മുണ്ട് ഉടുത്തുവരുന്നവര്‍ക്ക് പ്രവേശനം തടയുന്നത് ശിക്ഷാര്‍ഹമാക്കുന്ന ബില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചു. ക്ലബ്ബുകളോ മറ്റ് സംഘടനകളോ നിയമം ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കാനും ബന്ധപ്പെട്ട അധികൃതര്‍ക്ക് ഒരു വര്‍ഷം വരെ തടവും 25,000 രൂപ വരെ പിഴയും ശിക്ഷ നല്‍കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. ഏത് ഇന്ത്യന്‍ പരമ്പരാഗത വസ്ത്രത്തിനും നിയമം ബാധകമായിരിക്കും.
ചെന്നയിലെ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ക്ലബ്ബില്‍ ഒരു ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയ മദ്രാസ് ഹൈക്കോടതി ജഡ്ജി ഡി. ഹരിപരന്തമനേയും രണ്ട് മുതിര്‍ന്ന അഭിഭാഷകരേയും മുണ്ടുടുത്ത് വന്നതിന്റെ പേരില്‍ ക്ലബ്ബില്‍ പ്രവേശിക്കുന്നതില്‍ നിന്ന്‍ തടഞ്ഞ നടപടി വിവാദമായിരുന്നു. തുടര്‍ന്ന്‍ ഇത്തരം നടപടികള്‍ ഒഴിവാക്കാന്‍ നിയമം കൊണ്ടുവരുമെന്ന് ജയലളിത വ്യക്തമാക്കിയിരുന്നു.
സംഭവത്തെ എല്ലാ പ്രതിപക്ഷ കക്ഷികളും അപലപിക്കുകയും നിയമം കൊണ്ടുവരാനുള്ള നീക്കത്തെ പിന്തുണക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ചട്ടങ്ങള്‍ പുന:പരിശോധിക്കുമെന്ന് ക്ലബ് അധികൃതരും അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എന്‍. ശ്രീനിവാസന്‍ ആണ് ക്ലബ്ബിന്റെ പ്രസിഡന്റ്.