ആര്‍.എസ്.എസ് നേതാക്കളായ റാം മാധവും ശിവപ്രകാശും ബി.ജെ.പി നേതൃനിരയിലേക്ക്. മോദി സര്‍ക്കാറിലും പാര്‍ട്ടിയിലുമുള്ള ഇടപെടല്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആര്‍.എസ്.എസ് ഇവരെ മുഴുവന്‍ സമയ ബി.ജെ.പി പ്രവര്‍ത്തകരായി നിയോഗിച്ചത്. ആര്‍.എസ്.എസ് വക്താവായ റാം മാധവ് ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറിയായോ വക്താവായോ രംഗപ്രവേശനം ചെയ്‌തേക്കും എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈയാഴ്ച ഒടുവില്‍ ചേരുന്ന ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകും.
പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് അടക്കം 10 ഭാരവാഹികള്‍ നരേന്ദ്ര മോദി മന്ത്രിസഭയില്‍ അംഗങ്ങളായതോടെയാണ് ബി.ജെ.പി നേതൃനിരയില്‍ അഴിച്ചുപണി വേണ്ടി വന്നത്. 2003 മുതല്‍ ആര്‍.എസ്.എസിന്‍റെ വക്താവായി പ്രവര്‍ത്തിച്ചു വരുന്ന രാം മാധവ് ആന്ധ്രപ്രദേശ് സ്വദേശിയാണ്. ശിവപ്രകാശിന്റെ സംഘടനാപാടവം ബി.ജെ.പിക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് ആര്‍.എസ്.എസ് കരുതുന്നത്. പുനസംഘടനയില്‍ ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ ജോയിന്റ് സെക്രട്ടറി സ്ഥാനമാകും ശിവപ്രകാശിന് ലഭിക്കുക.
ആര്‍.എസ്.എസ്സില്‍നിന്ന് ബി.ജെ.പിയിലേക്ക് വരുന്നവര്‍ സാധാരണ സംഘടനാ ചുമതലകളാണ് വഹിക്കുന്നത്. നിലവില്‍ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് രാം ലാല്‍ ആണ് സംഘടനാ ചുമതലയുള്ള അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി. ഇവര്‍ക്ക് പുറമേയാണ് രാം മാധവിനേയും ഉത്തരാഖണ്ഡ് ഓര്‍ഗനൈസിഗ് സെക്രട്ടറി ശിവപ്രകാശിനേയും ബി.ജെ.പിയിലേക്ക് നിയമിച്ചത്. അയോധ്യ, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന നേതാവാണ് റാം മാധവ്