കേന്ദ്ര ആഭ്യന്തര മന്ത്രിയായതിനെ തുടര്‍ന്ന്‍ രാജ്നാഥ് സിങ്ങ് മാറിയ ഒഴിവില്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി അമിത് ഷായെ തെരഞ്ഞെടുത്ത നടപടി ബി.ജെ.പി ദേശീയ കൗണ്‍സില്‍ ശനിയാഴ്ച അംഗീകരിച്ചു. വളരെ നാളുകളായി രാജ്യത്തെ രാഷ്ടീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രമാണ് മേല്‍ക്കൈ ചെലുത്തിയിരുന്നതെന്നും അതിന് പകരം ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര മുദ്ര പതിപ്പിക്കാന്‍ സമയമായിരിക്കുന്നുവെന്നും പാര്‍ട്ടി അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ ഷാ പറഞ്ഞു.
അടുത്ത് തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ശ്രദ്ധ കൊടുത്ത് പാര്‍ട്ടിയുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കാന്‍ ഷാ ആവശ്യപ്പെട്ടു. ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന, ഉത്തര്‍ പ്രദേശ്, ബീഹാര്‍, ഡല്‍ഹി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തുന്നത് ഉറപ്പ് വരുത്താന്‍ പ്രവര്‍ത്തകരോട് ഷാ ആഹ്വാനം ചെയ്തു. രാജ്യത്ത് പാര്‍ട്ടിയുടെ സാന്നിദ്ധ്യം വര്‍ധിപ്പിച്ചില്ലെങ്കില്‍ കേന്ദ്രത്തില്‍ അധികനാള്‍ അധികാരത്തില്‍ തുടരാനാകില്ലെന്നും ഷാ ഓര്‍മ്മിപ്പിച്ചു. കേന്ദ്രമന്ത്രിമാരോട് പ്രകടനപത്രിക നടപ്പാക്കുന്നത് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാനും ഷാ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഷായുടെ നേതൃത്വത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉത്തര്‍ പ്രദേശില്‍ 80-ല്‍ 73 സീറ്റും നേടിയ വിജയം കരസ്ഥമാക്കിയത്.
യു.പി.എ സര്‍ക്കാര്‍ എല്ലാ നിലയിലും പരാജയമായിരുന്നുവെന്ന്‍ ആരോപിച്ച ഷാ കഴിഞ്ഞ തെരഞ്ഞെടുപ്പ് വിധി കുടുംബാധിപത്യ രാഷ്ട്രീയത്തിന്റെ പരാജയമായിരുന്നുവെന്നും പ്രീണനത്തെയും വോട്ടുബാങ്ക് രാഷ്ട്രീയത്തേയും ജനങ്ങള്‍ നിരാകരിച്ചതായും പറഞ്ഞു.