Skip to main content
ലക്‌നൗ

 Amit Shah

 

നരേന്ദ്ര മോഡിയുടെ വിശ്വസ്തനും ബി.ജെ.പി ജോയിന്റ് സെക്രട്ടറിയുമായ അമിത്ഷായുടെ മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ടേപ്പ് ഹാജരാകാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ലക്‌നൗവില്‍ പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെ മുസഫര്‍ നഗര്‍ കലാപത്തിലേറ്റ അപമാനത്തിന് പ്രതികാരം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടുചെയ്യണമെന്ന് ഷാ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വര്‍ഗ്ഗീയ വിദ്വേഷമുണ്ടാക്കുന്ന പ്രസംഗത്തിനെതിരെ നടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു.

 

 

കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സംരക്ഷണവും നഷ്ടപരിഹാരവും നല്‍കിയ സര്‍ക്കാരിനെ വോട്ട് ചെയ്ത് തോല്‍പിക്കണം. ഇത് പ്രതികാരം ചെയ്ത് അഭിമാനം സംരക്ഷിക്കേണ്ട സമയമാണ്.ഒരാള്‍ക്ക് ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും ജീവിക്കാനാകും. ദാഹിച്ചും വിശപ്പ് സഹിച്ചും ജീവിക്കാം, എന്നാല്‍ അപമാനിതനായി ജീവിക്കാന്‍ കഴിയില്ല. എന്നാണ് ഷാ പ്രസംഗിച്ചത്. ഷായെ ന്യായീകരിച്ച് ബി.ജെ.പി രംഗത്തത്തെി.

 

വ്യാഴാഴ്ച ഗുജ്ജര്‍, രാജ്പുട്ട്, ദളിത് വിഭാഗ നേതാക്കളോട് സംസാരിച്ചപ്പോഴും ഷാ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. ജാട്ടുകളെ കൊന്നവര്‍ക്ക് നഷ്ടപരിഹാരവും സംരക്ഷണവും നല്‍കുന്നവരെ പുറത്താക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് അമിത് ഷാ പറഞ്ഞിരുന്നു. അമിത് ഷായ്ക്കാണ് യു.പിയിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതല. കഴിഞ്ഞ ഓഗസ്റ്റ്-സെപ്തബര്‍ മാസങ്ങളില്‍ നടന്ന മുസാഫര്‍ നഗര്‍ കലാപത്തില്‍ ഏതാണ്ട് 61-ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. 50000-ത്തോളം പേര്‍ക്ക് സ്വന്തം വാസസ്ഥലങ്ങള്‍ നഷ്ടമാകുകയും ചെയ്തു.