മുല്ലപ്പെരിയാര്‍: ജലനിരപ്പ് ഉയര്‍ത്താനുള്ള നടപടികള്‍ തമിഴ് നാട് ആരംഭിച്ചു

Thu, 17-07-2014 05:01:00 PM ;
ഇടുക്കി

 

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തുന്ന നടപടി തമിഴ്‌ നാട് ആരംഭിച്ചു. സ്പില്‍വെ ഷട്ടറികള്‍ താഴ്ത്തുന്ന നടപടി തുടങ്ങി. മേല്‍നോട്ട സമിതിയുടെ തീരുമാനത്തിന് മുമ്പാണ് തമിഴ്‌ നാടിന്റെ നടപടി. മുല്ലപ്പെരിയാറില്‍ സ്പില്‍വേ ഷട്ടറുകള്‍ താഴ്ത്തി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ സുപ്രീം കോടതി രൂപീകരിച്ച സമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിച്ചിരുന്നു.

 

കേന്ദ്ര ജല കമ്മീഷന്‍ ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്‍ ചീഫ് എഞ്ചിനീയര്‍ എല്‍.എ.വി നാഥിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ സമിതിയാണ് സന്ദര്‍ശനം നടത്തിയത്. കേരളത്തിന്റെ പ്രതിനിധിയായി പി.ജെ കുര്യനാണ് മൂന്നംഗ സമിതിയിലുളളത്. 13 സ്പില്‍വേ ഷട്ടറുകളാണ് മുല്ലപ്പെരിയാറിലുള്ളത്. ഇതില്‍ ഒന്നൊ​ഴികെ എല്ലാം താഴ്ത്തിയിട്ടുണ്ട്. നിലവില്‍ മഴ കുറവായതിനാല്‍ 117 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. മഴ ശക്തമായാല്‍ ഈ സീസണില്‍ തന്നെ 142 അടിയാക്കി ഉയര്‍ത്താനാണ് തമിഴ് നാടിന്റെ നീക്കം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

Tags: