ബി.ജെ.പി ജനറല്‍ സെക്രട്ടറിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ അമിത് ഷായ്ക്ക് സെഡ്-പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഷാക്കെതിരെ ഇന്ത്യന്‍ മുജാഹിദീന്‍റെയും പാക്കിസ്ഥാനില്‍ നിന്നുള്ള വിവിധ തീവ്രവാദ ഗ്രൂപ്പുകളുടെയും വധഭീഷണി നിലനിക്കുന്ന സാഹചര്യത്തിലാണ് സെഡ്-പ്ലസ് കാറ്റഗറി സുരക്ഷ നല്‍കേണ്ടവരുടെ ലിസ്റ്റില്‍ ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്. സെഡ് കാറ്റഗറി സുരക്ഷ അനുവദിച്ചതോടെ അര്‍ദ്ധസൈനീക വിഭാഗത്തിലെ 25 സി.ആര്‍.പി.എഫ് കമാന്റോകള്‍ അമിത് ഷായ്ക്ക് ചുറ്റും അണിനിരക്കും.
സഞ്ചരിക്കുന്ന വാഹനത്തിന്റെ മുന്നിലും പിന്നിലും രണ്ട് വാഹനങ്ങളില്‍ കമാന്‍ഡോകള്‍ സുരക്ഷ നല്‍കും. ഓഫീസിലും വീട്ടിലും സുരക്ഷയുണ്ടാവും. ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ (എന്‍.എസ്.ജി), സി.ആര്‍.പി.എഫ്, ഡല്‍ഹി പോലീസ് എന്നിവയുടെ കമാന്‍ഡോകള്‍ക്കാവും സുരക്ഷാ ചുമതല. ബി.ജെ.പി പാര്‍ട്ടി ദേശീയ അദ്ധ്യക്ഷനായി അമിത് ഷായെ തെരഞ്ഞെടുക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു.
ഗുജറാത്തിലെ മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ 2010-ല്‍ അറസ്റ്റിലായതോടെയാണ് മന്ത്രിസ്ഥാനം തെറിച്ചത്. സെറാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസിലായിരുന്നു അറസ്റ്റ്. ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ വധക്കേസിലും പ്രതി ചേര്‍ക്കപ്പെട്ടു എങ്കിലും പിന്നീട് അദ്ദേഹം കുറ്റക്കാരനല്ലെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.