വദ്രയ്ക്കെതിരെ ആക്രമണം ശക്തമാക്കി ബി.ജെ.പി

Mon, 28-04-2014 10:40:00 AM ;
ന്യൂഡല്‍ഹി

robert vadraകോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയ്ക്കെതിരെ നേരിട്ട് ആരോപണങ്ങളുമായി ബി.ജെ.പി രംഗത്ത്. കോണ്‍ഗ്രസ് സര്‍ക്കാറുകളുടെ സഹായത്തോടെ വദ്ര നടത്തിയെന്ന് ആരോപിക്കുന്ന ഭൂമി ഇടപാടുകളെ കുറിച്ച് ഒരു വീഡിയോ ഞായറാഴ്ച പാര്‍ട്ടി പുറത്തിറക്കി.

 

നെഹ്രു-ഗാന്ധി കുടുംബത്തിന്റെ സംരക്ഷണം ഒന്നുകൊണ്ടു മാത്രമാണ് ‘റോബര്‍ട്ട് വദ്ര വികസന മാതൃക’ വിജയിച്ചതെന്ന് ബി.ജെ.പി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഭൂമി, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പ്രകടമായി ലംഘിച്ചാണ് വദ്രയുടെ ഇടപാടുകളെന്നും പ്രസാദ് ആരോപിച്ചു.

 

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മത്സരിക്കുന്ന റായ് ബറേലി, അമേത്തി എന്നീ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ സംസാരിക്കവേ വദ്രയുടെ ഭാര്യ പ്രിയങ്ക ഗാന്ധി ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ നടത്തുന്നതിന് പിന്നാലെയാണ് ബി.ജെ.പിയുടെ നീക്കം. നേരത്തെ, വദ്രയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളിയ പ്രിയങ്ക കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ എതിരാളികള്‍ വദ്രയെ ഉപയോഗിക്കുകയാണെന്നും പറഞ്ഞിരുന്നു.

 

എട്ടു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് ഒപ്പം പുറത്തിറക്കിയ ആറു പേജുള്ള ലഘുലേഖയില്‍ രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മന്ത്രിസഭകളുടെ കാലത്ത് വദ്ര നടത്തിയ ഭൂമി ഇടപാടുകള്‍ വിശദീകരിക്കുന്നു.

 

എന്നാല്‍, അടിസ്ഥാനരഹിതമായ പഴയ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പിന്റെ സമയത്ത് ആവര്‍ത്തിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. വദ്രയ്ക്കെതിരെ യാതൊരു തെളിവും ബി.ജെ.പിയുടെ പക്കലില്ലെന്നും വിഷയം കോടതികളില്‍ പോലും തള്ളപ്പെട്ടതാണെന്നും പാര്‍ട്ടി വക്താവ് അജയ് മാക്കന്‍ പറഞ്ഞു.

Tags: