Skip to main content

indian parliament

 

രാജ്യത്തിന്റെ പതിനാറാമത് ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് നാളെ (തിങ്കളാഴ്ച) രണ്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‍ തുടക്കം. ഒന്‍പത് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ആറു മണ്ഡലങ്ങളിലെ സമ്മതിദായകരാണ് പോളിംഗ് ബൂത്തുകളിലേക്ക് പോകുക.

 

അസ്സമിലെ തേസ്പൂര്‍, കലിയബോഡ്‌, ജോര്‍ഹാറ്റ്, ദിബ്രുഗഡ്, ലഖിംപൂര്‍ എന്നീ അഞ്ച് മണ്ഡലങ്ങളിലും ത്രിപുരയിലെ ത്രിപുര പടിഞ്ഞാറ് മണ്ഡലത്തിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. കാലത്ത് എഴുമണി മുതല്‍ വൈകിട്ട് അഞ്ചുമണി വരെയാണ് പോളിംഗ് സമയം.  

 

അസ്സമില്‍ ആകെ 14 മണ്ഡലങ്ങളും ത്രിപുരയില്‍ രണ്ട് മണ്ഡലങ്ങളുമാണുള്ളത്.

 

മുന്‍കാലങ്ങളില്‍ നിന്ന്‍ വ്യത്യസ്തമായി അസ്സമില്‍ നിരോധിക്കപ്പെട്ട വിഘടനവാദ സംഘടനയായ ഉള്‍ഫയുടെ വിഭാഗങ്ങളൊന്നും തെരഞ്ഞെടുപ്പ് ബഹിഷ്കരണ ഭീഷണി മുഴക്കിയിട്ടില്ല. അതേസമയം, ഉള്‍ഫയുടെ സ്ഥാപകദിനമാണ് ഏപ്രില്‍ ഏഴു എന്നതിനാല്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. അസ്സം പോലീസിന്റേയും അര്‍ദ്ധസൈനിക വിഭാഗങ്ങളുടേയും 240 കമ്പനികളെയാണ് സംസ്ഥാനത്ത് വിന്യസിച്ചിട്ടുള്ളത്.

 

ലോകസഭയിലെ 543 സീറ്റുകളിലേക്ക് ഏപ്രില്‍ 7 മുതല്‍ മേയ് 12 വരെയാണ് വോട്ടെടുപ്പ് നടക്കുക. മേയ് 16-നാണ് ഫലം അറിയുക.