ലോക്‌സഭാ തെരഞ്ഞെടുപ്പ്: പരാജയപ്പെട്ട പ്രമുഖര്‍

Fri, 16-05-2014 04:53:00 PM ;
ന്യൂഡല്‍ഹി

 

പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരും പരാജയപ്പെട്ടവരുമായ പ്രമുഖര്‍ നിരവധിയാണ്. വിജയിച്ച പ്രമുഖരില്‍ ഒന്നാംസ്ഥാനം ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെത് തന്നെയാണ്. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും അദ്ദേഹത്തിനു തിളക്കമാര്‍ന്ന വിജയം നേടാനായി. വഡോദരയില്‍ എതിർ സ്ഥാനാർഥി മധുസൂദന്‍ മിസ്ത്രിയെ 5.7 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോഡി പരാജയപ്പെടുത്തിയത്. അമൃത്സറില്‍ അരുണ്‍ ജെയ്റ്റിലിക്കേറ്റ പരാജയമാണ് ബി.ജെപിക്ക് ഉണ്ടായ ഏറ്റവും ശക്തമായ തിരിച്ചടി.

 

ഗാന്ധിനഗറില്‍ എല്‍.കെ അദ്വാനിക്ക് 23,360 വോട്ടിന്‍റെ വിജയമാണ് നേടാന്‍ കഴിഞ്ഞത്. രാജ് നാഥ് സിംഗ്, ഹര്‍ഷ വര്‍ദ്ധനന്‍, സുഷമ സ്വരാജ് തുടങ്ങിയ പ്രമുഖര്‍ ബി.ജെ.പി ക്യാംപില്‍ നിന്നും ജയിച്ചു. സോണിയാ ഗാന്ധി റായ്ബറേലിയില്‍ എളുപ്പത്തില്‍ ജയിച്ചെങ്കിലും അമേഠിയില്‍ രാഹുല്‍ ഗാന്ധി നന്നായി വിയര്‍ത്തു. സ്മൃതി ഇറാനിക്കും കുമാര്‍ വിശ്വാസിനും പിന്നില്‍ മൂന്നാമതായിപ്പോയി രാഹുല്‍ പലപ്പോഴും. സുല്‍ത്താന്‍പുരില്‍ വരുണ്‍ ഗാന്ധിയും വിജയിച്ചു.

 

ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പഞ്ചാബിലെ സാങ്‌റൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച ഭഗവന്ത് മന്‍ ഒരു ലക്ഷം വോട്ടിന് വിജയിച്ചപ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ ഉള്‍പ്പെടെയുള്ള പല പ്രമുഖരും തോല്‍വി ഏറ്റുവാങ്ങി. മോഡി തരംഗത്തില്‍ കേജ്രിവാള്‍ ഇഫക്റ്റ് അപ്രത്യക്ഷമായതായാണ് കാണാന്‍ കഴിയുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ കോട്ടയായ ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി മുന്നേറുകയാണ്. ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി പ്രമുഖ സാമൂഹിക പ്രവര്‍ത്തകയായ മേധാ പട്കറും പരാജയപ്പെട്ടു.

 

ചാന്ദിനി ചൗക്കില്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ പരാജയപ്പെട്ടു. അജയ് മാക്കന്‍(ന്യൂഡല്‍ഹി), സച്ചിന്‍ പൈലറ്റ്(അജ്മീര്‍), ഫാറൂഖ് അബ്ദുള്ള( ശ്രീനഗര്‍), സല്‍മാന്‍ ഖുര്‍ഷിദ്(ഫാരൂക്കാബാദ്), ഗുലാം നബി ആസാദ്(കാശ്മീര്‍), ശരദ് യാദവ് (ബീഹാര്‍), വിരപ്പ മൊയ്ലി (കര്‍ണ്ണാടക), ജസ്വന്ത് സിംഗ്(രാജസ്ഥാന്‍), സ്പീക്കര്‍ മീരാ കുമാര്‍ തുടങ്ങി മത്സരിച്ച പ്രമുഖ കേന്ദ്രമന്ത്രിമാരെല്ലം പരാജയപ്പെട്ടു. നീലഗിരി മണ്ഡലത്തില്‍ നിന്നുള്ള ഡി‌.എം‌.കെ സ്ഥാനാര്‍ഥിയും മുന്‍ ടെലികോം മന്ത്രിയുമായിരുന്ന എ. രാജയും പരാജയപ്പെട്ടവരുടെ ലിസ്റ്റില്‍ ഉണ്ട്.

Tags: