Skip to main content
ന്യൂഡല്‍ഹി

amit shah

 

ബി.ജെ.പിയുടെ പുതിയ ദേശീയ അധ്യക്ഷനായി അമിത് ഷായെ പ്രഖ്യാപിച്ചു. ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ ബി.ജെ.പി പാര്‍ലിമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിലവിലെ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ്നാഥ് സിങ്ങും ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്. മോദിയുടെ വലംകൈ ആയി അറിയപ്പെടുന്ന നേതാവാണ്‌ ഷാ.

 

നിലവില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി ആണ് 50-കാരനായ അമിത് ഷാ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഷാ ചുമതല വഹിച്ചിരുന്ന ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടി വന്‍ വിജയം കരസ്ഥമാക്കിയിരുന്നു. നേരത്തെ, ഗുജറാത്തില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരിക്കെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

ഷാ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ നടന്ന സോഹ്രാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ 2010-ല്‍ സി.ബി.ഐ ഷായ്ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. തുടര്‍ന്ന്‍ മന്ത്രിസ്ഥാനം രാജിവെച്ച ഷായെ സി.ബി.ഐ അറസ്റ്റ് ചെയ്യുകയും കോടതി ജാമ്യത്തില്‍ വിടുകയുമായിരുന്നു.  

 

മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളാണ് അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ഷായുടെ മുന്നിലുള്ള ആദ്യ വെല്ലുവിളി.