ഉന്നതതലത്തില്‍ നടന്ന ഗൂഡാലോചനയുടെ ഫലമായിരുന്നു 1992 ഡിസംബര്‍ ആറിലെ ബാബറി മസ്ജിദ് തകര്‍ക്കല്‍ എന്ന് വാര്‍ത്താ പോര്‍ട്ടലായ കോബ്രപോസ്റ്റ് വെളിപ്പെടുത്തല്‍. ബി.ജെ.പി, ശിവസേന, സംഘപരിവാര്‍ നേതാക്കള്‍ക്കൊപ്പം ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഇത് സംബന്ധിച്ചു മുന്‍കൂട്ടി അറിയാമായിരുന്നതായി ഒളിക്യാമറ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതായി കോബ്രപോസ്റ്റ് അവകാശപ്പെട്ടു. എന്നാല്‍, തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള ഈ വെളിപ്പെടുത്തലിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്ത ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
രാമജന്മഭൂമി പ്രസ്ഥാനവുമായി ബന്ധപ്പെട്ട പുസ്തകം എഴുതുന്നതിനെന്ന പേരില്‍ പ്രസ്ഥാനത്തില്‍ പ്രധാന പങ്ക് വഹിച്ച 23 പേരുമായി നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തല്‍. ഉമാ ഭാരതി, വിനയ് കത്യാര്‍, ചമ്പത് റായ്, സാധ്വി റിതംബര എന്നിവരടക്കമുള്ളവരെയാണ് അഭിമുഖം ചെയ്തത്. എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്ങ്, ബാല്‍ താക്കറെ, പി.വി നരസിംഹ റാവു തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്കും സംഘപരിവാര്‍ നേതാക്കളായ സാക്ഷി മഹാരാജ്, ആചാര്യ ധര്‍മേന്ദ്ര, ഉമാ ഭാരതി, മഹന്ത് വേദാന്തി, വിനയ് കത്യാര്‍ എന്നിവര്‍ക്കും ഗൂഡാലോചന സംബന്ധിച്ച് അറിവുണ്ടായിരുന്നതായാണ് വെളിപ്പെടുത്തല്‍.
ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം വോട്ടെടുപ്പിന് രണ്ടുദിവസം മാത്രം അവശേഷിക്കെ വന്ന വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് ഗൂഡാലോചനയാണെന്ന് ബി.ജെ.പി വക്താവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി ആരോപിച്ചു. കോബ്രപോസ്റ്റിന്റെ വിഡിയോ സംപ്രേഷണം ചെയ്യുന്നത് തടയണം എന്നാവശ്യപ്പെട്ട് പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
ബാബറി മസ്ജിദ് തകര്‍ക്കുന്നതിന് വിശ്വ ഹിന്ദു പരിഷത്തും ശിവ സേനയും വെവ്വേറെ ഗൂഡാലോചന നടത്തിയെന്ന് കോബ്രപോസ്റ്റ് വെളിപ്പെടുത്തുന്നു. രണ്ട് സംഘടനകളും മുന്നേ തന്നെ പ്രവര്‍ത്തകര്‍ക്ക് ഇതിനായി പരിശീലനം നല്‍കിയിരുന്നതായും ആര്‍.എസ്.എസ് ബലിദാനി ദസ്ത എന്ന പേരില്‍ ഒരു ആത്മഹത്യാ സംഘത്തിന് രൂപം നല്‍കിയിരുന്നതായും വെളിപ്പെടുത്തല്‍ ഉണ്ട്. വി.എച്ച്.പിയുടെ യുവജന വിഭാഗമായ ബജരംഗ് ദള്‍ പ്രവര്‍ത്തകര്‍ ഗുജറാത്തിലെ സര്‍ഖേജിലും സേനയുടെ പ്രവര്‍ത്തകര്‍ മധ്യപ്രദേശിലെ ബിന്ദ്-മോരേനയിലുമാണ് പരിശീലനം നടത്തിയിരുന്നത്. ബജരംഗ് ദളിന്റെ ലക്ഷ്മണ്‍ സേനയ്ക്ക് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരാണ് പരിശീലനം നല്‍കിയിരുന്നതെന്നും പോര്‍ട്ടല്‍ പറയുന്നു.
അന്തരിച്ച ശിവസേന നേതാവ് ബാല്‍ താക്കറേയും പിന്നീട് ശിവസേന വിട്ട് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന രൂപീകരിച്ച രാജ് താക്കറേയുമാണ് ശിവസേനയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. സംഘടന ഡെല്‍ഹിയില്‍ 1992 നവംബറില്‍ രഹസ്യയോഗങ്ങള്‍ നടത്തിയതായും വെളിപ്പെടുത്തല്‍ ഉണ്ട്. സംഭവസമയത്ത് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആയിരുന്ന ബി.ജെ.പി നേതാവ് കല്യാണ്‍ സിങ്ങിനും പ്രധാനമന്ത്രി ആയിരുന്ന കോണ്‍ഗ്രസ് നേതാവ് പി.വി നരസിംഹ റാവുവിനും നടക്കാന്‍ പോകുന്നതെന്തെന്ന് അറിയാമായിരുന്നു. മസ്ജിദ് തകര്‍ക്കാന്‍ 1990-ലും 1992-ലും രണ്ട് വിഫല ശ്രമങ്ങള്‍ നേരത്തെ നടന്നിരുന്നതായും വെളിപ്പെടുത്തിയിട്ടുണ്ട്.