കേരളത്തില്‍ സ്ഥിതി ചെയ്യുന്ന നാല് അണക്കെട്ടുകള്‍ തമിഴ്‌നാടിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് മുഖ്യമന്ത്രി ജയലളിത. മുല്ലപ്പെരിയാര്‍, തുണക്കടവ്, പറമ്പിക്കുളം, പെരുവാരിപ്പള്ളം എന്നീ അണക്കെട്ടുകളുടെ ഉടമസ്ഥാവകാശമാണ് തമിഴ്‌നാടിനുള്ളതെന്ന്‍ ജയലളിത പറയുന്നു. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ജയലളിത നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത്.
തമിഴ്‌നാട് പ്രവര്‍ത്തിപ്പിക്കുന്ന ഈ നാല് അണക്കെട്ടുകളുടെ ഉടമസ്ഥത സംബന്ധിച്ച് നേരത്തെ കേരള നിയമസഭയില്‍ ചോദ്യം ഉയര്‍ന്നിരുന്നു. രാജ്യത്തെ വലിയ അണക്കെട്ടുകളുടെ വിവരം സൂക്ഷിക്കുന്ന ദേശീയ രജിസ്റ്ററില്‍ ഈ അണക്കെട്ടുകള്‍ തമിഴ്‌നാടിന്റെ ഉടമസ്ഥതയിലുള്ളത് എന്ന്‍ ചേര്‍ക്കണമെന്ന് ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയുടെ 2013 ഡിസംബര്‍ 27-ന് ചേര്‍ന്ന യോഗത്തില്‍ തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം അംഗീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം ഇടുക്കിയിലെ ആനവച്ചാലില്‍ കേരള വനം വകുപ്പ് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനം സംബന്ധിച്ച് തമിഴ്‌നാട് കേരളത്തോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിനോടനുബന്ധിച്ച പാട്ടഭൂമിയിലാണ് വനം വകുപ്പിന്‍റെ പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മാണമെന്നാണ് തമിഴ്‌നാടിന്റെ ആരോപണം.