Skip to main content
ന്യൂഡല്‍ഹി

 

ലോകത്തെ അഞ്ച് രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊപ്പം യു.എസ് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.എസ്.എ) ബി.ജെ.പിയെ നിരീക്ഷിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അതൃപ്തി അറിയിച്ചു. ഇന്ത്യയിലെ യു.എസ് സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. നിരീക്ഷിച്ചത് ഒരു വ്യക്തിയെയോ സംഘടനയോ ആണെങ്കില്‍ പോലും സ്വകാര്യതയ്ക്ക് മേലുള്ള കടന്നു കയറ്റമാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി.

 

ബി.ജെ.പിയെ യു.എസ് കോടതി അനുമതിയോടെ എന്‍.എസ്.എ നിരീക്ഷിച്ചിരുന്നതായി മുന്‍ എന്‍.എസ്.എ കരാറുകാരന്‍ എഡ്‌വേര്‍ഡ് സ്‌നോഡനാണ് വെളിപ്പെടുത്തിയത്. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ്, പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി, ലെബനനിലെ അമല്‍ പാര്‍ട്ടി, വെനിസ്വേലയിലെ ബൊളിവേറിയന്‍ കോണ്ടിനെന്റല്‍ കോ ഓര്‍ഡിനേറ്റര്‍, ഈജിപ്ഷ്യന്‍ നാഷണല്‍ സാല്‍വേഷന്‍ ഫ്രണ്ട് എന്നീ പാര്‍ട്ടികളെയാണ് ബി.ജെ.പിക്ക് പുറമെ യു.എസിന്‍റെ രഹസ്യപട്ടികയിലുണ്ടായിരുന്നത്. 2010 ലാണ് എന്‍.എസ്.എ യ്ക്ക് ഇത്തരമൊരു അനുമതി യു.എസ് കോടതിയില്‍ നിന്ന് ലഭിച്ചതെന്ന് ദ വാഷിംഗ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്.