ആന്ധ്രയില്‍ ബി.ജെ.പി-ടി.ഡി.പി സഖ്യത്തിന് ധാരണയായി

Sun, 06-04-2014 01:07:00 PM ;
ന്യൂഡല്‍ഹി

ആന്ധ്രാപ്രദേശില്‍ തെലുങ്കുദേശ പാര്‍ട്ടിയുമായുള്ള ബി.ജെ.പി.യുടെ സഖ്യത്തിന് ധാരണയായി. തെലുങ്കാന മേഖലയില്‍ ബി.ജെ.പിക്ക് 47 നിയമസഭാസീറ്റും ഏഴ് ലോക്‌സഭാസീറ്റും സീമാന്ധ്രയില്‍ 15 നിയമസഭാസീറ്റും അഞ്ച് ലോക്‌സഭാ സീറ്റും ലഭിക്കും. ദക്ഷിണേന്ത്യയില്‍ കര്‍ണാടകയ്ക്ക് പുറമെ കാലുറപ്പിക്കാന്‍ ബി.ജെ.പി. പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.

 

 

ആന്ധ്രയില്‍ നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഒരുമിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായിട്ട് ബി.ജെ.പിയും ടി.ഡി.പിയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. കൂടുതല്‍ സീറ്റുകള്‍ വേണമെന്ന പിടിവാശിയില്‍ നിന്ന് ബി.ജെ.പി മാറാതിരുന്നതിനാല്‍ സഖ്യസാധ്യതകള്‍ പരാജയപ്പെടുമെന്ന ഘട്ടത്തില്‍ 24 മണിക്കൂറിനുള്ളില്‍ സീറ്റുചര്‍ച്ചയില്‍ തീര്‍പ്പുണ്ടാക്കണമെന്ന് ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡു ആവശ്യപ്പെടുകയായിരുന്നു.

 

 

തെലുങ്കാന മേഖലയില്‍ 119-ല്‍ 50 നിയമസഭാസീറ്റും 17-ല്‍ പത്ത് ലോക്‌സഭാസീറ്റുമാണ് ബി.ജെ.പി. ആവശ്യപ്പെട്ടത്. എന്നാല്‍ 35-ഉം ഏഴും സീറ്റുകള്‍ നല്‍കാമെന്നാണ് ടി.ഡി.പി.യുടെ വാഗ്ദാനം. സീമാന്ധ്രയില്‍ 25-ല്‍ അഞ്ച് ലോക്‌സഭാ സീറ്റും 175-ല്‍ 25 നിയമസഭാസീറ്റും വേണമെന്ന ആവശ്യവും ടി.ഡി.പി അംഗീകരിച്ചില്ല.

Tags: