നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഭൂമി അനധികൃതമായി തട്ടിയെടുത്തതായി ആരോപിക്കുന്ന കേസ് തനിക്കും മകന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ പുതിയ സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ വേട്ടയാടലാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചു. കേസില്‍ ആദായ നികുതി വകുപ്പ് പാര്‍ട്ടിയ്ക്ക് നോട്ടീസ് നല്‍കിയതായി അവര്‍ അറിയിച്ചു. ഇത്തരം വേട്ടയാടല്‍ തങ്ങളെ അധികാരത്തില്‍ പെട്ടെന്ന് തിരിച്ചെത്താന്‍ സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.
യങ്ങ് ഇന്ത്യന്‍സ് എന്ന സ്വകാര്യ കമ്പനി രൂപീകരിച്ച് അസോസിയേറ്റഡ് ജേണല്‍സ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ 1600 കോടി രൂപ വില വരുന്ന സ്വത്തുക്കള്‍ 50 ലക്ഷം രൂപയ്ക്ക് നെഹ്രു കുടുംബം കൈവശപ്പെടുത്തി എന്നാണ് പ്രധാന ആരോപണം. ഭൂമി ഇടപാടില്‍ ചതി, വിശ്വാസവഞ്ചന എന്നിവ ആരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയില്‍ സോണിയയ്ക്കും രാഹുലിനും ആഗസ്ത് ഏഴിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡല്‍ഹിയിലെ മജിസ്ട്രേറ്റ് കോടതി സമന്‍സ് അയച്ചിട്ടുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആദായ നികുതി അടക്കേണ്ടതില്ല. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ വാണിജ്യ ആവശ്യത്തിന് വായ്പ നല്‍കുന്നത് വിലക്കുന്ന ആദായനികുതി നിയമത്തിന് വിരുദ്ധമായി കോണ്‍ഗ്രസ് അസോസിയേറ്റഡ് ജേണല്‍സിന് 90 കോടി രൂപ ഈടില്ലാതെ വായ്പ നല്‍കിയതും സ്വാമി ആരോപണമായി ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്‍ നികുതി ഇളവ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനാണ് നോട്ടീസില്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വാതന്ത്ര്യ സമരകാലത്ത് ജവാഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ പത്ര ഉടമകള്‍ ചേര്‍ന്ന്‍ രൂപീകരിച്ചതാണ് അസോസിയേറ്റഡ് ജേണല്‍സ്. നെഹ്രു 1938-ല്‍ തുടങ്ങിയ നാഷണല്‍ ഹെറാള്‍ഡ് പത്രമുള്‍പ്പെടെയുള്ള ഈ സ്ഥാപനമാണ് നടത്തിയിരുന്നത്. നാഷണല്‍ ഹെറാള്‍ഡ് 2008 വരെ പ്രവര്‍ത്തിച്ചിരുന്നു.
2012-ല്‍ സ്വാമി ഈ ആരോപണം ആദ്യമായി ഉന്നയിച്ചപ്പോള്‍ വായ്പ നല്‍കിയത് സമ്മതിച്ച കോണ്‍ഗ്രസ് പലിശരഹിത വായ്പയാണ് നല്‍കിയതെന്നും ഇതില്‍ നിന്ന്‍ പാര്‍ട്ടിയ്ക്ക് വാണിജ്യ നേട്ടമൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് പ്രതികരിച്ചത്. നാഷണല്‍ ഹെറാള്‍ഡിനെ തിരികെ കൊണ്ടുവരുന്നതിനാണ് ഇത് ചെയ്തതെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിശദീകരണം.
രാഷ്ട്രീയ പ്രതികാരത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും എന്നാല്‍ നിയമം ലംഘിച്ചാല്‍ അതിന് അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവേദക്കര്‍ പ്രതികരിച്ചു.