Skip to main content
ന്യൂഡല്‍ഹി

 

ഇരുവരിലുമുളള വിശ്വാസം തുടരുമെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക് സംഭവിച്ച വന്‍ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ആവശ്യമായ തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളാന്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായി. തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം എറ്റെടുത്ത് സ്ഥാനം രാജിവെക്കാമെന്ന സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നിര്‍ദേശം പ്രവര്‍ത്തക സമിതി യോഗം നിരാകരിച്ചു.

 

പാര്‍ട്ടിയുടെ ഉന്നതനയരൂപവത്ക്കരണ സമിതി എന്ന നിലയില്‍ പരാജയത്തിന്റെ ഉത്തരവാദിത്വം പ്രവര്‍ത്തക സമിതി എറ്റെടുക്കുന്നതായി യോഗം പ്രമേയത്തിലൂടെ വ്യക്തമാക്കി. പാര്‍ട്ടിയില്‍ എല്ലാ തട്ടിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനും ഉടച്ചു വാര്‍ക്കലിനും പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയെ പ്രവര്‍ത്തക സമിതി യോഗം ചുമതലപ്പെടുത്തി.

 

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സോണിയ ഗാന്ധി നന്ദി പറഞ്ഞു. കഴിഞ്ഞെ 10 വര്‍ഷമായി അധികാരത്തിലിരിക്കുന്ന യു.പി.എ സര്‍ക്കാറിന് എതിരെ ഭരണ വിരുദ്ധ വികാരം ഉണ്ടാകുക സ്വാഭാവികമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. 10 വര്‍ഷം യു.പി.എ സര്‍ക്കാരിന് നേതൃത്വം നല്‍കിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ സോണിയ ഗാന്ധി പ്രവര്‍ത്തക സമിതി അഭിനന്ദിച്ചു.. സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ക്ക് താന്‍ ഉത്തരവാദിത്വം എറ്റെടുക്കുന്നതായി പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

 

തിങ്കളാഴ്ച വൈകീട്ട് നാലരയോടെ ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് ആരംഭിച്ച യോഗം രണ്ടര മണിക്കൂര്‍ നീണ്ടു. 41 പേരുള്ള പ്രവര്‍ത്തകസമിതിയിലെ അംഗങ്ങളില്‍ എ.കെ.ആന്റണി അടക്കം 38 പേര്‍ പങ്കെടുത്തു. രാജിയല്ല പരിഹാരമെന്നും തെറ്റു തിരുത്തി പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും എല്ലാ അംഗങ്ങളും അഭിപ്രായപ്പെട്ടതായി പിന്നീട് വാർത്താ സമ്മേളനത്തിൽ പാർട്ടി വക്താവ് ജനാർദ്ദൻ ദ്വിവേദി പറഞ്ഞു.