കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മകനും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് ആഗസ്ത് ഏഴിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ഒരു കോടതി സമന്‍സ് അയച്ചു. ഭൂമി ഇടപാടില്‍ ചതി, വിശ്വാസവഞ്ചന എന്നിവ ആരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് നടപടി.
ജവാഹര്‍ലാല്‍ നെഹ്രു 1938-ല്‍ തുടങ്ങിയ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉള്‍പ്പെടെയുള്ള ഭൂമി നിയമം ലംഘിച്ച് ഇരുവരും കൈവശപ്പെടുത്തി എന്നാണ് സ്വാമിയുടെ ആരോപണം. പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് ഗോമതി മനോച്ച സമന്‍സ് പുറപ്പെടുവിച്ചത്.
യങ്ങ് ഇന്ത്യന്‍സ് എന്ന സ്വകാര്യ കമ്പനി രൂപീകരിച്ച് അസോസിയേറ്റഡ് ജേണല്‍സ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ 1600 കോടി രൂപ വില വരുന്ന സ്വത്തുക്കള്‍ 50 ലക്ഷം രൂപയ്ക്ക് നെഹ്രു കുടുംബം കൈവശപ്പെടുത്തി എന്നാണ് പ്രധാന ആരോപണം. രാഷ്ട്രീയ പാര്‍ട്ടികള്‍ വാണിജ്യ ആവശ്യത്തിന് വായ്പ നല്‍കുന്നത് വിലക്കുന്ന ആദായനികുതി നിയമത്തിന് വിരുദ്ധമായി കോണ്‍ഗ്രസ് അസോസിയേറ്റഡ് ജേണല്‍സിന് 90 കോടി രൂപ ഈടില്ലാതെ വായ്പ നല്‍കിയതും സ്വാമി ആരോപണമായി ഉന്നയിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യ സമരകാലത്ത് ജവാഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ പത്ര ഉടമകള്‍ ചേര്‍ന്ന്‍ രൂപീകരിച്ചതാണ് അസോസിയേറ്റഡ് ജേണല്‍സ്. നാഷണല്‍ ഹെറാള്‍ഡ് 2008 വരെ പ്രവര്‍ത്തിച്ചിരുന്നു.
2012-ല്‍ സ്വാമി ഈ ആരോപണം ആദ്യമായി ഉന്നയിച്ചപ്പോള്‍ അപകീര്‍ത്തി കേസ് നല്‍കുമെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി സ്വാമിയ്ക്ക് കത്തയച്ചിരുന്നു. അന്ന്‍ വായ്പ നല്‍കിയത് സമ്മതിച്ച കോണ്‍ഗ്രസ് പലിശരഹിത വായ്പയാണ് നല്‍കിയതെന്നും ഇതില്‍ നിന്ന്‍ പാര്‍ട്ടിയ്ക്ക് വാണിജ്യ നേട്ടമൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് പ്രതികരിച്ചത്. നാഷണല്‍ ഹെറാള്‍ഡിനെ തിരികെ കൊണ്ടുവരുന്നതിനാണ് ഇത് ചെയ്തതെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിശദീകരണം.