വിഭജനത്തിന് ശേഷമുള്ള പുതിയ ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി ടി.ഡി.പി നേതാവ് എന്‍. ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഞായറാഴ്ച വൈകുന്നേരം 7.27-ന് ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുന്‍പ് തുടര്‍ച്ചയായി രണ്ട് തവണ അവിഭക്ത ആന്ധ്രയുടെ മുഖ്യമന്ത്രി പദത്തിലിരുന്നിട്ടുണ്ട് നായിഡു. കഴിഞ്ഞ 10 വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നു.
വിജയവാഡയ്ക്കും ഗുണ്ടൂരിനും ഇടയില്‍ ആചാര്യ നാഗാര്‍ജുന സര്‍വ്വകലാശാലയില്‍ നടന്ന ചടങ്ങില്‍ ലക്ഷക്കണക്കിന് പേര്‍ സംബന്ധിച്ചു. 17 ക്യാബിനറ്റ് മന്ത്രിമാരും നായിഡുവിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകും. സഖ്യകക്ഷിയായ ബി.ജെ.പിയ്ക്ക് രണ്ട് മന്ത്രിസ്ഥാനം ലഭിച്ചു.
തെരഞ്ഞെടുപ്പ് വാഗ്ദാനം അനുസരിച്ച് കര്‍ഷകരുടേയും വനിതാ സ്വയം സഹായ സംഘങ്ങളുടേയും നെയ്തുകാരുടെയും വായ്പ ഇളവ് ചെയ്യാനുള്ള നടപടിയാണ് നായിഡു സര്‍ക്കാര്‍ ആദ്യം സ്വീകരിച്ചത്. ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ച് 45 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.