യാഴാഴ്ച അവസാനിച്ച സ്‌പെക്ട്രം ലേലത്തില്‍ കേന്ദ്രസര്‍ക്കാരിന് 60,000 കോടി രൂപയുടെ ലേലവാഗ്ദാനം ലഭിച്ചു. എട്ട് ടെലികോം കമ്പനികള്‍ പങ്കെടുത്ത ലേലത്തില്‍ 68 തവണ ലേലം നടന്നു. 2 ജി സേവനത്തിനുപയോഗിക്കുന്ന 900 മെഗാഹെട്സ് 1800 മെഗാഹെട്സുമുള്ള ബാന്‍ഡുകളുടെ ലേലമാണ് 10 ദിവസമായി നടന്നത്.

 

2012-ൽ സുപ്രീംകോടതി 122 ലൈസൻസുകൾ റദ്ദാക്കിയതിനു ശേഷം സ്പെക്ട്രം ലേലം നടക്കുന്നത് ഇത് മൂന്നാം തവണയാണ്. കേരളത്തില്‍ നിന്ന് ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ സെല്ലുലാര്‍, റിലയന്‍സ് ജിയോ എന്നീ കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്തത്. ഇന്‍ഫോകോം, എയര്‍സെല്‍, ടാറ്റ ടെലിസര്‍വീസസ്, യൂണിനോര്‍, റിലയന്‍സ് കമ്യുണിക്കേഷന്‍സ് എന്നിവയാണ് ലേലത്തില്‍ പങ്കെടുത്ത മറ്റു കമ്പനികള്‍.

 

20 വര്‍ഷത്തേക്കുള്ള ലൈസന്‍സാണ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്. ലേലത്തുക ഗഡുക്കളായി 2026-നകം നല്‍കിയാല്‍ മതിയാകും. ലേലത്തിലൂടെ 40,000 കോടി രൂപ ലഭിക്കുമെന്നായിരുന്നു സര്‍ക്കാറിന്‍റെ കണക്കുകൂട്ടല്‍. മൂന്നു നഗരങ്ങളില്‍ മാത്രമുള്ള 900 മെഗാഹെട്സ് ബാന്‍ഡില്‍ നടന്ന ലേലത്തില്‍ 23,600 കോടി രൂപയാണ് ലഭിച്ചത്. 1800 മെഗാഹെട്സ് ബാന്‍ഡില്‍ ലഭിച്ചത് 37,700 കോടി രൂപയും ആണ്. ലേലവാഗ്ദാനം നല്‍കിയ കമ്പനികള്‍ മാര്‍ച്ച് മുപ്പത്തൊന്നിനകം തുക ഗഡുക്കളായി അടച്ചാല്‍ ഈ സാമ്പത്തികവര്‍ഷം തന്നെ സര്‍ക്കാറിന് 18,273 കോടി രൂപ ലഭിക്കും

Tags: