സോണിയ ഗാന്ധി കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ്

Sat, 24-05-2014 05:54:00 PM ;
ന്യൂഡല്‍ഹി

sonia gandhiകോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടിയുടെ നേതാവായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ശനിയാഴ്ച വീണ്ടും തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് ആദ്യമായല്ല പരാജയപ്പെടുന്നതെന്നും മുന്‍പും പരാജയങ്ങളില്‍ നിന്ന്‍ കോണ്‍ഗ്രസ് തിരിച്ചുവന്നിട്ടുണ്ടെന്നും ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് എം.പിമാരുടെ യോഗത്തെ അഭിസംബോധന ചെയ്ത് സോണിയ ഗാന്ധി പറഞ്ഞു.

 

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ്ങ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് യോഗത്തില്‍ സോണിയയുടെ പേര്‍ നിര്‍ദ്ദേശിച്ചത്. മുതിര്‍ന്ന നേതാവ് മൊഹ്സിന കിദ്വായിയും മറ്റുള്ളവരും പിന്താങ്ങി. പതിനാറാമത് ലോകസഭയില്‍ കോണ്‍ഗ്രസിന് 44 എം.പിമാറാനുള്ളത്.

 

എല്ലാ പുരോഗമന മതേതര കക്ഷികളും യോജിച്ച് പാര്‍ലിമെന്റില്‍ ഐക്യ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയും യോഗം പ്രകടിപ്പിച്ചു. കഴിഞ്ഞ ഒരു ദശകക്കാലം രാജ്യത്തിന് മന്‍മോഹന്‍ സിങ്ങ് നല്‍കിയ നേതൃത്വത്തെ യോഗം അഭിനന്ദിച്ചു.

Tags: